Follow Us On

05

December

2023

Tuesday

സിബിഐ മാപ്പു പറയണം

സിബിഐ മാപ്പു പറയണം

കെ.ജെ. മാത്യു
(മാനേജിംഗ് എഡിറ്റര്‍)

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്താണ്? സംശയമില്ല, അത് അവന്‍ ഏറ്റവും അമൂല്യമായി സൂക്ഷിക്കുന്ന അവന്റെ ആത്മാഭിമാനമാണ്. ഓരോ മനുഷ്യനും അവന്‍ ലോകദൃഷ്ടിയില്‍ എത്ര ചെറുതായിരുന്നാലും, ദൈവത്തോളം വിലയുണ്ട്. കാരണം മനുഷ്യന്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. ഈ ചെറിയവരില്‍ ഒരുവനെപ്പോലും നിന്ദിക്കാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍ എന്ന യേശുവിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു. മനുഷ്യാവകാശങ്ങളില്‍ സുപ്രധാനമായത് അവന്‍ ഏറ്റവും പാവനമായി സൂക്ഷിക്കുന്ന അന്തസ് കോട്ടം തട്ടാതെ സൂക്ഷിക്കുവാനുള്ള അവകാശമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനും മേലെയാണ് മനുഷ്യാന്തസ് സൂക്ഷിക്കുവാനുള്ള അവകാശം.

”ഒരു വ്യക്തി കുറ്റമാരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ഇല്ലാതാകുന്നു. കാരണം അത് രാഷ്ട്രത്തിന്റെ, സമൂഹത്തിന്റെ പൊതുസുരക്ഷയ്ക്ക് ആവശ്യമാണ്. എന്നാല്‍ വിചാരണ നേരിടുന്ന ഒരു വ്യക്തിക്കോ ഒരു തടവുപുള്ളിക്കോപോലും മനുഷ്യാന്തസിനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല.” മനുഷ്യാന്തസ് വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന ഈ സുവര്‍ണ വാക്കുകള്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടേതാണ്. സിസ്റ്റര്‍ സെഫി നല്‍കിയ പരാതിയില്‍ വിധി പറയുമ്പോഴാണ് മനുഷ്യാന്തസിന്റെ മാഗ്നാ കാര്‍ട്ട എന്ന് വിശേഷിപ്പിക്കാവുന്ന ഈ വാക്യങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയത്.

2008 നവംബര്‍ 25-ാം തിയതി സിസ്റ്ററിന്റെ അനുവാദമില്ലാതെ സിബിഐ നടത്തിയ കന്യകാത്വ പരിശോധന മനുഷ്യാന്തസിന്റെ ലംഘനമാണെന്നും ഭരണഘടനയുടെ 21-ാം ആര്‍ട്ടിക്കിളിന്റെ ലംഘനമാകയാല്‍ ഭരണഘടനാവിരുദ്ധമാണെന്നും ജസ്റ്റിസ് ശര്‍മ്മ വിധിച്ചു. പരാതിക്കാരിക്കെതിരെ ആരോപിക്കപ്പെട്ട കൊലപാതകക്കുറ്റം തെളിയിക്കുവാന്‍ ഈ പരിശോധന നടത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും ജഡ്ജി വിധിയില്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 25-ാം തിയതി പരിശോധനാടേബിളില്‍ വിവസ്ത്രയായി കിടത്തപ്പെട്ട ആ സമര്‍പ്പിതയുടെ മനോവേദനയും അപമാനവും ഏത് നഷ്ടപരിഹാരത്തിന് നികത്താനാവും? ഒരു സ്ത്രീയുടെ ഈ അടിസ്ഥാന അവകാശത്തിന്റെമേല്‍ ഇത്ര ക്രൂരവും നിന്ദ്യവുമായ കടന്നുകയറ്റം നടത്തുവാന്‍ ആരാണ് ഈ ഏജന്‍സിക്ക് അധികാരം നല്‍കിയത്? നാണം മറയ്ക്കുവാന്‍ കൈ ഒന്ന് ഉയര്‍ത്തുവാന്‍പോലും പറ്റാതെ നിസഹായയായി നിന്ന ആ മാന്‍പേടയെ കടിച്ചുകീറിയത് എങ്ങനെ ന്യായീകരിക്കാനാകും? തിരിച്ചുപറയുവാനും ചോദ്യം ചെയ്യുവാനും ഉള്ള അവകാശം ഒരു കുറ്റാരോപിത എന്ന നിലയില്‍ നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെമേല്‍ എന്തും ചെയ്യാം എന്ന ഈ അന്വേഷണ ഏജന്‍സിയുടെ ധാര്‍ഷ്ട്യത്തിനുമേല്‍ വീണ കനത്ത പ്രഹരമാണ് ഈ വിധി.

ഇനിയൊരു സ്ത്രീക്കും ഈ ദുര്‍വിധി ഉണ്ടാകരുതെന്ന നിശ്ചയദാര്‍ഢ്യത്തില്‍ ബഹുമാനപ്പെട്ട ജഡ്ജി ചെയ്ത ഒരു കാര്യവുംകൂടെ ശ്രദ്ധേയമാണ്. കന്യകാത്വപരിശോധന ഭരണഘടനാവിരുദ്ധമാണെന്ന വിധിപകര്‍പ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും മുഖേന രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറാന്‍ കോടതി ആവശ്യപ്പെട്ടു. മാത്രവുമല്ല ഈ ഉത്തരവ് പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ഡല്‍ഹി ജുഡീഷ്യല്‍ അക്കാഡമി, ഡല്‍ഹി പോലീസ് അക്കാഡമി എന്നിവരോടും നിര്‍ദേശിച്ചു. അന്വേഷണോദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുമുള്ള ശില്‍പശാലകളിലും ഈ ഉത്തരവ് ഉള്‍പ്പെടുത്തണം. ഭാവിയില്‍ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെങ്കിലും മാനംമര്യാദയോടെ അത് നിര്‍വഹിക്കണമെന്ന് കോടതിക്ക് നിര്‍ബന്ധമുണ്ട്.

എന്നാല്‍ ഇവിടെ വളരെ വിചിത്രമായ മറ്റൊരു കാര്യവുംകൂടെ നടന്നു. വളരെ ഉപരിപ്ലവവും നിസാരവുമായ മനുഷ്യാവകാശലംഘനങ്ങള്‍ക്കുപോലും സ്വമേധയാ കേസെടുക്കുന്ന മനുഷ്യാവകാശ കമ്മീഷന് ഒരു സ്ത്രീയുടെ അന്തസിനുമേലുള്ള നഗ്നമായ ഈ കടന്നുകയറ്റം ഒരു മനുഷ്യാവകാശലംഘനമായി തോന്നുന്നില്ല! കന്യകാത്വ പരിശോധനയ്‌ക്കെതിരെ സിസ്റ്റര്‍ സെഫി നല്‍കിയ പരാതി നേരത്തേ മനുഷ്യാവകാശ കമ്മീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെകൂടിയാണ് പരാതിക്കാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. മാത്രവുമല്ല, വളരെ വിചിത്രമായ സംഭവങ്ങള്‍പോലും മനുഷ്യാവകാശലംഘനങ്ങളായി ചിത്രീകരിച്ച് ഒച്ചപ്പാടും ബഹളവുമുണ്ടാക്കുന്ന ബുദ്ധിജീവികള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഇതൊരു പ്രധാന വാര്‍ത്തയേ ആയി തോന്നിയില്ല.

എന്നാല്‍ ഒരു കാര്യത്തില്‍ ആശ്വസിക്കാം. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കാര്യങ്ങളെ സത്യസന്ധമായും നിഷ്പക്ഷമായും വസ്തുതാപരമായും വിലയിരുത്തുവാനുള്ള ആര്‍ജവം കൈമോശം വന്നിട്ടില്ലാത്ത ഒരു ന്യൂനപക്ഷം ഈ രാജ്യത്തുണ്ട്. അവര്‍ ഒറ്റസ്വരത്തില്‍ പറയുന്നു- ആ സമര്‍പ്പിത, സ്ത്രീ അനുഭവിച്ച മനോവേദനയ്ക്ക് ഒരു പരിഹാരവും ഇനി ചെയ്യാനാവുകില്ല എങ്കിലും ഈ കോടതിവിധിയിലൂടെ കളങ്കിതമായ സിബിഐയുടെ അന്തസ് വീണ്ടെടുക്കാനെങ്കിലും അവര്‍ സ്ത്രീസമൂഹത്തോട് മാപ്പുപറയണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?