Follow Us On

03

December

2024

Tuesday

ജപമാല കരങ്ങളിലെടുക്കാം, വൈദീകർക്കായി പ്രാർത്ഥിക്കാൻ നമുക്കും അണിചേരാം; ‘ഗ്ലോബൽ റോസറി റിലേ’യ്ക്ക് സമാരംഭം

ജപമാല കരങ്ങളിലെടുക്കാം, വൈദീകർക്കായി പ്രാർത്ഥിക്കാൻ നമുക്കും അണിചേരാം; ‘ഗ്ലോബൽ റോസറി റിലേ’യ്ക്ക് സമാരംഭം

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റി’ന് ഇന്ന് (ജൂൺ 16) ആരംഭമായി. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്.

2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 14-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽനിന്ന് 2600ൽപ്പരം വേദികളിൽ കഴിഞ്ഞ വർഷം ജപമാല അർപ്പണങ്ങൾ നടന്നുവെന്ന് സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഓരോ വർഷവും വേദികളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും ശ്രദ്ധേയമാണ്.

ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് എന്നവിധത്തിൽ ലോകം മുഴുവൻ ജപമാല ചൊല്ലി വലം വയ്ക്കുന്നതുവരെ തുടരുന്ന ജപമാലയജ്ഞം എന്നവിധത്തിലും സവിശേഷമാണിത്. നിരവധി മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും പ്രാർത്ഥനയിൽ അണിചേരുന്നുണ്ട്. ഈ ജപമാലയജ്ഞത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം പങ്കെടുക്കണമെന്നും ‘വേൾഡ് പ്രീസ്റ്റ്’ അഭ്യർത്ഥിച്ചിട്ടുണ്ട്.

ബിഷപ്പുമാർ, രൂപതയിലെ ഏതെങ്കിലും ദൈവാലയം തിരഞ്ഞെടുത്ത് പ്രസ്തുത രൂപതയിലെ വൈദീകർക്ക് ഒരുമിച്ചു ചേർന്ന് ജപമാലയജ്ഞത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് ‘വേൾഡ് പ്രീസ്റ്റ്’ വെബ്സൈറ്റ് വ്യക്തമാക്കി. അതുപോലെ, ഇടവകാംഗങ്ങളെ ഇതിനായി വൈദീകർ അതത് ഇടവക ദൈവാലയത്തിലേക്ക് ക്ഷണിക്കണമെന്നും സന്യസ്തസഭകൾ പ്രാർത്ഥനായജ്ഞത്തിൽ പങ്കുചേരാൻ സന്യാസസഭാംഗങ്ങളെ പ്രചോദിപ്പിക്കണമെന്നും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.

ദൈവാലയത്തിൽ എത്താൻ സാധിക്കാത്തവർ അവരവർ ആയിരിക്കുന്ന ഇടങ്ങളിലായിരുന്ന് പ്രാർത്ഥനയിൽ അണിചേരണമെന്നും നിർദേശിച്ചിട്ടുണ്ട്. ഐറിഷ് വ്യവസായിയായ മരിയൻ മുൽഹാർ 2003ലാണ് ‘വേൾഡ് പ്രീസ്റ്റ്’ അപ്പോസ്തലേറ്റിന് രൂപം കൊടുത്തത്. 2009ൽ അദ്ദേഹം തന്നെയാണ് ഗ്ലോബൽ റോസറി റിലേയ്ക്ക് തുടക്കം കുറിച്ചതും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?