Follow Us On

27

July

2024

Saturday

ശ്രീലങ്കയിൽ മരുന്ന് ക്ഷാമം, 10 മില്യൺ രൂപയ്ക്കുള്ള മരുന്നുകൾ വാങ്ങി നൽകി ഫ്രാൻസിസ് പാപ്പ

ശ്രീലങ്കയിൽ മരുന്ന് ക്ഷാമം, 10 മില്യൺ രൂപയ്ക്കുള്ള മരുന്നുകൾ വാങ്ങി നൽകി ഫ്രാൻസിസ് പാപ്പ

കൊളംബോ: ആഭ്യന്തര കലാപവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും മൂലം സാമ്പത്തിക തകർച്ചയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയ്ക്ക് 10 മില്യൺ ശ്രീലങ്കൻ രൂപയുടെ (25000 യൂറോ) മരുന്നുകൾ വാങ്ങി നൽകി ഫ്രാൻസിസ് പാപ്പ. മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ വൃക്കരോഗികളുടെ മരണ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ, കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംരംഭമായ ‘കാരിത്താസി’ന്റെ ശ്രീലങ്കൻ ഓഫീസ് മുഖാന്തിരമാണ് ഈ അടിയന്തര സഹായം വത്തിക്കാൻ ലഭ്യമാക്കിയത്. ശ്രീലങ്കയിൽ ഓരോ വർഷവും 10,500ൽപ്പരം പേർ വൃക്കരോഗത്താൽ മരണമടയുന്നുണ്ടെന്നാണ് കണക്കുകൾ.

ശ്രീലങ്കയിലെ വത്തിക്കാൻ ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ബ്രയാൻ ഉദയ്‌ഗ്വെ ഇക്കഴിഞ്ഞ ദിവസമാണ് ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സേവന ഡയറക്ടർ ജനറൽ അസേല ഗുണവർധനയ്ക്ക് മരുന്നുകൾ കൈമാറിയത്. രാജ്യത്തെ സ്ഥിതിഗതികളിൽ പാപ്പയ്ക്ക് ആശങ്കയുണ്ടെന്നും വ്യക്തിപരമായ സഹായം നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും സംഭാവന കൈമാറിയ വേളയിൽ അപ്പോസ്‌തോലിക് ന്യൂൺഷ്യോ ഭരണകൂട നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

വൃക്ക രോഗചികിത്‌സയ്ക്കുള്ള മരുന്നിന്റെ ദൗർലഭ്യം മനസിലാക്കിയതിനെ തുടർന്ന് ഇന്ത്യൻ നിർമാതാവിൽനിന്ന് അടിയന്തിരമായി മരുന്ന് വാങ്ങി ലഭ്യമാക്കുകയായിരുന്നു കാരിത്താസ് ശ്രീലങ്ക. അനുരാധപുര (മധ്യ പ്രവിശ്യ), കരാപ്പിറ്റി (തെക്കൻ പ്രവിശ്യ), വാവുനിയ (വടക്കൻ പ്രവിശ്യ) എന്നിവിടങ്ങളിലെ ആശുപത്രികൾക്ക് പുറമെ മന്ത്രാലയം നിർദേശിച്ച മറ്റ് ആശുപത്രികളിലും മരുന്നുകൾ വിതരണം ചെയ്യുമെന്ന് കാരിത്താസ് വ്യക്തമാക്കി.

പഠനങ്ങൾ പ്രകാരം ശ്രീലങ്കൻ ജനസംഖ്യയുടെ ഏകദേശം 10% പേർ വൃക്ക തകരാറിനാൽ കഷ്ടപ്പെടുന്നുണ്ട്. 2020ൽമാത്രം 164,000 പേരിലാണ് വൃക്കരോഗ കണ്ടെത്തിയത്. ഇതിൽ 10,500 പേർ മരണമടഞ്ഞു. രാജ്യം ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾമൂലം രോഗനിർണയം നടത്താനും ശരിയായി ചികിത്സിക്കാനുള്ള സാധ്യതകൾ അസാധ്യമായതിനാൽ കാരിത്താസ് അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?