Follow Us On

14

May

2025

Wednesday

ഇറാഖിൽനിന്ന് വീണ്ടും സദ്വാർത്ത; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തല്ലിത്തകർത്ത കന്യാസ്ത്രീ മഠം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു

ഇറാഖിൽനിന്ന് വീണ്ടും സദ്വാർത്ത; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തല്ലിത്തകർത്ത കന്യാസ്ത്രീ  മഠം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധിനിവേശകാലത്ത് തകർക്കപ്പെട്ട ഇറാഖിലെ ഡൊമിനിക്കൻ കന്യാസ്ത്രീമഠം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. നിനവേ സമതലത്തിലെ ബത്‌നയിൽ സ്ഥിതിചെയ്തിരുന്ന സെന്റ് ജോസഫ് കോൺവെന്റാണ് ഇറാഖീ ക്രൈസ്തവർക്ക് പ്രത്യാശ പകർന്നുകൊണ്ട് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ‘എയ്ഡ് ടു ദ ചർച്ച് നീഡി’ന്റെ (എ.സി.എൻ) സഹായത്തോടെയായിരുന്നു കോൺവെന്റിന്റെ പുനർനിർമാണം.

ഒരുകാലത്ത് പ്രമുഖ ക്രൈസ്തവ കേന്ദ്രമായിരുന്ന ബത്‌നയിലെ ഡൊമിനിക്കൻ കന്യാസ്ത്രീമഠവും അവിടെയുണ്ടായിരുന്ന കിന്റർ ഗാർട്ടണും 2014 – 2016 കാലഘട്ടത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിനിരയായത്. ചാപ്പലിലെ അൾത്താരയും തിരുരൂപങ്ങളും ഉൾപ്പെടെ തച്ചുടച്ച തീവ്രവാദികൾ മഠത്തിന്റെ ചുവരുകളിൽ ക്രിസ്തീയവിരുദ്ധ സന്ദേശങ്ങൾ എഴുതുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം അവസാനിച്ചശേഷം കന്യാസ്തീകൾ പ്രദേശത്തേക്ക് തിരിച്ചെത്തി ശുശ്രൂഷകൾ തുടങ്ങിയെങ്കിലും കന്യാസ്ത്രീമഠം താമസയോഗ്യമായിരുന്നില്ല.

സമീപ നഗരമായ ടെൽകുഫിൽ താമസിച്ചുകൊണ്ടായിരുന്നു ബത്‌നയിലെ ശുശ്രൂഷകൾ അവർ നിർവഹിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ്, ഇറാഖീ ക്രൈസ്തവരുടെ ക്ഷേമത്തിനായി ഇതിനകംതന്നെ നിരവധി പദ്ധതികൾ നടപ്പാക്കുന്ന ‘എ.സി.എൻ’ കന്യാസ്ത്രീ മഠത്തിന്റെ പുനർനിർമാണം ഏറ്റെടുക്കുകയായിരുന്നു. ഇറാഖിലെ സ്വയം ഭരണപ്രദേശമായ കുർദിസ്ഥാനിലെ കൽദായ രൂപതാധ്യക്ഷൻ മോൺ. പോൾ താബിറ്റ് മെക്കോയാണ് പുനർനിർമിച്ച കെട്ടിടത്തിന്റെ കൂദാശ നിർവഹിച്ചത്.

സെന്റ് ജോസഫ് കോൺവെന്റിലേക്കുള്ള ഡൊമിനിക്കൻ കന്യാസ്ത്രീമാരുടെ തിരിച്ചുവരവ് വലിയ ആവേശവും പ്രത്യാശയുമാണ് പ്രദേശത്തെ ക്രൈസ്തവർക്ക് നൽകുന്നത്. ഇതൊടൊപ്പമുണ്ടായിരുന്ന കിന്റർ ഗാർട്ടണിന്റെ പുനർനിർമാണവും യാഥാർത്ഥ്യമായതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലുമാണ് പ്രദേശവാസികൾ. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തിനു മുമ്പ് ഏകദേശം 5000ൽപ്പരം ക്രൈസ്തവർ ഉണ്ടായിരുന്ന പ്രദേശമാണ് ബത്‌ന.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?