Follow Us On

25

April

2024

Thursday

മരണത്തിന്റെ ലഹരിയില്‍നിന്ന് ജീവന്റെ ലഹരിയിലേക്ക്

മരണത്തിന്റെ ലഹരിയില്‍നിന്ന് ജീവന്റെ ലഹരിയിലേക്ക്

– ഇ.എം. പോള്‍

പത്തൊന്‍പതാമത്തെ വയസില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആഗസ്തി പഴുക്കാക്കുളം വിവാഹം കഴിച്ചത്. സാമ്പത്തിക പരാധീനതമൂലം സ്‌കൂള്‍വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ആഗസ്തിക്ക് അതോടെ ഒരു തൊഴില്‍ കണ്ടെത്തേണ്ടത് അനിവാര്യമായി. അങ്ങനെയാണ്, സ്വന്തം സ്ഥലത്തെ കള്ളുഷാപ്പില്‍ സെയില്‍സ്മാനായി – വിവാഹശേഷം മൂന്നാംമാസം ജോലിയില്‍ പ്രവേശിക്കുന്നത്.

തിന്മയുടെ തേരോട്ടം
കള്ളു കുടിക്കാതെ എന്തു ഷാപ്പുജീവിതം? നല്ല നിലയില്‍തന്നെ കുടിച്ചു തുടങ്ങി. ഷാപ്പുടമയുടെയും കുടിയന്മാരുടെയുമൊക്കെ പ്രോത്സാഹനവും പ്രശംസയും നിര്‍ലോഭം ലഭിച്ചു. കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തന്നെ ‘മികച്ച’ ഒരു കുടിയനെന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നു. കുടിപ്പിക്കുക, കുടിക്കുക എന്നതിലേക്ക് ജീവിതം ഒതുങ്ങി. ഈ നിലയില്‍ കുറച്ചുകാലം തുടര്‍ന്നപ്പോള്‍ ഒരു കാര്യം അദ്ദേഹം തിരിച്ചറിഞ്ഞു, തന്റെ ലഹരിദാഹം തൃപ്തിപ്പെടുത്താന്‍ കള്ളിന് വീര്യം പോര. അങ്ങനെ ആദ്യം ചാരായവും പിന്നെപ്പിന്നെ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കാനാരംഭിച്ചു.
അതോടെ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവികജീവിതത്തില്‍നിന്ന് പൂര്‍ണമായി അദ്ദേഹം അകറ്റപ്പെട്ടു. ഇക്കാലത്ത് യുക്തിവാദവും നിരീശ്വരവാദവും ലഹരിക്കൊപ്പം തലയ്ക്കു പിടിച്ചു. ദൈവവിശ്വാസവും പ്രാര്‍ത്ഥനയും സഭാത്മകജീവിതവുമെല്ലാം ഉപേക്ഷിക്കുകയും അതിന്റെയൊന്നും ആവശ്യമില്ലെന്ന് മറ്റുള്ളവരോട് പറയാനും തുടങ്ങി.

വൈദികര്‍, സന്യസ്തര്‍ തുടങ്ങിയവരോടൊക്കെ കടുത്ത വെറുപ്പായി. അവസരം കിട്ടുമ്പോഴൊക്കെ അവര്‍ക്ക് മാനഹാനി വരുത്തുന്നവിധത്തില്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അവരെ ഉപദ്രവിക്കാന്‍ തുടങ്ങി. തന്റെ നിലപാടുകള്‍ക്ക് പിന്‍ബലമേകാന്‍ യുക്തിവാദ, നിരീശ്വരവാദ പുസ്തകങ്ങളൊക്കെ വായിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. സഭാവിരുദ്ധരുടെയും നിരീശ്വരവാദികളുടെയും മുന്നില്‍ അങ്ങനെ ‘മഹാനായി’മാറി.

വിപ്ലവവഴികളിലൂടെ
ഇതിനിടെ രാഷ്ട്രീയപ്പാര്‍ട്ടികളും പിന്നാലെ കൂടി. പഴുക്കാക്കുളം ആഗസ്തിക്ക് തങ്ങളുടെ പാര്‍ട്ടിയില്‍ അംഗമാകുവാന്‍ അഭികാമ്യമായ ‘യോഗ്യത’കളെല്ലാം ഉണ്ടെന്ന് കണ്ടതോടെ അവര്‍ പാര്‍ട്ടിയില്‍ അംഗമാകാന്‍ നിര്‍ബന്ധിച്ചു. പിന്നെ വൈകിയില്ല, പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ശത്രുക്കളെ കായികമായി നേരിടാനുള്ള നിയോഗവുംകൂടി ലഭിച്ചതോടെ, ആരെയും കൂസാത്ത, അഹങ്കാരത്തിന്റെ ആള്‍രൂപമായിത്തീര്‍ന്നു ആഗസ്തി. അടിപിടിക്കേസുകള്‍ പതിവായി. പാര്‍ട്ടിനേതൃത്വം പറയുന്നതെന്തും ചെയ്യും. ആരെയും ചീത്ത വിളിക്കും, ഭീഷണിപ്പെടുത്തും.

ലഹരിയുടെ കാര്യത്തിലെന്നപോലെ, കുറേക്കാലം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തിച്ചുവന്ന പാര്‍ട്ടിക്ക് വിപ്ലവവീര്യം പോരെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. അങ്ങനെയാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആഗസ്തി എത്തിപ്പെട്ടത്. പാര്‍ട്ടി ആസൂത്രണം ചെയ്ത ഒരു ആക്രമണപദ്ധതിയില്‍ പങ്കാളിയായതോടെ പോലീസിന്റെ നോട്ടപ്പുള്ളിയായി. പിന്നീട് പ്രതിചേര്‍ക്കപ്പെടുകയും ചെയ്തു. അതോടെ ഒളിവില്‍ പോയെങ്കിലും വൈകാതെ പിടിക്കപ്പെട്ടു. പോലീസിനറിയാവുന്ന മുറകളെല്ലാം ഉപയോഗിച്ച് അവര്‍ അതിക്രൂരമായി മര്‍ദിച്ചു. പിന്നീട് പുറത്തിറങ്ങുമ്പോഴേക്കും നടക്കാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. ചികിത്സയെക്കാള്‍ അധികമായി, അമിതമായ ലഹരി ഉപയോഗത്തിലൂടെ എല്ലാം ഒതുക്കാനായിരുന്നു താല്‍പര്യം.

കുറേക്കാലം കഴിഞ്ഞ്, നടക്കാമെന്നായപ്പോള്‍ വീണ്ടും ഷാപ്പില്‍ ജോലി തുടങ്ങി. അപ്പോഴേക്കും ഒരു പ്രത്യേക മാനസികാവസ്ഥയില്‍ എത്തിയിരുന്നു. എല്ലാവരോടും എല്ലാറ്റിനോടും വെറുപ്പ്, ഒടുങ്ങാത്ത പക. താന്‍ അംഗമായ പ്രസ്ഥാനത്തോടും പോലീസിനോടുമൊക്കെ വെറുപ്പ്. കത്തിക്കുത്ത്, അടിപിടിക്കേസുകള്‍ ഒക്കെയായി നിരന്തരം പോലീസ് സ്റ്റേഷന്‍, കോടതി വ്യവഹാരങ്ങള്‍. ലഹരിയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം, പണംവച്ചുള്ള ചീട്ടുകളി, മറ്റു ദുര്‍ന്നടപ്പുകള്‍ ഒക്കെ ശക്തമായി തുടര്‍ന്നുകൊണ്ടിരുന്നു.
നാളുകള്‍ക്കുശേഷം, ഒരു ദിവസം സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ഭാര്യയും മക്കളും വീടുവിട്ട് പോയ വിവരം അറിഞ്ഞത്. ഞെട്ടാനുള്ള സുബോധം ഇല്ലാതിരുന്നതിനാല്‍ ഒന്നും സംഭവിക്കാത്തതുപോലെ ആഗസ്തി തിരിച്ചുപോയി.
ആകെ ഒരവശത, ക്ഷീണം. നിവര്‍ന്നുനില്‍ക്കാന്‍ ലഹരിയുടെ ഊന്നുവടി പോരെന്നായിരിക്കുന്നു. ആശുപത്രിയിലെത്തി. പരിശോധനയ്ക്കുശേഷം ഡോക്ടര്‍ പറഞ്ഞു, കരള്‍ തീരാറായി, ലിവര്‍ സിറോസിസ്. ഇനി ഒരല്പം എങ്കിലും കുടിച്ചാല്‍, ലഹരി സേവിച്ചാല്‍ ആറുമാസംപോലും ജീവിക്കില്ല. ഇതുകേട്ട് അയാള്‍ ഉള്ളില്‍ ചിരിച്ചു. ഉപയോഗിച്ചാല്‍ ആറുമാസത്തോളം കിട്ടുമല്ലോ, ഉപയോഗിച്ചില്ലെങ്കില്‍ ഒരു നിമിഷം പോലും തനിക്ക് ജീവിക്കാന്‍ കഴിയില്ല എന്നുണ്ടോ ഈ ഡോക്ടര്‍ അറിയുന്നു.

തകര്‍ച്ച, നിരാശ
ഒന്നും കാര്യമാക്കാതെ കുടിയും മറ്റു പരിപാടികളും തുടര്‍ന്നെങ്കിലും, ഇടയ്ക്ക് സുബോധം ഉണ്ടാകുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ ഒരു സ്വരം കേള്‍ക്കുന്നു – നീ നശിച്ചിരിക്കുന്നു, ഭാര്യ പോയി, മക്കളും പോയി, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ട. നിന്റെ ആരോഗ്യം പോയി, പണം പോയി, ഇതിനൊക്കെപുറമേ കേസുകളും കോടതി വ്യവഹാരവും. നിനക്കിനി രക്ഷയില്ല, എല്ലാറ്റിനും ഒറ്റ പോംവഴി മാത്രം – മരിക്കുക. അതോര്‍ക്കുമ്പോള്‍ വലിയ ഭയം. ഭയം മാറാന്‍ കൂടുതല്‍ കുടിച്ചു. എന്നിട്ട് ഈ അവസ്ഥയില്‍ രണ്ടുതവണ മരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മാനസാന്തരം
ഇനി പരാജയം പാടില്ല. മരിക്കാന്‍ കൂടുതല്‍ നന്നായി പ്ലാന്‍ ചെയ്യണം- ആഗസ്തി ഇങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പേരില്‍ പരസ്യമായി അധിക്ഷേപിക്കുകയും ഒരു പ്രാവശ്യം അടിക്കുകയും ചെയ്ത ഒരു വ്യക്തി അദ്ദേഹത്തിന്റെ നേരെവന്ന് കണ്ണുകളില്‍ നോക്കി, കൈ പിടിച്ചുകൊണ്ട് പറഞ്ഞു, ”നീ എല്ലാം തകര്‍ന്ന് രക്ഷയില്ലെന്ന് വിചാരിച്ച് ആത്മഹത്യയ്ക്ക് ഒരുങ്ങിയിരിക്കുകയല്ലേ? അതുവേണ്ട. നിനക്ക് രക്ഷയുണ്ട്. ദൈവം നിന്നെ സ്‌നേഹിക്കുന്നു.” തന്നെ ഭയന്ന് വഴിമാറി നടന്നിരുന്ന അയാള്‍, താന്‍ ആരോടും പറയാത്ത ഇക്കാര്യം എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ചപ്പോള്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തന്നതാണെന്ന്, അയാള്‍ പറഞ്ഞു. അത് ആഗസ്തിയെ പിടിച്ചുലച്ചു. എന്താണ് താന്‍ ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ”ചാലക്കുടിക്കടുത്തുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനം കൂടുക.”

ധ്യാനത്തിന് പുറപ്പെടേണ്ടിയിരുന്ന ദിവസം കേരളത്തില്‍ ബന്ദായിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെ മൂന്നു കൂട്ടുകാരുമൊത്ത് ചാലക്കുടിക്ക് നടന്നു. അത്ഭുതകരമായി ദൈവം ഇടപെട്ട് അവിടെ എത്തിച്ചു. ധ്യാനകേന്ദ്രത്തില്‍ വെറുതെ ഒരിടത്തിരുന്നു. അഞ്ചുദിവസത്തെ ധ്യാനത്തിനിടയില്‍ എപ്പോഴോ ആരോ പറയുന്നത് കേട്ടു, ”കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.” തിരിച്ച് വീട്ടില്‍ എത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ ആഗസ്തി വളരെക്കാലം കൂടി ദൈവനാമം വിളിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ”ദൈവമേ, ഞാന്‍ ധ്യാനകേന്ദ്രത്തില്‍നിന്ന് കേട്ട വചനം ബൈബിളില്‍ നിന്നാണെങ്കില്‍ അതെവിടെയാണെന്ന് ഈ രാത്രിയില്‍ എനിക്ക് വെളിപ്പെടുത്തിത്തന്നാല്‍ ഞാന്‍ നിന്നില്‍ വിശ്വസിക്കും, നിനക്കുവേണ്ടി വേല ചെയ്യും.”
ക്ഷീണിച്ചിരുന്ന ആഗസ്തി ഗാഢനിദ്രയിലായി. ഉറക്കത്തില്‍ സ്വര്‍ണപ്രഭയില്‍ ഇങ്ങനെ എഴുതിക്കാണിക്കുന്നു. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 16:31 ”കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.” ഉടന്‍തന്നെ ഉറക്കത്തില്‍നിന്നുണര്‍ന്നു. അന്നാദ്യമായി ആത്മാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥന ഹൃദയത്തില്‍നിന്നുയര്‍ന്നു. ”ദൈവമേ, ഈ സ്വപ്‌നം സത്യമാകണേ.” ഈ പ്രാര്‍ത്ഥനയോടെ ആദ്യമായി വാങ്ങിയ ബൈബിള്‍ തുറന്ന്, ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ അപ്പസ്‌തോല പ്രവര്‍ത്തനം 16:31 കണ്ടെത്തി. തനിക്ക് ലഭിച്ച ദര്‍ശനം യാഥാര്‍ത്ഥ്യമായിരുന്നെന്ന് ആ നിമിഷം തിരിച്ചറിഞ്ഞു.

അത്ഭുതാദരങ്ങളെക്കാള്‍ മനസിനെ കീഴടക്കിയത്, അന്ന് ആദ്യമായി ”ദൈവം നിന്നെ സ്‌നേഹിക്കുന്നു” എന്ന് പറഞ്ഞ ആ സ്‌നേഹിതന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിഞ്ഞു എന്ന സത്യമാണ്. ഭാര്യയും മക്കളും ഉള്‍പ്പെടെ സകലരും കഠിനമായി വെറുത്തപ്പോഴും തന്നെ സ്‌നേഹിക്കുകയും കുടുംബത്തിന് രക്ഷ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത ദൈവം ആഗസ്തിയെ പുതിയൊരു മനുഷ്യനാക്കി. അടുത്ത ദിവസങ്ങളില്‍ തന്നെ ഉപദ്രവിച്ചവരെയും താന്‍ ഉപദ്രവിച്ചവരെയും കണ്ട് രമ്യതപ്പെട്ടു. പറമ്പില്‍തന്നെ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പും ചാരായക്കടയും നിര്‍ത്തി. കള്ളുഷാപ്പിന്റെ ബോര്‍ഡ് മായിച്ച് അതില്‍ ദൈവവചനമെഴുതി, തെരുവോരങ്ങളിലും അങ്ങാടികളിലും ദൈവവചനങ്ങള്‍ എഴുതിവച്ചു. ധ്യാനം കൂടി ആഗസ്തിക്ക് വട്ടുപിടിച്ചു എന്നെല്ലാവരും പറഞ്ഞു.
ഭാര്യയും മക്കളും തിരിച്ചുവന്നു. ആഗസ്തിയെ വെറുത്തവരെല്ലാം സ്‌നേഹിച്ചുതുടങ്ങി. ഒരുമിച്ച് മദ്യപിച്ച് ഷാപ്പിലും തെരുവോരങ്ങളിലും അന്തിയുറങ്ങിയിരുന്ന അനേകരെ ആഗസ്തി ഡിവൈന്‍ ധ്യാനകേന്ദ്രത്തിലേക്ക് നയിച്ചു.

ലഹരി ഉപയോഗത്തില്‍നിന്ന് അനേകരെ രക്ഷിക്കാന്‍ കര്‍ത്താവ് അദ്ദേഹത്തെ ഉപയോഗിക്കുകയായിരുന്നു. 2015 മുതല്‍ മക്കിയാട് ബനഡിക്ടിന്‍ ധ്യാനകേന്ദ്രത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നു. ഒരു വര്‍ഷമായി മരിയന്‍ സ്ട്രീറ്റ് മിനിസ്ട്രിയോടൊപ്പം തെരുവില്‍ വചനം പ്രഘോഷിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടെ ത്രിപുരയില്‍ പോയി രണ്ടാഴ്ചക്കാലം പ്രേഷിതവേല ചെയ്യാനും ദൈവം അനുവദിച്ചു. ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ പേരാമ്പ്ര റീജന്‍ മിനിസ്റ്ററായും സണ്‍ഡേ ശാലോം ഏജന്റായും ഫിയാത്ത് മിഷന്റെ ഭാഗമായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആഗസ്തി പഴുക്കാക്കുളം താമരശേരി രൂപതയിലെ നരിനട ഇടവകാംഗമാണ്.

മരണത്തിന്റെ ഇരുള്‍മൂടിയ താഴ്‌വരയില്‍നിന്ന് ജീവന്റെ വെളിച്ചത്തിലേക്ക് ദൈവം കൈപിടിച്ചു മടക്കിക്കൊണ്ടുവന്ന ആഗസ്തി പഴുക്കാകുളത്തിന്റെ ഈ അനുഭവങ്ങള്‍ പ്രത്യാശ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ഉണര്‍ത്തുപാട്ടാണ്. ”കര്‍ത്താവ് തന്റെ അടുക്കലേക്ക് തിരിയുന്നവരോട് പ്രദര്‍ശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്” എന്ന ദൈവവചനത്തെ സ്ഥിരീകരിക്കുന്ന ജീവനുള്ള ഉദാഹരണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?