Follow Us On

02

January

2025

Thursday

ജാഗ്രത, സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും വ്യാപകമാകുന്നു; അറിയണം ഇക്കാര്യങ്ങൾ

ജാഗ്രത, സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും വ്യാപകമാകുന്നു; അറിയണം ഇക്കാര്യങ്ങൾ

സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും പെരുകുന്ന സാഹചര്യത്തിൽ, സാത്താനെക്കുറിച്ച് ബൈബിൾ പറയുന്നതും ഫ്രീമേസൺ ക്ലബ്ബുകളെക്കുറിച്ചുള്ള സഭാ പ്രബോധനവും വിശ്വാസികളോട് പങ്കുവെക്കുന്നതിനൊപ്പം ഇക്കാര്യത്തിൽ മാതാപിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഓർമിപ്പിക്കുന്നു, താമരശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.

മനുഷ്യനോടുള്ള സ്‌നേഹത്തെപ്രതി ഈശോ സ്ഥാപിച്ച പരിശുദ്ധ കുർബാനയെന്ന കൂദാശയോടുള്ള അവഹേളനമാണ് സാത്താൻ ആരാധകരുടെ ആരാധനാരീതി. കാഴ്ചയർപ്പിക്കപ്പെടുന്ന ഓസ്തി ഈശോയുടെ ശരീരമായി മാറുന്നതും മുന്തിരിച്ചാറ് ഈശോയുടെ രക്തമായിത്തീരുന്നതുമാണ് വിശുദ്ധ കുർബാനയർപ്പണത്തിൽ സംഭവിക്കുന്ന അത്ഭുതം. ഇപ്രകാരം കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യമാണുള്ളത്.

കൂദാശചെയ്യപ്പെട്ട തിരുവോസ്തിയാണ് സാത്താൻ ആരാധനയ്ക്കായി ഇക്കൂട്ടർ കൈവശപ്പെടുത്തുന്നത്. കടകളിൽനിന്ന് വാങ്ങാവുന്ന ഈശോയുടെ ശരീരമല്ലാത്ത ഓസ്തി ഇക്കൂട്ടർക്ക് ആവശ്യമില്ല. ദൈവാലയത്തിൽ ദിവ്യബലിമധ്യേ കൂദാശചെയ്യപ്പെടുന്നതും ഈശോയുടെ യഥാർത്ഥ ശരീരമായി മാറുന്നതുമായ തിരുവോസ്തിയാണ് ഇവർക്കു വേണ്ടത്. ഒരർത്ഥത്തിൽ തിരുവോസ്തിയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെ ഇവർ അംഗീകരിക്കുകയാണ്.

സാത്താൻ ‘ബൈബിളിൽ’

ചെകുത്താൻ, പിശാച് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന തിന്മയുടെ ശക്തി മാലാഖമാരെപ്പോലെ അശരീരികളാണ്. ദൈവം സൃഷ്ടിച്ചപ്പോൾ അവർ നിഷ്‌കളങ്കരായിരുന്നെങ്കിലും ദൈവത്തോട് അവിശ്വസ്തത കാണിച്ചതിന്റെ ഫലമായി അവർ നരകത്തിൽ തള്ളപ്പെട്ടു. ദൈവം മാലാഖമാരായി സൃഷ്ടിച്ചവർ തിന്മയുടെ ശക്തികളായി മാറി. ഇത് ആദിമ മനുഷ്യന്റെ അധഃപതനത്തിനുമുമ്പാണ്. ‘പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു. അവന്റെ പക്ഷക്കാർ അതനുഭവിക്കുന്നു’ (ജ്ഞാനം 2:24).

അവിശ്വസ്തത കാണിച്ച മാലാഖമാർ എങ്ങനെ സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടു എന്നത് വെളിപാടിന്റെ പുസ്തകത്തിൽ വായിക്കുന്നുണ്ട്: ‘അനന്തരം സ്വർഗത്തിൽ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സർപ്പത്തോടു പോരാടി. സർപ്പവും അവന്റെ ദൂതന്മാരും എതിർത്ത് യുദ്ധംചെയ്തു. എന്നാൽ, അവർ പരാജിതരായി. അതോടെ, സ്വർഗത്തിൽ അവർക്ക് ഇടമില്ലാതായി. ആ വലിയ സർപ്പം, സർവലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതന സർപ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും’ (വെളി. 12: 7-9).

ഇതിനുശേഷം പിശാച് അടങ്ങിയിരുന്നില്ല. അവന്റെ ഏകലക്ഷ്യം മനുഷ്യനെ തിന്മയുടെ സ്വാധീനത്തിലാക്കുക എന്നതു മാത്രമാണ്. വിശുദ്ധ പത്രോസ് തന്റെ ലേഖനത്തിലൂടെ വിശ്വാസികൾക്ക് ശക്തമായ മുന്നറിയിപ്പ് തരുന്നുണ്ട്: ‘നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ’ (1 പത്രോ. 5:8-9).

വിശുദ്ധ പൗലോസ് ശ്ലീഹാ തിന്മയോടുള്ള സന്ധിയില്ലാസമരത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു: ‘അവസാനമായി കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രഭാവത്തിലും കരുത്തുള്ളവരാകുവിൻ. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുനിൽക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാർക്കും സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്’ (എഫേ: 6:10-12).

ആഗോളവൽക്കരണവും സാത്താനിസവും

സാത്താനെ വീരപുരുഷനായി ചിത്രീകരിക്കുന്ന കലാസൃഷ്ടികൾക്ക് പ്രചാരം ലഭിക്കുന്നത് 17-18 നൂറ്റാണ്ടിൽ, യൂറോപ്യൻ നവോത്ഥാന കാലത്താണ്. പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ട മാലാഖയുടെ അസ്തിത്വം സമർത്ഥിക്കുന്നവയായിരുന്നു അവ. അനുയായികൾ എണ്ണത്തിൽ വളരെ കുറവായിരുന്നെങ്കിലും സാത്താനിസത്തിന് പുതിയ മാനങ്ങളുണ്ടായത് അക്കാലത്താണ്.

സാത്താനിസത്തിന് 1960കളോടെ ഒരു പൊതുസ്വഭാവം കൈവന്നു. അക്കാലങ്ങളിൽ പുറത്തിറങ്ങിയ ചില സംഗീത ആൽബങ്ങളിലൂടെ പൊതുജന മധ്യത്തിലേക്ക് സാത്താൻ സേവക്കാർ കടന്നുകയറി. പ്രസ്തുത ആൽബങ്ങൾ വിവാദമായതോടെ വിപണിയിൽനിന്ന് മാറ്റപ്പെട്ടെങ്കിലും അവയിലൂടെ കൊരുത്തുവിട്ട സന്ദേശങ്ങൾ പലരെയും ആകർഷിച്ചു. ഇന്നും ചില പാശ്ചാത്യ സംഗീതബാൻഡുകൾ തങ്ങളുടെ ആൽബങ്ങളിൽ സാത്താൻ സേവയ്ക്ക് (ബ്ലാക്ക് മാസ്) ഉപയോഗിക്കുന്ന പദങ്ങളും സംഗീതവും സമന്വയിപ്പിക്കാറുണ്ട്.

സാത്താൻ സഭയിൽ രണ്ട് വിഭാഗങ്ങളുണ്ട്. ഒന്ന് യാഥാസ്ഥിതിക സാത്താനിസം. സാത്താനെ ദൈവമായി കണ്ട് ആരാധിക്കുന്നവരാണിവർ. മായാജാലത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഇവർ പലവിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ സംഘടിപ്പിക്കുന്നു. ലൂസിഫറേയ്‌നിസം, പല്ലാഡിസ്, ഉദാരതയുള്ള സാത്താനിസം, പ്രതീകാത്മക സാത്താനിസം എന്നിവയാണ് ഇതിന്റെ ഉപവിഭാഗങ്ങൾ.

രണ്ട്, നിരീശ്വരവാദികൾ. ഇവർ സാത്താനെ സങ്കൽപ്പിക്കുന്നത് മനുഷ്യഗുണങ്ങളുള്ള ഒരു അടയാളം മാത്രമായാണ്. വിവിധ മതവിഭാഗങ്ങളിൽനിന്ന് കടുത്ത എതിർപ്പ് ഉയർന്നിട്ടും യൂറോപ്പിലും അമേരിക്കയിലും സാത്താൻ ഗ്രൂപ്പുകാരോട് സഹിഷ്ണുത കൂടിവരുന്നതായി കാണുന്നു. എന്നാൽ, ഏഷ്യൻ ഭൂഖണ്ഡത്തിൽ ജനങ്ങൾ വിവേകത്തോടെ സാത്താൻ ഗ്രൂപ്പുകാരെ അകറ്റിനിർത്താൻ ശ്രമിക്കുന്നുണ്ട്.

ആഗോളവൽക്കരണവും ഇന്റർനെറ്റ് സൗകര്യങ്ങൾ വർദ്ധിച്ചതുമാണ് യൂറോപ്പിൽ രൂപംകൊണ്ട ‘സാത്താൻസേവ’ പ്രസ്ഥാനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗം പ്രചരിക്കാൻ കാരണമായത്.

മാതാപിതാക്കൾ ജാഗ്രത കാട്ടണം

മനംപുരട്ടലുണ്ടാക്കുന്ന വിചിത്രമായ കർമങ്ങളാണ് സാത്താൻ സേവക്കാർ നടത്തുന്നത്. വിശുദ്ധ ബൈബിളും കൂദാശചെയ്ത തിരുവോസ്തിയും വിവിധ രീതിയിൽ അധിഷേപിക്കുന്നതാണ് ഇവരുടെ ആരാധന. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനുവേണ്ടിയാണ് ഇവരുടെ പ്രാർത്ഥന. 13, 666 എന്നിവ ഇത്തരക്കാർ ഭാഗ്യനമ്പറുകളായാണ് കരുതുന്നത്.

ജപമാല പൊട്ടിച്ച് കൈകളിൽ അണിയുക, ജപമാലയിൽ കുരിശ് തലകീഴായി ഘടിപ്പിക്കുക, പ്രത്യേക രീതിയിലുള്ള ഹസ്തദാനം, വസ്ത്രധാരണ രീതിയിലെ വ്യത്യസ്തതകൾ എന്നിവയെല്ലാം ഇത്തരക്കാരുടെ സവിശേഷതകളാണ്. അർത്ഥം അറിയാതെയാണെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾ ഒരു ഫാഷനായി ഇത്തരം കാര്യങ്ങൾ ചെയ്തു കാണാറുണ്ട്. നാം പൂജ്യമായി കരുതുന്ന വസ്തുക്കളെ കുട്ടികൾ വികലമായി അനുകരിക്കുന്നുണ്ടെങ്കിൽ അത് തടയാൻ മാതാപിതാക്കൾ ജാഗ്രത കാട്ടണം.

ഫ്രീമേസൺ: മാറ്റമില്ലാതെ സഭ

സാത്താൻ ആരാധന പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ ഒരു ഉപവിഭാഗമാണ് ഫ്രീമേസൺ ക്ലബ്ബുകൾ. ഏതാണ്ട് എല്ലാ നാടുകളിലും ഈ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു എന്നത് തിരിച്ചറിയേണ്ട യാഥാർത്ഥ്യമാണ്. ഈ ക്ലബ്ബുകളുടെ തുടക്കത്തിൽ ഇവയുടെ സാമൂഹികവും തത്വശാസ്ത്രപരവുമായ ആകർഷണവലയത്തിൽ സഭയുടെ വിവിധ തലങ്ങളിൽപ്പെട്ടവർ പോലും കുടുങ്ങിയിട്ടുണ്ട്.

എന്നാൽ, ക്രമേണ ഇവയുടെ പ്രവർത്തനങ്ങളെ പരിശോധിച്ച സഭാനേതൃത്വം ഇവയിൽനിന്ന് സൈദ്ധാന്തികമായും പ്രായോഗികമായും അകലുകയുണ്ടായി. 1884ൽ ലെയോ പതിമൂന്നാമൻ പാപ്പ ‘ഹുമാനും ജെനുസ്’ എന്ന ചാക്രിക ലേഖനത്തിൽ ഫ്രീമേസൺ ക്ലബ്ബുകളുടെ തത്വശാസ്ത്രവും ധാർമികതയും കത്തോലിക്കാസഭയ്ക്ക് എതിരാണെന്ന് പഠിപ്പിച്ചു. 1892ൽ ഇറ്റാലിയൻ ജനതയ്ക്കു എഴുതിയ ഒരു കത്തിൽ അദ്ദേഹം നയം വ്യക്തമാക്കി: ‘കത്തോലിക്കാവിശ്വാസവും ഫ്രീമേസൺ തത്വസംഹിതയും പരസ്പരം ചേർന്നുപോകുന്നതല്ല. അതിനാൽ ഒന്നിലെ അംഗത്വം മറ്റൊന്നിൽനിന്നുള്ള അകൽച്ചയാണ്.’

പിന്നീട്, ഈ സംഘടനകൾ തങ്ങളുടെ ആകർഷകമായ പ്രവർത്തനശൈലികൊണ്ട് (മാസോണിക് ലോഡ്ജുകൾ) കത്തോലിക്കാസഭയ്ക്ക് എതിരല്ല, മറിച്ച് അനുകൂലസംഘടനകളാണെന്ന് സ്ഥാപിക്കാൻ കത്തോലിക്കാസഭയിലെ പ്രമുഖരെത്തന്നെ കൂട്ടുപിടിക്കുകയുണ്ടായി. ഇത്തരം കൂട്ടുകെട്ടിനെ റോമിലെ വിശ്വാസതിരുസംഘം വളരെ ഗൗരവത്തോടെ വിലയിരുത്തുകയും അതിന്റെ ഫലമായി 1983 നവംബർ 26ന് മാസോണിക്ക് അസോസിയേഷനുകളെക്കുറിച്ച് ഔദ്യോഗികമായ പ്രസ്താവന (AAS76 (1984), 300) പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് പാപ്പയായിത്തീർന്ന കർദിനാൾ ജോസഫ് റാറ്റ്‌സിംഗറാണ് ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കുവേണ്ടി ഈ പ്രസ്താവനയിൽ ഒപ്പുവച്ചത്.

വിശ്വാസതിരുസംഘത്തിന്റെ ഈ രേഖയിൽ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം മാസോണിക്ക് സംഘടനകളും കത്തോലിക്കാവിശ്വാസവും തമ്മിലുള്ള അപരിഹൃതമായ പൊരുത്തക്കേടുകളെ എടുത്തുപറഞ്ഞുകൊണ്ട് ഈ സംഘടനകളിൽ വിശ്വാസികൾ അംഗമാകുന്നത് നിരോധിക്കുകയും ഇത്തരം സംഘടനയിൽ അംഗങ്ങളായവർ പാപാവസ്ഥയിലാണ് (state of sin) ജീവിക്കുന്നതെന്നും അതിനാൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ യോഗ്യതയില്ലെന്നും വ്യക്തമാക്കുന്നു.

ഇന്നും സഭയുടെ ഔദ്യോഗികമായ നിലപാട് ഇതുതന്നെയാണ് എന്നത് നാം അറിഞ്ഞിരിക്കണം. ഇത്തരം മാസോണിക്ക് ഗ്രൂപ്പുകൾക്കുവേണ്ടി തിരുവോസ്തി ദൈവാലയത്തിൽനിന്ന് മോഷ്ടിക്കുകയും അങ്ങനെ ദൈവികസാന്നിധ്യത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർക്ക് സഭയിൽനിന്ന് പുറത്താക്കുന്ന മഹറോൻ ശിക്ഷയുൾപ്പെടെ നൽകണമെന്ന് സഭയുടെ നിയമം വ്യക്തമാക്കുന്നുണ്ട് (CCEO c. 1442, CIC c. 1367). മാസോണിക്ക് സംഘടനകളിൽ അംഗങ്ങളായിരിക്കുന്നവരും അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നവരും സഭയുടെ നിലപാട് അറിഞ്ഞിരിക്കണം. തങ്ങൾ ചെയ്യുന്ന ഗുരുതരമായ തെറ്റുകളിൽനിന്ന് പിന്തിരിയാൻ യഥാർത്ഥമായ ഈ അറിവ് സഹായകമാകും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?