Follow Us On

21

April

2025

Monday

ഓഗസ്റ്റ് 31: വിശുദ്ധ റെയ്മണ്ട് നൊന്നാറ്റൂസ്

ലാന്‍ഗ്യൂഡോക്ക് സ്വദേശിയായിരുന്ന വിശുദ്ധ പീറ്റര്‍ നൊളാസ്കോ, പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മൂറുകളുടെ തടവില്‍ കഴിയുന്ന ക്രിസ്തീയ തടവ് പുള്ളികളുടെ മോചനത്തിനായി മേഴ്സിഡാരിയന്‍സ് എന്ന് പേരായ ഒരു ആത്മീയ സഭ സ്ഥാപിച്ചു. തന്റെ സഭയിലേക്ക് അദ്ദേഹം ക്ഷണിച്ചവരില്‍ റെയ്മണ്ട് എന്ന് പേരായ ഒരു വ്യക്തിയും ഉണ്ടായിരുന്നു. റെയ്മണ്ട് ജനിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടതിനാല്‍ ശസ്ത്രക്രിയായിലൂടെ വയറ് കീറിയാണ് കുട്ടിയെ പുറത്തെടുത്തത്. അതിനാലാണ് അദ്ദേഹത്തിന് നൊന്നാറ്റൂസ് എന്ന ഇരട്ടപ്പേര് ലഭിച്ചത്. തടവ് പുള്ളികളുടെ മോചകന്‍ എന്ന നിലയില്‍ നിന്നും വിശുദ്ധ പീറ്റര്‍ നൊളാസ്കോ വിരമിച്ചപ്പോള്‍ റെയ്മണ്ട് നൊന്നാറ്റൂസ് ആയിരുന്നു അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തീര്‍ന്നത്. പിന്നീട് റെയ്മണ്ട് അള്‍ജിയേഴ്സിലേക്ക് പോവുകയും, നിരവധി ക്രിസ്ത്യാനികളുടെ മോചനം സാധ്യമാക്കുകയും ചെയ്തു.

എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം കൊണ്ടു പോയ ധനമെല്ലാം തീര്‍ന്നു. അദ്ദേഹത്തിന് സ്വയം രക്ഷപ്പെടാമായിരുന്നുവെങ്കിലും, നിരവധി പേരെ അടിമകളായി അവിടെ ഉപേക്ഷിക്കേണ്ടതായി വരുമെന്നതിനാല്‍ വിശുദ്ധന്‍ അവരുടെ മോചനത്തിന് തന്നെത്തന്നെ മൂറുകള്‍ക്ക് സമര്‍പ്പിച്ചു. ക്രൂരന്‍മാരായ മൂറുകളുടെ തടവറയില്‍ റെയ്മണ്ടിന്റെ ജീവന്‍ അപകടത്തിലായിരുന്നു. തങ്ങളില്‍ ചിലരെ വിശുദ്ധന്‍ മതപരിവര്‍ത്തനം ചെയ്തു എന്ന് ആരോപിച്ചു അള്‍ജിയേഴ്സിലെ മൂറുകള്‍ വിശുദ്ധനെതിരെ കോപാകുലരായി.തുടര്‍ന്ന്‍ അവിടത്തെ ഗവര്‍ണര്‍ വിശുദ്ധനെ ഒരു സ്തംഭത്തില്‍ ബന്ധിച്ച് കൊലപ്പെടുത്തുവാന്‍ നിശ്ചയിച്ചുവെങ്കിലും റെയ്മണ്ട് നൊന്നാറ്റൂസിനെപോലെയുള്ള ഒരു ക്രിസ്ത്യാനിക്ക് മാത്രം വളരെ വലിയ മോചനദ്രവ്യം ലഭിക്കും എന്ന വസ്തുത മനസ്സിലാക്കിയതിനാല്‍ വിശുദ്ധന്റെ ജീവന്‍ രക്ഷപ്പെട്ടു. എങ്കിലും, വിശുദ്ധനില്‍ നിന്നും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ ആഗ്രഹമുള്ളവരെ നിരുത്സാഹപ്പെടുത്തുക എന്ന ഭാഗികമായ ലക്ഷ്യത്തോടു കൂടി തെരുവുകളില്‍ വെച്ച് പരസ്യമായി റെയ്മണ്ടിനെ ചമ്മട്ടികൊണ്ടടിക്കുകയുണ്ടായി.എട്ട് മാസങ്ങളോളം നീണ്ട പീഡനങ്ങള്‍ക്ക് ശേഷം, പീറ്റര്‍ നൊളാസ്കോ തന്നെ വിശുദ്ധന്റെ മോചന ദ്രവ്യവുമായി എത്തിച്ചേര്‍ന്നു. അപ്പോഴും കൂടുതല്‍ പുരുഷന്‍മാരേയും, സ്ത്രീകളേയും ക്രിസ്തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുവാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ അവിടെ തന്നെ തുടരുവാന്‍ തന്നെയായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷേ വിശുദ്ധ പീറ്റര്‍ നൊളാസ്കോ അത് അനുവദിച്ചില്ല. വിശുദ്ധന്‍ തിരിച്ചു വന്നതിനു ശേഷം ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ വിശുദ്ധനെ കര്‍ദ്ദിനാളായി അഭിഷേകം ചെയ്തു. റെയ്മണ്ട് നൊന്നാറ്റൂസിനെ റോമില്‍ കൊണ്ടുവരുവാന്‍ പാപ്പാ താല്‍പ്പര്യപ്പെട്ടുവെങ്കിലും അവിടേക്കുള്ള യാത്രയില്‍ 1240-ല്‍ ബാഴ്സിലോണക്ക് സമീപമുള്ള കാര്‍ദോണ വരെ എത്തുവാനേ വിശുദ്ധ റെയ്മണ്ടിന് സാധിച്ചുള്ളു. അവിടെ വെച്ച് തന്റെ 36-മത്തെ വയസ്സില്‍ വിശുദ്ധന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?