കാല്‍വരി യാത്രയില്‍ അവനെ അനുഗമിക്കാന്‍ വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ. അവന്‍ ചെയ്ത അത്ഭുതങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ തന്നെ ഒരു പൂരത്തിനുള്ള ആളുകള്‍ ഉണ്ടാകുമായിരുന്നു. അവനെ അനുഗമിക്കാന്‍ അവനില്‍നിന്നും സൗഖ്യം കിട്ടിയ കുഷ്ഠരോഗിയോ അവന്റെ കരസ്പര്‍ശത്താല്‍ കാഴ്ചനേടിയ അന്ധയാചകനോ അവന്‍ ഉയര്‍പ്പിച്ച ലാസറോ, അവന്‍ രക്ഷ കൊടുത്ത സക്കേവൂസോ, ഒന്നും ആ കാല്‍വരിയുടെ ഒരു ഫ്രെയിമിലും ഇല്ല. ഗാഗുല്‍ത്തായുടെ വിരിമാറില്‍ മനുഷ്യ പുത്രന്‍ അവരെ പ്രതീക്ഷിച്ചിരുന്നോ? അവനില്‍ സ്‌നേഹം നുരഞ്ഞു പതഞ്ഞതിനാല്‍ അവന്‍ അവരെ ഒരുനോക്ക് കാണാന്‍ കൊതിച്ചു കാണും.
എന്തുകൊണ്ടായിരിക്കും അവര്‍ അവന്റെ മരണനേരത്ത് അവിടെ എത്താതെ പോയത്. അവനോട് കട്ടക്കലിപ്പായതു കൊണ്ടൊന്നുമാവാന്‍ സാധ്യതയില്ല. പിന്നെ ഒരേയൊരു Reason മാത്രമേ ഉണ്ടായികാണൂ, സമയക്കുറവ്… സമയം കിട്ടിക്കാണില്ല അവര്‍ക്ക്. അല്ലെങ്കില്‍ അവര്‍ അവന്റെ കുരിശുമരണം കാണാന്‍ വന്നേനെ.
നോമ്പില്‍ നമുക്ക് പ്രാര്‍ത്ഥിക്കണം; ക്രൂശിതാ… നിന്റെ ചാരെ മണിക്കൂറുകള്‍ ഇരിക്കാനുള്ള സമയം തരണേയെന്ന്. എല്ലാവര്‍ക്കും 24 മണിക്കൂര്‍ തികയാത്ത തിരക്കാണ്. ദൈവംപോലും ഏഴാം ദിവസം വിശ്രമിച്ചെന്ന് മറന്നുകൊണ്ടുള്ള ഉത്രാട പാച്ചിലിലാണ് നീയും ഞാനുമൊക്കെ.
അവന്റെ ചാരെ കുരിശോടു ചേര്‍ന്നിരിക്കാനുള്ള സമയം കണ്ടെത്തലാണ് നോമ്പ്. അവന് സമയം കൊടുക്കുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹം പലര്‍ക്കും മനസിലായിട്ടില്ല എന്നതാണ് സത്യം. എനിക്കും അവനരികില്‍ ഇരിക്കാന്‍ സമയം തീരെ ഇല്ലാത്ത പുരോഹിതനായിരുന്നു. ഒത്തിരിയേറെ കാര്യങ്ങളില്‍ തലയിട്ടു നടന്നിരുന്ന എന്നോട് ഇത്തിരി സമയം ഈശോയ്ക്കു കൊടുക്കാന്‍ പലപ്പോഴും ഈശോ ആവശ്യപ്പെട്ടിരുന്നു. പിന്നെയാവട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി നടന്ന എനിക്ക് ഒരു വലിയ ദുരിതം വന്നപ്പോഴാണ്, ഞാന്‍ അവന്റെ ചാരെ മണിക്കൂറുകള്‍ ഇരിക്കാന്‍ ഇടവന്നത്. ആ ദുരിത നാളുകളാണ് പിന്നീടുള്ള എന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചതെന്ന് പറയാതെ വയ്യ. അവന്റെ കൂടെ പുലരിയിലും രാത്രിയുടെ യാമത്തിലും സമയം നോക്കാതെ ഇരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ജീവിതത്തിന് ഇത്രമേല്‍ സുഗന്ധ മുണ്ടെന്ന് കണ്ടെത്തിയത്.
നോമ്പ് അവന്റെ ചാരെ സമയം നോക്കാതെ ഇരിക്കാനുള്ള നിന്റെ തീരുമാനത്തെയാണ് സൂചിപ്പിക്കുന്നത്. ബൈബിളിലെ ഒറ്റ കഥാപാത്രം മാത്രം മതി സമയം ദൈവത്തിന് നല്‍കുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹത്തെ വര്‍ണ്ണിക്കാന്‍. ഹെസക്കിയ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. രാജാവായിരുന്നു പുള്ളിക്കാരന്‍. രാജ്യം ഭരിക്കു മ്പോള്‍ ദൈവത്തെ ഓര്‍ക്കാന്‍ സമയം കിട്ടിയിരു ന്നില്ല. ഒരിക്കല്‍ വിധി അവനെ മൂന്ന് ദിവസത്തിലേക്ക് ഒതുക്കി. അപ്പോഴാണ് ഹെസക്കിയ ദൈവത്തിന് സമയം കൊടുക്കേണ്ടതിനെക്കുറിച്ച് ധ്യാനിച്ചത്. ജീവിത പുസ്തകത്തില്‍ മൂന്ന് നാളുകള്‍ മാത്രം ശേഷിക്കേ (72 മണിക്കൂര്‍) അവന്‍ ദൈവത്തിന് ആ ദിവസങ്ങള്‍ ഏല്‍പ്പിച്ചു. മൂന്ന് ദിനരാത്രങ്ങള്‍ ദൈവത്തിന് ജീവിതം നേദിച്ച ഹെസക്കിയാക്ക് ദൈവം 15 വര്‍ഷത്തിന്റെ എന്നു വച്ചാല്‍ ഒരു ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി നാന്നൂറ് (131400)മണിക്കൂര്‍ കൂട്ടി കൊടുത്തത്.
സുഹൃത്തേ, ഇനി പറയൂ… ക്രൂശിതന് സമയം കൊടുക്കണോ? വേണ്ടയോ എന്ന്? കൊടുക്കൂ… അവന്‍ നിന്റെ അറപുര നിറയ്ക്കും. സമൃദ്ധി നീ കണ്‍മുന്‍പില്‍ ദര്‍ശിക്കുകയും ചെയ്യും. തീര്‍ച്ച.
Leave a Comment
Your email address will not be published. Required fields are marked with *