Follow Us On

15

November

2024

Friday

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തിരുനാൾ: കാണാം 10 അമൂല്യചിത്രങ്ങൾ; വായിക്കാം 10 പേപ്പൽ കമന്റുകൾ

സ്വന്തം ലേഖകൻ

അസാധാരണ വിശുദ്ധൻ! വിശുദ്ധ ജോൺ പോൾ രണ്ടാമന് ലോകം നൽകിയിരിക്കുന്ന അസംഖ്യം വിശേഷണങ്ങളിലൊന്നാണിത്. അതിവേഗമായിരുന്നല്ലോ അദ്ദേഹത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനം- ഇഹലോകവാസം വെടിഞ്ഞതിന്റെ ഒൻപതാം വർഷത്തിൽ വിശുദ്ധാരാമത്തിലെത്തി. അസാധാരണമായ ആ അതിവേഗയാത്രതന്നെ ഈ വിശേഷണത്തിന് കാരണം.

സത്യത്തിൽ വിശുദ്ധപദവിയിലേക്കുള്ള യാത്രയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ
പൗരോഹിത്യ ജീവിതത്തിലും ഒരൽപ്പം അസാധാരാണത്വം കാണാനാകും. ഫുട്‌ബോൾ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, അവധിക്കാലത്ത് മഞ്ഞുമലയിൽ സ്‌കീയിംഗ് നടത്തിയിരുന്ന, കയാക്കിംഗ് ഇഷ്ടമായിരുന്ന പാപ്പമാർ വേറെയുണ്ടാകുമോ?

വിശുദ്ധ ജോൺപോൾ രണ്ടാമന്റെ തിരുനാൾ ദിനത്തിൽ, യുവത്വം തുളുമ്പുന്ന അദ്ദേഹത്തിന്റെ 10 ചിത്രങ്ങൾ കാണാം, അതോടൊപ്പം അന്നും ഇന്നും എന്നു പ്രസക്തമായ 10 പേപ്പൽ കമന്റുകളും വായിക്കാം.

* മാനുഷിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി മതസ്വാന്ത്ര്യമാണ്. നിയമത്താൽ ലഭ്യമായതും നിയമത്താൽത്തന്നെ സംരക്ഷിക്കപ്പെടുന്നതുമായ മതസ്വാതന്ത്ര്യം സമൂഹത്തെ നന്മയിലേക്ക് നയിക്കും.

* അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കപ്പെടുകയാണെങ്കിൽ ലോകസമാധാനം സാധ്യമാണ്. ജനങ്ങൾ ഭീകരതയിലേക്ക് ആകർഷിക്കുന്നിടത്തോളം സമാധാനം കൈയെത്തിപ്പിടിക്കാനാവാത്ത കനിയായി തുടരുകയും ചെയ്യും.

* മറ്റുള്ളവരെ സ്‌നേഹിച്ച് സന്തോഷവും ആത്മാർത്ഥതയും സമർപ്പണവും മുഖമുദ്രയാക്കി ശുശ്രൂഷയിലേർപ്പെടുന്ന വൈദികർക്ക് യുവതലമുറയെ വൈദിക ജീവിതത്തിലേക്ക് ആകർഷിക്കാൻ കഴിയും.

* ലോകത്ത് അരങ്ങേറുന്ന അക്രമങ്ങൾക്ക് പിന്നിൽ മതമാണെന്ന് സാധാരണ ജനം കരുതുന്നതിനാൽ ഭീകരതയെ ചെറുക്കാൻ മതങ്ങൾ ഒന്നിക്കേണ്ടതാണ്.

* മാരകായുധങ്ങളെ ധാർമികതയുടെ ആയുധങ്ങൾക്കൊണ്ട് ചെറുക്കുകയും യുദ്ധത്തിനിരയായവർക്ക് ആവശ്യമായ സഹായം നൽകുകയുമാണ് ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ദൗത്യം.

* മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ദൈവവുമായുള്ള ഐക്യത്തിലാണ് മരണത്തെ പുൽകിയതെങ്കിലും സ്വർഗീയ സന്തോഷം അനുഭവിക്കുന്നതിനാവശ്യമായ വിശുദ്ധീകരണ പ്രക്രിയയിലായിരിക്കും അവർ.

* സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുമ്പോൾ മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുക.

* കുരിശിൽ കിടക്കുന്ന യേശുവിന്റെ വിലാപം പ്രത്യാശയില്ലാത്തവന്റെ കരച്ചിലല്ല. എല്ലാവരുടെയും രക്ഷക്കുവേണ്ടി സ്‌നേഹത്തോടെ പിതാവിന് തന്നെത്തന്നെ സമർപ്പിക്കുന്ന പുത്രന്റെ പ്രാർത്ഥനയാണത്.

* ആത്മാവിലുള്ള ഒരു പുതുജീവിതത്തിന്റെ സൗന്ദര്യവും സുവിശേഷത്തിന്റെ ആകർഷണീയതയും പകർന്നു നൽകാൻ പ്രാപ്തരായ പ്രകാശകിരണങ്ങൾപോലെയുള്ള സ്ത്രീപുരുഷന്മാരെ നമ്മുടെ കാലഘട്ടത്തിന് വളരെയധികമായി ആവശ്യമുണ്ട്.

* കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ സഹായത്തോടെ സ്ത്രീപുരുഷന്മാരും യുവജനങ്ങളും മുതിർന്നവരുമായ നിരവധി ക്രിസ്ത്യാനികൾ തങ്ങളുടെ അനുദിന ജീവിതത്തിൽ ഒരു സജീവ യാഥാർത്ഥ്യമായി പന്തക്കുസ്തയെ വീണ്ടും കണ്ടെത്തിയിട്ടുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?