Follow Us On

21

December

2024

Saturday

കാർലോ അക്യുറ്റിസ്: ദിവ്യകാരുണ്യത്തെ പ്രണയിച്ച കൗമാരക്കാരൻ!

വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിന് (ഒക്ടോബർ 12) ഒരുങ്ങുമ്പോൾ അടുത്തറിയാം മുതിർന്നവരെയും കുഞ്ഞുങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ആ കുഞ്ഞുവിശുദ്ധന്റെ ജീവിതം.

ബ്രദർ എഫ്രേം കുന്നപ്പള്ളി/ ബ്രദർ ജോൺ കണയങ്കൽ

ഇഹലോകവാസം വെടിഞ്ഞതിന്റെ 14-ാം വർഷം കാർലോ അക്യുറ്റിസ് അൾത്താര വണക്കത്തിന് അർഹമായ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നു. അത്ഭുതമാണിത് (ആധുനിക സഭയുടെ ചരിത്രത്തിൽ, കാർലോയേക്കാൾ വേഗത്തിൽ വാഴ്ത്തപ്പെട്ട ഗണത്തിൽ ഉൾപ്പെട്ടത് കൊൽക്കത്തയിലെ വിശുദ്ധ തെരേസയും വിശുദ്ധ ജോൺപോൾ രണ്ടാമനുംമാത്രം) എന്നാൽ, അതിനേക്കാൾ അത്ഭുതമാണ് 15 വയസുവരെ മാത്രം നീണ്ട കാർലോ അക്യുറ്റിസിന്റെ ജീവിതനാൾവഴികൾ.

ആ അത്ഭുതത്തിന്റെ വ്യാപ്തി മുതിർന്നവർക്കും കുട്ടികൾക്കും എളുപ്പം മനസിലാക്കാൻ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം: മാതാപിതാക്കളുടെ നിർദേശത്തിനോ നിർബന്ധത്തിനോ വഴങ്ങാതെ ദൈവാലയത്തിലെത്തിയ എത്ര കുട്ടികളുണ്ടാകും. എന്നാൽ, സ്വന്തം മാതാപിതാക്കളെ വിശ്വാസജീവിതത്തിലേക്ക് നയിച്ചത് കാർലോ അക്യുറ്റിസ് എന്ന കൗമാരപ്രായക്കാരനാണ്. അക്കാര്യം കാർലോയുടെ അമ്മയായ സൽസാനതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ആരാണ് കാർലോ അക്യുറ്റിസ്? 15 വയസുവരെ ഭൂമിയിൽ ജീവിച്ച ഒരു ബാലൻ വിശുദ്ധാരാമത്തിന്റെ തൊട്ടടുത്തെത്തി എന്ന വാർത്ത അറിഞ്ഞവരിൽ പലരുടെയും ചിന്തയിലെത്തിയ ചോദ്യമാണിത്. വീഡിയോ ഗെയിമിൽ സമയം ചെലവിട്ടവൻ, കളിക്കളത്തിൽ ഫുട്‌ബോളിന് പിന്നാലെ ഓടിയവൻ, കംപ്യൂട്ടർ പ്രോഗാമിംങും വെബ് സൈറ്റ് ഡിസൈനിംങും ഹോബിയാക്കിയവൻ, യാത്രകൾ ഏറെ ഇഷ്ടപ്പെട്ടവൻ…

ഇങ്ങനെ നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടാമെങ്കിലും ഒറ്റ വാക്യത്തിൽ ഇപ്രകാരം വിശേഷിപ്പിക്കാം- ദിവ്യകാരുണ്യനാഥനെ ജീവനെക്കാളുപരി സ്‌നേഹിച്ച, ദൈവം നൽകിയ കഴിവുകളെ ദൈവമഹത്വത്തിനായി മാത്രം വിനിയോഗിച്ച, ദൈവം നൽകിയ സഹനങ്ങളൊക്കെയും സഭയ്ക്കുവേണ്ടിയും പാപ്പയ്ക്കുവേണ്ടിയും സമർപ്പിച്ച കുഞ്ഞുവിശുദ്ധൻ! പരിശുദ്ധ കുർബാനയോടുള്ള അതിരറ്റ ആരാധനയും ദൈവമാതാവിനോടുള്ള വണക്കവുമായിരുന്നു കാർലോയുടെ ജീവിതത്തിന്റെ നെടുംതൂണുകൾ.

സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ വെബ് സൈറ്റ് അതിന് തെളിവാണ്. ആധുനിക വിവര സാങ്കേതിക വിദ്യകളെ ദൈവത്തിന്റെ മഹത്വത്തിനായി വിനിയോഗിച്ച ബാലൻ, ലുക്കീമിയ രോഗത്തിന്റെ സഹനങ്ങളെ സഭയ്ക്കും പാപ്പയ്ക്കുംവേണ്ടി സന്തോഷത്തോടെ സ്വീകരിച്ച കൗമാരക്കാരൻ വേറെയുണ്ടാവുമോ? കാർലോയെകുറിച്ച് അറിയുമ്പോൾ കുരുന്നുകളെയും മുതിർന്നവരുടെയും മനസിൽ ‘അത്ഭുത ബാലൻ’ എന്ന ചിന്ത ജനിക്കാനുള്ള പ്രധാന കാരണങ്ങളും ഇതാവും.

ദിവ്യകാരുണ്യം- സ്വർഗത്തിലേക്കുള്ള ഹൈവേ!

അൻഡ്രേയ അക്യുറ്റിസ്- അന്റോണിയാ സൽസാനോ ദമ്പതികളുടെ മകനായി 1991 മേയ് മൂന്നിന് ലണ്ടനിലാണ് കാർലോ അക്യുറ്റിസ് ജനിച്ചത്. ലണ്ടനിലും ജർമനിയിലുമായി ജോലി ചെയ്തിരുന്ന ഇവർ, കാർലോയുടെ ജനനത്തിനുശേഷം മിലാനിൽ സ്ഥിരതാമസമാക്കുകയായിരുന്നു. കുട്ടിക്കാലം മുതൽ പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടിപ്പിച്ചിരുന്ന കാർലോ ആറാമത്തെ വയസിലാണ് ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന ആഗ്രഹം മാതാപിതാക്കളെ അറിയിക്കുന്നത്. കത്തോലിക്കരാണെങ്കിലും വിശ്വാസജീവിതത്തിന് വലിയ പ്രാധാന്യമൊന്നും കൽപ്പിക്കാത്തവരായിരുന്നു മാതാപിതാക്കൾ.

എങ്കിലും മകന്റെ ആഗ്രഹം സഫലമാക്കാൻ ഇടവക വികാരി ഫാ. ആൽഡോ ലോക്കറ്റെല്ലിയെ സമീപിച്ചു. ആറ് വയസ് എന്നത് കുർബാന സ്വീകരണത്തിന് സാധാരണ ഗതിയിൽ അനുവദനീയമല്ലാത്തതിനാൽ അദ്ദേഹം രൂപതാധികാരികളോട് അനുവാദം തേടി. കുട്ടിയുടെ ആത്മീയ പക്വതയും ക്രിസ്തീയ രൂപീകരണവും ഉറപ്പാക്കിയശേഷം അനുമതി നൽകിയതിലൂടെ ഏഴാം വയസിൽ കാർലോ ദിവ്യകാരുണ്യനാഥനെ ആദ്യമായി രുചിച്ചറിഞ്ഞു. 1998 ജൂൺ 16 ആയിരുന്നു ആ സുദിനം. അന്നു മുതൽ, പരിശുദ്ധ കുർബാനയോടുള്ള വലിയ സ്‌നേഹം കാർലോയിൽ വളർന്നു.

അനുദിനം പരിശുദ്ധ കുർബാന സ്വീകരിച്ച കാർലോ ദിവ്യബലിക്കുമുമ്പോ ശേഷമോ അര മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുന്നതും ശീലമാക്കി. പ്രാർത്ഥനയുടെ ഈ നിമിഷങ്ങളിൽ, യേശുവിന്റെ മുമ്പാകെ നിൽക്കുന്നതിലൂടെ ഒരു വിശുദ്ധനാകുമെന്ന് അവനു ബോധ്യമായി. പരിശുദ്ധ കുർബാനയെ ‘സ്വർഗത്തിലേക്കുള്ള എന്റെ ഹൈവേ’ എന്നാണ് കാർലോ വിശേഷിപ്പിച്ചത്. ആഴ്ചയിലൊരിക്കൽ കുമ്പസാരിക്കുന്നത് പതിവാക്കിയ കാർലോ ഇടവകയുടെ പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായി.

അസീസിയിലായിരുന്നു അവന്റെ സ്‌കൂൾ വിദ്യാഭ്യാസം. ഈശോയോടുണ്ടായിരുന്ന സ്‌നേഹവും ഭക്തിയും കാർലോയെ സമപ്രായക്കാരിൽനിന്ന് വ്യത്യസ്തനാക്കി മാറ്റിയിരുന്നു. വിവാഹബന്ധം വേർപെടുത്തിയവരുടെ മക്കളായ സഹപാ~ികളെ പ്രത്യേകം കരുതിയ കാർലോ അവരെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നതും അവർക്കൊപ്പം സമയം ചെലവിടുന്നതും പതിവായിരുന്നു. അതുപോലെ, ഭിന്നശേഷിക്കാരായ കുട്ടികളുമായി സൗഹൃദം ഉണ്ടാക്കുന്നതിലും അവരെ കളിയാക്കുന്നവരെ സ്‌നേഹത്തോടെ തിരുത്തുന്നതിലും കാർലോ ശ്രദ്ധവെച്ചു.

വീഡിയോ ഗെയിം കളിച്ച് അൾത്താരയിലേക്ക്!

കളിക്കളത്തിൽ ഫുട്‌ബോൾ കളിക്കാൻ ഇഷ്ടപ്പെട്ട കാർലോയ്ക്ക് വീഡിയോ ഗെയിമുകളോട് പ്രത്യേക കമ്പം തന്നെയുണ്ടായിരുന്നു. എങ്കിലും ആത്മീയമായ അച്ചടക്കം ഉറപ്പാക്കാൻ നിശ്ചയിക്കപ്പെട്ട സമയത്തിനപ്പുറത്തേക്ക് വീഡിയോ ഗെയിം നീളാതിരിക്കാനും അവൻ ശ്രദ്ധിച്ചു. കംപ്യൂട്ടർ പ്രോഗ്രാമിനോട് കൂടുതൽ താൽപ്പര്യം വളർന്നതും ഇക്കാലത്താണ്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ അതിവേഗം പ്രതിഭാശാലിയായി മാറിയ അവൻ, ആ കഴിവും ദൈവത്തിന്റെ മഹത്വത്തിനുവേണ്ടി വിനിയോഗിക്കാനാണ് ആഗ്രഹിച്ചത്.

11-ാം വയസിൽ വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവൻ കംപ്യൂട്ടറിൽ ശേഖരിക്കാൻ തുടങ്ങി. അതിനായി ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോകണമെന്ന് കാർലോ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രണ്ടര വർഷത്തെ പ്രയത്‌നത്തിലൂടെ, പല നൂറ്റാണ്ടുകളിലായി വിവിധ രാജ്യങ്ങളിൽ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 142 ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അക്യുറ്റിസ് ഒരു വെബ്‌സൈറ്റും തയാറാക്കി. അഞ്ചു ഭൂഖണ്ഡങ്ങളിൽ വെർച്വൽ ലൈബ്രറിയുടെ പ്രദർശനവും നടത്തി.

കൂടാതെ, കത്തോലിക്കാ സഭ അംഗീകരിച്ച മരിയൻ പ്രത്യക്ഷീകരണങ്ങളെയും മരിയൻ തീർത്ഥാടന കേന്ദ്രങ്ങളെയും കാർലോ തന്റെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തി. ഇവയ്ക്കുപുറമേ സ്വർഗം, നരകം, ശുദ്ധീകരണ സ്ഥലം എന്നിവയെ കുറിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങളും മാലാഖമാരുടെ പ്രത്യക്ഷീകരണം, പിശാചിന്റെ പ്രലോഭനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരണങ്ങളും വെബ്‌സൈറ്റിൽ കൂട്ടിച്ചേർത്തു.

ലുക്കീമിയ സ്ഥിരീകരിക്കുകയും അതിന്റെ ക്ലേശദിനങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുമ്പോഴായിരുന്നു വിവരശേഖരണത്തിനായുള്ള യാത്രകൾ. എങ്കിലും ദുഃഖത്തിന്റെ ലാഞ്ചനപോലും കാർലോ പ്രകടിപ്പിച്ചില്ല. തന്റെ സഹനങ്ങൾ ക്രിസ്തുവിനെപ്രതി സഭയ്ക്കുവേണ്ടിയും പാപ്പയ്ക്കുവേണ്ടിയും സമർപ്പിക്കുന്നുവെന്നാണ് കാർലോ പറഞ്ഞത്. ദൈവത്തിനിഷ്ടമില്ലാത്ത കാര്യത്തിനായി ഒരു മിനിറ്റുപോലും നഷ്ടപ്പെടുത്താതെ ജീവിച്ചതിനാൽ തനിക്കു മരിക്കാൻ മടിയില്ലെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട് കാർലോ.

2006ഒക്ടോബർ 12ന് കാർലോ ഈ ലോകത്തിൽനിന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ, താൻ ദിവ്യകാരുണ്യ സന്നിധിയിൽ ചെലവിട്ട അസീസിയിൽതന്നെ അന്ത്യവിശ്രമം ഒരുക്കി. ലൊമ്പാർഡ് എപ്പിസ്‌കോപ്പൽ കോൺഫെറൻസ് 2013ലാണ് നാമകരണ നടപടികൾ ആരംഭിച്ചത്. ഉത്തമ ക്രൈസ്തവനുചേർന്ന വിരോചിത ജീവിതം നയിച്ചു എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് 2018ൽ ഫ്രാൻസിസ് പാപ്പ ധന്യരുടെ നിരയിൽ ഉൾപ്പെടുത്തി.

ബ്രസിലീലെ മാത്യൂസ് വിയന്ന എന്ന രണ്ടു വയസുകാരന് കാർലോയുടെ മാധ്യസ്ഥത്താൽ ലഭിച്ച അത്ഭുത സൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിക്ക് വഴിയൊരുക്കിയത്. വിശുദ്ധാരാമത്തിലേക്കുള്ള യാത്രയിൽ ഇനി ഒരു അത്ഭുതസൗഖ്യത്തിന്റെ ദൂരം മാത്രം. അത് എത്രയും പെട്ടെന്ന് സാധ്യമാകട്ടെയെന്ന പ്രാർത്ഥനയിലാണ് വിശ്വാസീസമൂഹം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?