Follow Us On

23

December

2024

Monday

ദൈവമാതാവ് സന്ദർശിച്ച ദേശങ്ങളിലേക്ക് നമുക്കും പോയാലോ?

ദൈവമാതാവിന്റെ ദർശന സൗഭാഗ്യംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട നിരവധി ദേശങ്ങളുണ്ട് ഈ ഭൂലോകത്തിൽ. അതിൽനിന്ന് തിരഞ്ഞെടുത്ത ഒൻപത്‌ മരിയൻ ദർശനങ്ങളെക്കുറിച്ച് അടുത്തറിയാം, ഈ ജപമാല മാസത്തിൽ.

സ്വന്തം ലേഖകൻ

പോർച്ചുഗലിലെ ഫാത്തിമയിൽ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതും അതിലൂടെ അമ്മ നൽകിയ സന്ദേശങ്ങളും സുപരിചമാണിന്ന്. എന്നാൽ, ഫാത്തിമയിലെ മൂന്ന് ഇടയക്കുട്ടികളെപ്പോലെ പരിശുദ്ധ അമ്മയെ നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ച ഒട്ടനവധി വ്യക്തികളുണ്ട്. അതുപോലെ, അമ്മയുടെ ദർശന സൗഭാഗ്യംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട പല പ്രദേശങ്ങളുമുണ്ട്! അതിൽനിന്ന് തിരഞ്ഞെടുത്ത എട്ട്‌ മരിയൻ ദർശനങ്ങൾ അടുത്തറിയാം, ഈ ജപമാല മാസത്തിൽ.

പ്രോവില്ലെ, ഫ്രാൻസ് (എ.ഡി 1206)

ബാല്യകാലംമുതൽതന്നെ മരിയഭക്തനായി ജീവിച്ച വിശുദ്ധ ഡൊമിനിക് 25-ാം വയസിൽ വൈദികനായി. അക്കാലത്ത് ശക്തിയാർജിച്ച ‘ആൽബിജൻസിയൻ’ പാഷാണ്ഡതയ്ക്ക് എതിരെ പോരാടി ആ അബദ്ധവിശ്വാസത്തിൽ ജീവിച്ചിരുന്നവരെ മാനസാന്തരപ്പെടുത്തിയത് ഈ വൈദികനായിരുന്നു. വിവാഹജീവിതം പാപമാണെന്ന ചിന്താഗതി വച്ചുപുലർത്തുകയും പഠിപ്പിക്കുകയും ചെയ്തവരായിരുന്നു ആൽബിജെൻസിയൻ പാഷാണ്ഡതയുടെ വക്താക്കൾ.

പരിശുദ്ധ കന്യകാമറിയം വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷയായി ജപമാല രഹസ്യങ്ങൾ നൽകി പഠിപ്പിച്ചു. ഒരു ചരടിൽ അഞ്ച് വലിയ കെട്ടുകളും 50 ചെറിയ കെട്ടുകളുമായി ഇന്നു നാം കാണുന്ന ജപമാലയുടെ ആദ്യരൂപം ഉണ്ടാക്കി പരിശുദ്ധ അമ്മ ഏൽപ്പിച്ചത് ഈ വൈദികനെയാണ്. കൂടാതെ, ഇടവകജനത്തെ സംഘടിപ്പിച്ച് സമൂഹമായി ഈ പ്രാർത്ഥന ചൊല്ലാൻ നിർദേശിച്ചതും അമ്മതന്നെ.

കെന്റ്, ബ്രിട്ടൺ (എ.ഡി 1248)

കർമലീത്താസഭയുടെ സുപ്പീരിയറായിരുന്ന സൈമൺ സ്റ്റോക്ക് വലിയ മരിയഭക്തനായിരുന്നു. സഭയിൽ മാതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ച വിശുദ്ധനുമായിരുന്നു അദ്ദേഹം. 1248ൽ മാതാവ് അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ അമ്മയുടെ സംരക്ഷണം ലഭിക്കാൻ ഒരു പ്രത്യേക വസ്ത്രം ധരിക്കാൻ ആഹ്വാനം ചെയ്തു. കർമലീത്ത സന്യാസികളുടെ ‘ഉത്തരീയം’- സ്‌കാപ്പുലർ- ഇങ്ങനെയാണുണ്ടായത്. അതിന്റെ ചെറിയ പതിപ്പാണ് വിശ്വാസികൾ ഇന്ന് ഉപയോഗിക്കുന്ന ബന്തിങ്ങ- കഴുത്തിൽ ധരിക്കാവുന്ന ഉത്തരീയം.

ഗ്വാഡലൂപ്പെ, മെക്‌സിക്കോ (എ.ഡി 1531)

മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെയിൽ 1531ലാണ് ജോൺ ഡിയാഗോയ്ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടത്. ഒരു മലമുകളിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ മാതാവ് ‘ദൈവമാതാവായ കന്യകാമറിയമാണ് ഞാൻ’ എന്ന് വെളിപ്പെടുത്തി. ആ സ്ഥലത്ത് ദൈവാലയം നിർമിക്കണമെന്നും അത് എല്ലാ ജനങ്ങൾക്കും അനുഗ്രഹദായകമാകുമെന്നും അറിയിച്ചു.

സ്ഥലത്തെ ബിഷപ്പിനെ വിവരം അറിയിച്ചെങ്കിലും അദ്ദേഹം അതു വിശ്വസിച്ചില്ല. അപ്പോൾ ഒരു അടയാളം നൽകാൻ മാതാവ് വീണ്ടുമെത്തി. ഒരു സുഗന്ധപൂരിതമായ റോസാപുഷ്പം കൊടുത്തു. കൂടാതെ ഡിയാഗോയുടെ മേൽവസ്ത്രത്തിൽ മാതാവിന്റെ ഒരു ചിത്രവും പതിപ്പിച്ചുനൽകി. 500 വർഷം പിന്നിട്ടിട്ടും ഈ ചിത്രം ഇന്നും കേടുകൂടാതെയിരിക്കുന്നു ‘ഗ്വാഡലൂപ്പെ’ തീർത്ഥാടനകേന്ദ്രത്തിൽ.

ഹ്യൂ ഡ്യു ബാക്, പാരീസ് (എ.ഡി 1830)

ഫ്രാൻസിലെ ‘ഡിജോൺ’ പട്ടണത്തിന് സമീപം അഗതികളുടെ സന്യാസസഭാംഗമായ കാതറിൻ ലബോറയ്ക്ക് മാതാവ് പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. നവംബർ 27ന് ശനിയാഴ്ച ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കാതറിന് മുന്നിൽ മാതാവ് ശുഭ്രവസ്ത്രധാരിയായി ദർശനം നൽകി.

ശിരസിൽ കിരീടംപോലെ 12 നക്ഷത്രങ്ങളും തിളങ്ങി കാണപ്പെട്ടു. അമ്മയുടെ പാദപീഠമാകട്ടെ ഭൂഗോളവുമായിരുന്നു. താഴേക്ക് വിടർത്തിയ കൈകളിൽനിന്ന് പ്രകാശധാര ഗോളത്തിൽ പതിക്കുന്നുണ്ടായിരുന്നു. ‘ജന്മപാപമില്ലാതെ ഉത്ഭവിച്ച മറിയമേ, നിന്നെ ആശ്രയിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ’ എന്ന ലിഖിതവും കാണാറായി.

കാതറിനോട് പരിശുദ്ധ അമ്മ പറഞ്ഞു: ‘ഇതുപോലൊരു മെഡൽ ഉണ്ടാക്കി ലോകത്തിന് നൽകണം. ഇതു കഴുത്തിൽ ധരിക്കുന്നവർക്ക് ധാരാളം അനുഗ്രഹം ഞാൻ നേടിക്കൊടുക്കും.’ അത്ഭുതകാശുരൂപമെന്നറിയപ്പെട്ട ഇതിൽ ഒരുവശത്ത് ‘എം’ എന്ന അക്ഷരവും കുരിശുരൂപവും മുൾമുടി ചൂടിയ ഒരു ഹൃദയവും വാൾകൊണ്ട് തുളയ്ക്കപ്പെട്ട മറ്റൊരു ഹൃദയവും ഉണ്ടായിരുന്നു. ഈ മെഡൽമൂലം അനേകം അത്ഭുതങ്ങൾ ഉണ്ടായി. ‘അത്ഭുതമെഡൽ’ എന്നുതന്നെയാണ് ഇന്നും ഇത് അറിയപ്പെടുന്നത്.

ലാസലെറ്റ്, ഫ്രാൻസ് (എ.ഡി 1846)

ആൽഫ്‌സ് പർവതനിരയുടെ പ്രാന്തപ്രദേശത്തുള്ള ചെറിയ ഇടവകയാണ് ലാസലെറ്റ്. ഫ്രഞ്ചുവിപ്ലവം കൊടുമ്പിരി കൊള്ളുന്ന കാലം. നെപ്പോളിയന്റെ ഭരണത്തിൻകീഴിൽ വൈദികർ പീഡിപ്പിക്കപ്പെട്ടു. മതപീഡനം, സഭാനിയമങ്ങൾ ലംഘിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ കണ്ണീരോടുകൂടി മാതാവ് പ്രത്യക്ഷപ്പെട്ടു രണ്ട് ഇടയബാലന്മാർക്ക്!

14 വയസുള്ള മലെനിക്കും 11 വയസുള്ള മാക്‌സിമിനും. പാപത്തിൽനിന്നും പിന്തിരിഞ്ഞില്ലെങ്കിൽ വരാൻപോകുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് മാതാവ് ഈ ബാലകരിലൂടെ ലോകത്തിന് നൽകിയത്.ഇടവകവികാരിയോ ഗ്രാമത്തലവനോ ആരുംതന്നെ അതു വിശ്വസിച്ചില്ല.

എന്നാൽ കുട്ടികൾ പറഞ്ഞതനുസരിച്ച് അവരെ അനുഗമിച്ചവർ അത്ഭുതത്തിന് സാക്ഷിയായി. പിന്നീട് ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ, ബൽജിയം, ജർമനി എന്നീ രാജ്യങ്ങളിൽനിന്ന് ലാസലെറ്റിലേക്ക് ജനപ്രവാഹമായിരുന്നു. ഫ്രാൻസ് മുഴുവനും ഒരു ആത്മീയ ഉണർവുകൊണ്ട് നിറയുകയും ചെയ്തു.

ലൂർദ്, ഫ്രാൻസ് (എ.ഡി 1858)

വിറകു ശേഖരിച്ചു നടന്ന മൂന്നു കുട്ടികളിൽ ബർണാഡീറ്റയ്ക്ക് മാസാബിയേയിലെ ഒരു പാറക്കെട്ടിലാണ് പരിശുദ്ധ അമ്മ ആദ്യദർശനം നൽകിയത്. പിന്നീട് പല പ്രാവശ്യം മാതാവ് വരികയും പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാൻ അവളോട് നിർദേശിക്കുകയും ചെയ്തു. ലൂർദിലെ വൈദികനോട് അവിടെയൊരു ദൈവാലയം നിർമിക്കാൻ ആവശ്യപ്പെടാനും നിർദേശിച്ചു.

പാറക്കെട്ടിനുള്ളിൽ അമ്മയുടെ ആവശ്യപ്രകാരം അവൾ ഒരു കുഴിയുണ്ടാക്കിയപ്പോൾ ശുദ്ധജലത്തിന്റെ ഉറവ പൊട്ടിപ്പുറപ്പെട്ടു. അന്ന് തുടങ്ങിയ ജലപ്രവാഹം ഇന്നും നിലച്ചിട്ടില്ല. ആ ജലംമൂലം ധാരാളം അത്ഭുതങ്ങൾ സംഭവിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയൊരു മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഇന്നിവിടം.

ഫാത്തിമ, പോർച്ചുഗൽ (എ.ഡി 1917)

ഫാത്തിമയിലെ മൂന്ന് ഇടയക്കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട ദൈവമാതാവ്, എന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നും ക്ലേശങ്ങളെ പാപപരിഹാരത്തിനായി സഹിക്കണമെന്നും പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമെന്നുമുള്ള സന്ദേശമാണ് നൽകിയത്.

ലൂസി, ജസീന്ത, ഫ്രാൻസിസ് എന്നീ മൂന്നു കുട്ടികൾക്കാണ് മാതാവ് സന്ദേശം നൽകിയത്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ 13ാം തിയതി ദർശനമുണ്ടായി. ജപമാലയുടെ ഓരോ രഹസ്യത്തിനുശേഷവും ‘എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷണിക്കണമേ…’ എന്ന പ്രാർത്ഥന ചൊല്ലാൻ ഓർമിപ്പിച്ചത് ജൂൺ 13നായിരുന്നു.

കൂടാതെ ഒക്‌ടോബർ 13ന് അവിടെ തടിച്ചുകൂടിയ എഴുപതിനായിരം പേർ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായി. സൂര്യന്റെ വലിയ തേജസും പ്രത്യേക ചലനവും പൊട്ടിച്ചിതറുന്നതുപോലുള്ള അനുഭവവും കോരിച്ചൊരിഞ്ഞിരുന്ന മഴ പെട്ടെന്ന് നിന്നതുമെല്ലാം കണ്ട് ജനം വാവിട്ട് കരഞ്ഞു.

‘ദൈവമേ രക്ഷിക്കണേ,’ എന്ന ആർത്തനാദംകൊണ്ട് അവിടം മുഖരിതമായി. അഞ്ചു മിനിട്ട് കഴിഞ്ഞ് സൂര്യൻ ഉയർന്ന് പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്തു. 25 കിലോമീറ്റർ ചുറ്റുമുള്ളവർ ഈ അത്ഭുതപ്രതിഭാസം കണ്ടു. അങ്ങനെ ഫാത്തിമ മാതാവ് മനുഷ്യഹൃദയങ്ങളിൽ ചിരപ്രതിഷ്~ നേടി. ജപമാലഭക്തിയിലും വലിയ വർദ്ധനവുണ്ടായി.

ബുറാൻഗ, ബൽജിയം (എ.ഡി. 1932)

കമ്മ്യൂണിസം, ഫാസിസം, നാസിസം എന്നിവ വളർച്ചയുടെ കൊടുമുടിയിലെത്തിയ കാലത്താണ് മാതാവ് ബുറാൻഗിൽ അഞ്ച് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടത്. ലോകസമാധാനത്തിനും വിമലഹൃദയഭക്തി വർധിപ്പിക്കുന്നതിനും ഫാത്തിമയിൽ നൽകിയ സന്ദേശം പ്രചരിപ്പിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കാനായിരുന്നു ആഹ്വാനം.

1932 നവംബർ 29മുതൽ 1933 ജനുവരി മൂന്നുവരെ ബുറാൻഗിൽ പലതവണ മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകി. യൂറോപ്പ് മുഴുവനും ഇതറിഞ്ഞ് ഇവിടേക്ക് ഒഴുകി. ശാരീരികവും മാനസികവുമായ ഒട്ടനവധി അത്ഭുതങ്ങൾ ഇവിടെ നടന്നു. 1943ൽ ഇവിടെ ദൈവാലയം നിർമിതമായി. രോഗശാന്തിക്കും മറ്റുമായി ബുറാൻഗിലേക്ക് ഇന്നും അനേകായിരങ്ങൾ എത്തുന്നു.

ക്‌നോക്ക്, അയർലൻഡ്  (എ.ഡി. 1879)

പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ യോഹന്നാന്റെയും ഈശോയെ പ്രതിനിധീകരിക്കുന്ന കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താൽ പ്രസിദ്ധമാണ് ക്നോക്. 1879 ഓഗസ്റ്റ് 21ന് സംഭവിച്ച പ്രത്യക്ഷീകരണത്തിന് ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിച്ചതോടെയാണ് ക്നോക്കിന്റെ പുതുചരിത്രം ആരംഭിക്കുന്നത്. മരിയൻ പ്രത്യക്ഷീകരണങ്ങൾ പല രാജ്യങ്ങളിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന പെസഹാ കുഞ്ഞാടിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും പ്രത്യക്ഷീകരണങ്ങളാണ് ക്നോക്കിനെ സവിശേഷമാക്കുന്നത്.

ബലിപീഠത്തിനു മുകളിലും കുരിശിനു മുമ്പിലും പെസഹാ കുഞ്ഞാട് പ്രത്യക്ഷപ്പെട്ടതിനാൽ ക്നോക്കിലെ പ്രത്യക്ഷീകരണത്തിൽ ദിവ്യകാരുണ്യ സന്ദേശവും ഉൾപ്പെടുന്നുണ്ട്. സ്വർഗീയമായ അന്തരീക്ഷത്തിന്റെ പ്രതീതി വരച്ചുകാട്ടുംപോലെ അസംഖ്യം മാലാഖമാരുടെ അകമ്പടിയോടെയുള്ള പ്രത്യക്ഷീകരണം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിച്ചെങ്കിലും വിശദമായ പഠനങ്ങളുടെയും പരിശോധനയുടെയും ഘട്ടത്തിൽ 15 പേരുടെ ഔദ്യോഗിക സാക്ഷ്യമാണ് പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണത്തിന് ആധാരമായത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?