Follow Us On

22

January

2025

Wednesday

ആരവങ്ങൾക്ക് ഇടയിലൂടെ…

ഫാ. വിനീത് കറുകപറമ്പിൽ

വിജയശ്രീലാളിതനായി ആരവങ്ങളിലൂടെ ജറുസലേമിലേക്കുള്ള യേശുവിന്റെ കടന്നുവരവിൽ ചുരുളഴിയുന്ന നിഗൂഢതകൾ പങ്കുവെക്കുന്നു ലേഖകൻ.

ആർപ്പുവിളികളും ആഘോഷങ്ങളും വിജയത്തിന്റെ സൂചകങ്ങളാണ്. ഏതൊരു വിജയവും ഒരു വ്യക്തിയുടെ കഴിവിനെയും ശക്തിയെയും സൂചിപ്പിക്കുന്നു. മനുഷ്യ ബുദ്ധിക്കതീതമായി, അറിയപ്പെടാതെ ജീവിക്കുന്ന ചില വ്യക്തികളുടെ ജീവിതങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുകയും ചരിത്രത്തെ തന്നെ കീറിമുറിക്കുകയും ചെയ്യുന്നു. ആ വിജയം എല്ലാ വർഷവും ആഘോഷമായി മാറുന്നു. ഏതൊരു ആരവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം ഒരു നിർവൃതിയുടെയും ആത്മ സംതൃപ്തിയുടെയും ചുരുളഴിയുന്ന രഹസ്യങ്ങൾ നമുക്ക് കണ്ടെത്താനാകും. വിജയശ്രീലാളിതനായി ആരവങ്ങളിലൂടെ ജറുസലേമിലേക്കുള്ള യേശുവിന്റെ യാത്ര ഒത്തിരിയെറെ നിഗൂഢതകളുടെ ചുരുളഴിക്കലാണ്. അവയെ നമുക്ക് ധ്യാനിക്കാം.

1. തിരിച്ചറിയൽ

ഏതൊരു ജൈത്രയാത്രയുടെയും സമാപനം ഒരു തിരിച്ചറിവിലാണ്. പരസ്യജീവിതത്തിലുടനീളം ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ച യേശുവിനെ ജനം തിരിച്ചറിയുന്നത് അവിടുത്തെ ജറുസലേമിലേക്കുള്ള യാത്രയുടെ അവസാനമാണ്. തങ്ങളുടെ കൂടെ ഇത്രനാൾ ജീവിച്ച ക്രിസ്തു തങ്ങളുടെ രക്ഷകനാണെന്ന് ജനം തിരിച്ചറികയാണ്. ഓരോ തിരിച്ചറിവിലും ഒരു ആത്മീയ സംയോജനമുണ്ട്. ഈ ആത്മീയ സംയോജനമാണ് യേശുവിനെ വരവേൽക്കാൻ തിങ്ങിക്കൂടിയ അനേകായിരങ്ങളിൽ ചിലർക്കെങ്കിലും ക്രിസ്തു ദൈവപുത്രനായ മിശിഹായാണെന്ന് തിരിച്ചറിയാൻ സഹായകമായത്. ഓശാന നമുക്ക് നൽകുന്ന ഏറ്റവും വലിയ കൃപയാണ് യേശുവിനെ തിരിച്ചറിയാനുള്ള വിളി.

2. ഏറ്റുപറച്ചിൽ

അപ്രതീക്ഷമായ ഒരു ഏറ്റുപറച്ചിലാണ് യേശുവിന്റെ ജറുസലേം യാത്രയിൽ നാം കാണുക. യേശുവിനെ രക്ഷകനായി ഏറ്റുപറഞ്ഞുകൊണ്ട് ഒരു സ്വർഗീയയാത്രയ്ക്ക് ജനം തുടക്കം കുറിക്കുകയാണ്. സ്വന്തം തെറ്റുകളെ കുറിച്ച് ബോധ്യമുള്ളവർക്ക് മാത്രമേ ക്രിസ്തുവിനെ ജീവിതത്തിൽ ഏറ്റുപറയാൻ സാധിക്കൂ. ‘ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ, അവരുടെ ഹൃദയം എന്നിൽനിന്നും വളരെ അകലെയാണ്,’ (മത്തായി 15:8) എന്ന ഹൃദ്യമായ ചില പശ്ചാത്താപത്തിന്റെ ഏങ്ങലുകളാണ് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവങ്ങളായി യേശുവിനെ പിഞ്ചെല്ലുക.

3. സമർപ്പണം

മറ്റുള്ളവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു സ്വീകരമാണ് ജെറുസലെം ദൈവാലയത്തിലേക്കുള്ള യാത്രാമധ്യേ യേശുവിന് ലഭിക്കുന്നത്. നിശബ്ദതയിലൂടെ കടന്നുപോയ തന്റെ ജീവിതത്തെ ശബ്ദമുഖരിതമാക്കിതീർക്കുന്ന ഒരു ജനാവലിയെയാണ് യേശുവിന് ചുറ്റും നമുക്കു കാണാൻ സാധിക്കുക. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. എപ്പോഴും ദൈവത്തിന് സ്തുതികൾ അർപ്പിച്ച് ആകാശകത്തേക്ക് നോക്കി നിൽക്കുന്ന മരച്ചില്ലികൾ ഉപയോഗിച്ചാണ് ഭൂമിയുടെ ഉയവനായ മനുഷ്യൻ തന്നെ സ്വയം എളിമപ്പെടുത്തി സ്വർഗീയ സംഗമത്തിന് തന്നെത്തന്നെ കാഴ്ചയായി സമർപ്പിക്കുന്നു. ഏതൊരു വിജയവും തമ്പുരാനുള്ള സ്വയം സമർപ്പണമാണെന്ന് ഓശാന നമ്മെ ഓർമിപ്പിക്കുന്നു.

4. ശുചിത്വം

ശുചിത്വമായ വഴി പൂർണ്ണതയുടെ ലക്ഷണമാണ്. വഴി നന്നായാൽ മാത്രമേ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകൂ. തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ച് യേശുവിന്റെ പാതകൾ സുഗമമാക്കുന്ന ജനങ്ങളുടെ പ്രവൃത്തി തമ്പുരാന് അതിശ്രേഷ്ഠമാണ്. മനുഷ്യരുടെ സത്യവും നീതിയും നിറഞ്ഞ വഴികളാണ് തമ്പുരാന്റെ പാതകൾ. സ്വച്ഛമായ വഴിയാണ് ഏവരെയും സ്വർഗ്ഗീയ ജറുസലേമിലേക്കു നയിക്കുക എന്ന് യേശുവിന്റെ യാത്ര ഉദ്ഘോഷിക്കുന്നു.

ഓശാന പാടി നാം തെരുവികളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലൂടെയും നടന്നുകൊണ്ട് യേശുവിന്റെ പീഢാനുഭവവാരത്തിന് ആരംഭം കുറിക്കുമ്പോൾ നമ്മുടെ ഏതൊരു വിജയത്തിന്റെ പരാജയത്തിന്റെ ആരവങ്ങൾക്കും തമ്പുരാന്റെ കൈയ്യൊപ്പ് അടങ്ങിയിരിക്കുന്നതായി മനസ്സിലാക്കാനും ഗ്രഹിക്കാനും ഓശാന നമ്മെ ശക്തിപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?