Follow Us On

11

January

2025

Saturday

നിറവും നോട്ടവും മുതൽ വീഴുന്ന ചെരുപ്പുവരെ! നിങ്ങൾക്കറിയാമോ അത്ഭുത ചിത്രത്തിലെ രഹസ്യങ്ങൾ?

വരയ്ക്കപ്പെട്ട സുവിശേഷമാണ് ഐക്കൺ. ഐക്കണിന്റെ ഭംഗിക്കല്ല, അതിൽ നിറഞ്ഞുനിൽക്കുന്ന ആഴമേറിയ അർത്ഥത്തിനാണ് പ്രാധാന്യം. നിത്യസഹായ മാതാവിന്റെ തിരുനാളിൽ (ജൂൺ 27) നിത്യസഹായിനിയുടെ ഐക്കൺ ചിത്രത്തിലെ അർത്ഥതലങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

നിത്യസഹായ മാതാവിന്റെ ചിത്രം ഒരു പുരാതന വർണചിത്രമാണ്. മാതാവിന്റെ ഈ ഐക്കൺ ആത്മീയതയും ആകർഷണീയതയും ശ്രേഷ്ഠയും കലാമേന്മയും നിറഞ്ഞതത്രേ. ഈ ചിത്രം നമ്മുടെ മനസിലുദ്ദീപിപ്പിക്കുന്ന ഉദാത്തമായ ആശയങ്ങളും ഗുണപാഠങ്ങളും അതിന്റെ മനോഹാരിതയും എല്ലാറ്റിനും ഉപരിയായി ആഴമേറിയ അത്മീയതയും വളരെ വലുതാണ്. വരയ്ക്കപ്പെട്ട സുവിശേഷമാണ് ഐക്കൺ. ഐക്കണിന്റെ ഭംഗിക്കല്ല, അതിൽ നിറഞ്ഞുനിൽക്കുന്ന ആഴമേറിയ അർത്ഥത്തിനാണ് പ്രാധാന്യം. നിത്യസഹായ മാതാവിന്റെ ഐക്കണിന്റെ അർത്ഥം എന്താണെന്ന് പരിശോധിക്കാം.

ഐക്കണിൽ കാണുന്ന വ്യക്തികൾ

മാതാവ്, ഉണ്ണീശോ, മിഖായേൽ മാലാഖ, ഗബ്രിയേൽ മാലാഖ എന്നിവരെ ഐക്കണിൽ കാണാം. ഐക്കണിൽ കാണുന്ന ഗ്രീക്ക് അക്ഷരങ്ങൾ ഇവരെ സൂചിപ്പിക്കുന്നു

ഗ്രീക്ക് അക്ഷരങ്ങൾ

ദൈവത്തിന്റെ അമ്മയെ സൂചിപ്പിക്കുന്ന ഗ്രീക്ക് അക്ഷരങ്ങൾ. മുഖ്യദൂതനായ മിഖായൽ മാലാഖയെ സൂചിപ്പിക്കുന്ന ഗ്രീക്ക് അക്ഷരങ്ങൾ. മുഖ്യദൂതനായ ഗബ്രിയേൽ മാലാഖയെ സൂചിപ്പിക്കുന്ന ഗ്രീക്ക് അക്ഷരങ്ങൾ. യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് അക്ഷരങ്ങൾ.

മാലാഖമാർ

കുരിശിൽ കിടന്ന യേശുവിന്റെ പാർശ്വം പിളർന്ന കുന്തവും ദാഹിച്ചപ്പോൾയേശുവിന് വിനാഗിരി നൽകിയ പഞ്ഞിയും പിടിച്ചു നിൽക്കുന്ന മുഖ്യദൂതനായ മിഖായേൽ മാലാഖ. യേശുവിന്റെ കുരിശുമരണത്തെ സൂചിപ്പിക്കുന്ന കുരിശും കുരിശിൽ തറക്കാൻ ഉപയോഗിച്ച ആണികളും വഹിച്ചു നിൽക്കുന്ന മുഖ്യദൂതനായ ഗബ്രിയേൽ മാലാഖ.

സ്വർണ പശ്ചാത്തലം

നിത്യസഹായ മാതാവിന്റെ ഐക്കണിന് സ്വർണ നിറത്തിലുള്ള പശ്ചാത്തലമാണുള്ളത്. കൂടാതെ മാതാവും ഉണ്ണീശോയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും സ്വർണനിറത്താൽ അലങ്കരിച്ചിരിക്കുന്നു. സ്വർണ പശ്ചാത്തലം സ്വർഗത്തെയാണ് സൂചിപ്പിക്കുക.

അതോടൊപ്പം മഹത്വത്തിന്റെയും നിത്യമായ സന്തോഷത്തിന്റെയും ഉത്ഥാനത്തിന്റെയും അടയാളം കൂടിയാണ് സ്വർണ പശ്ചാത്തലം. ഈ ഐക്കണിന്റെ മുമ്പിൽ വന്ന്പ്രാർത്ഥിക്കുന്ന ഓരോരുത്തർക്കും അതിനാൽ സ്വർഗീയാനുഭൂതിയാണ് ഉണ്ടാവുക.

സ്വർഗത്തിൽനിന്ന് വരുന്ന മാലാഖമാർ

സ്വർണ പശ്ചാത്തലത്തിൽ നിൽക്കുന്ന മൂഖ്യദൂതൻമാരായ മിഖായേൽ മാലാഖയും ഗബ്രിയേൽ മാലാഖയും സ്വർഗത്തിൽനിന്ന് വരുന്നതായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. വളരെ’ഭവ്യതയോടെ അവർ വഹിക്കുന്ന പീഡാനുഭവത്തിന്റെ ഉപകരണങ്ങൾ, രക്ഷയുടെ അടയാളങ്ങളാണ്- പാപത്തിന്റെയും മരണത്തിന്റെയുംമേൽ യേശു നേടിയ വിജയത്തിന്റെ അടയാളങ്ങൾ.

മാലാഖമാരുടെ സാന്നിധ്യം ദൈവികസാന്നിധ്യത്തെ സൂചിപ്പിക്കുന്നു. കുരിശിനെ ഗോവണിയായാണ് കണക്കാക്കുക. അതായത്, മനുഷാവതാരത്തിലുടെ ക്രിസ്തു ലോകത്തിലേക്ക് വരുകയും തന്റെ ദൗത്യപൂർത്തീകരണത്തിനുശേഷം സ്വർഗാരോഹണത്തിലൂടെ സ്വർഗത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

ഭയഭക്തിബഹുമാനത്തോടെ മാതാവിന്റെയും ഉണ്ണീശോയുടെയും അടുത്ത് നിൽക്കുന്ന മുഖ്യദൂതൻമാർ നാം ഓരോരുത്തരോടും ആവശ്യപ്പെടുന്നത്, ഇതേ മനോഭാവത്തോടെ മാതാവിന്റെയും ഉണ്ണീശോയുടെയും അടുത്ത് നിൽക്കാനും മരണത്തിൻമേൽ വിജയം നേടിയ കുരിശുവഴി സ്വർഗത്തിൽ പ്രവേശിക്കാനുമാണ്.

മാതാവിന്റെ ശിരസിൽ കാണുന്ന നക്ഷത്രം

അന്ധകാരം നിറഞ്ഞ ലോകത്തിലേക്ക് യഥാർത്ഥ പ്രകാശമായ യേശുവിനെ നൽകിയ മാതാവിനെയാണ്, മാതാവിന്റെ ശിരസിൽ കാണുന്ന നക്ഷത്രം സൂചിപ്പിക്കുന്നത്. മാതാവ് നാം ഓരോരുത്തരെയും സുരക്ഷിതമായി സ്വർഗത്തിൽ എത്തിക്കും എന്ന പ്രതീക്ഷയും ഇതിൽ അടങ്ങിയിരിക്കുന്നു.

പ്രധാന വ്യക്തി

ഈ ഐക്കണിന്റെ മുമ്പിൽ നിൽക്കുന്ന ഏതൊരു വ്യക്തിയുടെയും ശ്രദ്ധ പതിയുന്നത് മാതാവിലാണ്. മാതാവിന്റെ മുഖം ദൂ$ഖപൂരിതമാണ്. മനുഷ്യകുലത്തിനുവേണ്ടി പീഡകളേറ്റ ക്രൂശിതന്റെ അമ്മയായാണ് മാതാവിനെ അവതരിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ ദൃഷ്ടി പതിഞ്ഞിരിക്കുന്നത് തന്റെ പക്കൽ പ്രാർത്ഥിക്കാൻ വരുന്നവരിലാണ്. ഏത് പ്രതിസന്ധിയിലും മാതാവിന്റെ സംരക്ഷണത്തിലാണ് നാം എന്ന് ഇത് സൂചിപ്പിക്കുന്നു. മാതാവിന്റെ അധരം വളരെ ചെറുതാണ്. ഇത് മാതാവിന്റെ ധ്യാനാത്മകതയെ സൂചിപ്പിക്കുന്നു.

യേശുവിന്റെ ജീവിത കാലഘട്ടത്തിൽ കന്യകമാർ ധരിച്ചിരുന്നത് ചുവപ്പുവസ്ത്രമായിരുന്നു. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണ് ചുവപ്പ്. യേശുവിന്റെ ജീവിതത്തിലും പീഡാനുഭവത്തിലും മാതാവിനുള്ള പങ്കിനെ ഇത് സൂചിപ്പിക്കുന്നു. ‘നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും’ (ലൂക്ക 1:31) എന്ന് ഗബ്രിയേൽ ദൂതൻ അറിയിച്ചപ്പോൾ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുമായി മാതാവ് സഹകരിച്ചതിന്റെ അടയാളംകൂടിയാണ് ചുവപ്പ് വസ്ത്രം.

കടും നീല നിറം പാലസ്തീനയിൽ അമ്മമാർ ധരിച്ചിരുന്ന വസ്ത്രമാണ്. മാതാവിന്റെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ അടയാളമാണ് നീല. ഈ വിശ്വാസമാണ് ദൈവത്തിന്റെ അമ്മയാകാനുള്ള കൃപ മാതാവിന് നൽകിയത്. ആയതിനാൽ നീല മേലങ്കി, നമ്മെ എല്ലാവരെയും സംരക്ഷിക്കുന്ന അമ്മയാണ് മാതാവെന്നും സൂചിപ്പിക്കുന്നു.

ഉണ്ണീശോയുടെ വസ്ത്രം

പച്ച ദൈവത്തിൽനിന്ന് വരുന്ന പുതുജീവന്റെ അടയാളമാണ്. തവിട്ടുനിറം- സ്വയം ശൂന്യവൽകരിച്ചുകൊണ്ടുള്ള യേശുവിന്റെ മനുഷ്യാവതാരത്തെ സൂചിപ്പിക്കുന്നു. അരയിൽ കെട്ടിയിരിക്കുന്ന ചുവപ്പു കച്ച, സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും (രക്തസാക്ഷിത്വം) അടയാളമാണ്. യേശുക്രിസ്തു ഒരേസമയം മനുഷ്യനും ദൈവവും ആയിരുന്നു എന്നതാണ് മൂന്നു വർണങ്ങളും നിറഞ്ഞ യേശുവിന്റെ വസ്ത്രങ്ങൾ സൂചിപ്പിക്കുന്നത്.

കാലിൽനിന്ന് വീഴുന്ന ചെരുപ്പ്

മനുഷ്യപ്രകൃതിയെയാണ് കാലിൽനിന്ന് വീഴുന്ന ചെരുപ്പ് സൂചിപ്പിക്കുന്നത്. നഗ്‌നമായ പാദം മനുഷ്യത്വത്തിന്റെ അടയാളമാണ്.

ഉണ്ണീശോയുടെ നോട്ടം

ഇടത്തുവശത്തേക്ക് തിരിഞ്ഞിരിക്കുന്ന ഉണ്ണീശോയുടെ ദൃഷ്ടി പതിഞ്ഞിരിക്കുന്നത് സ്വർണപശ്ചാത്തലത്തിലേക്കാണ്. രക്ഷാകരദൗത്യം തന്നെ ഏൽപ്പിച്ച പിതാവുമായുള്ള ഉണ്ണീശോയ്ക്കുള്ള ഗാഢമായ ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്.

മാതാവിന്റെ കരങ്ങളിൽ ഇരിക്കുന്ന ഉണ്ണീശോ

മാതാവിന്റെ ഇടതുകരത്തിൽ ഉണ്ണീശോ ഇരിക്കുന്നത്, തന്നിൽ ആശ്രയിക്കുന്നവരെ മാതാവ് കാത്തുപാലിക്കും എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

മാതാവിന്റെ വലത്തുകരം

മാതാവിനോട് ചേർന്നിരിക്കുന്ന ഉണ്ണീശോയുടെ കരങ്ങൾ മാതാവിന്റെ വലത്തുകരത്തിലാണ് ഇരിക്കുന്നത്. യേശുവിന്റെ രക്ഷാകര ദൗത്യത്തിൽ മാതാവിനുള്ള പങ്കാളിത്തമാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രധാന സന്ദേശം

ഉണ്ണീശോയെ ചൂണ്ടികാണിക്കുംവിധത്തിലുള്ള മാതാവിന്റെ വലത്തുകരവും ഉണ്ണീശോയുടെ കരങ്ങളും ചിത്രത്തിന്റെ മധ്യഭാഗത്താണുള്ളത്. പിതാവിൽനിന്ന് രക്ഷാകരദൗത്യം സ്വീകരിച്ച യേശു മനുഷ്യാവതാരത്തിലൂടെ ഈ ലോകത്തിലേക്ക് വരികയും കുരിശുമരണത്തിലൂടെ രക്ഷാകരദൗത്യം പൂർത്തീകരിക്കുകയും ചെയ്തു എന്നത് സൂചിപ്പിക്കുകയാണ് ഈ ഐക്കണിന്റെ പ്രധാന സന്ദേശം.

തന്റെ മുമ്പിൽ പ്രാർത്ഥിക്കാൻ വരുന്ന ഓരോരുത്തർക്കും ക്രിസ്തുവിനെ പിതാവിലേക്കുള്ള വഴിയായി മാതാവ് കാണിച്ചു കൊടുക്കുന്നു എന്നും സൂചിപ്പിക്കുന്നു. കന്യാമാതാവിനോടുള്ള ഭക്തിയിൽ ജീവിക്കുന്ന എല്ലാവർക്കും മാതാവിലൂടെ സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കും എന്നാണ് നിത്യസഹായമാതാവിന്റെ ഐക്കൺ നമ്മെ ഓർമിപ്പിക്കുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?