ചിരിച്ചുകൊണ്ട് ജീവിക്കുക എന്നതാണ് ഇപ്പൊള്‍ ലൈഫിലെ ഏറ്റവും വലിയ competition എന്ന സുഹൃത്തിന്റെ സ്റ്റാറ്റസ് വായിച്ച് കണ്ണു നിറയുന്നു എന്നില്‍. ഉള്ളിലെ ചിരിയൊക്കെ നഷ്ട്ടപ്പെട്ട കാലം മറന്നു… ഒന്ന് മനസറിഞ്ഞ് ചിരിച്ചിട്ടും ഉറങ്ങിയിട്ടുമെല്ലാം നാളുകളേറെയായി… സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാം പക്കാ അഭിനയമാണ്. സൂപ്പര്‍ മാര്‍ക്കറ്റിലെ റിസപ് ഷനിസ്റ്റിനെപ്പോലെ വെറുതെ അങ്ങ് ചിരി അഭിനയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ…
സങ്കടം താങ്ങാന്‍ വയ്യാതായപ്പോഴാണ് പള്ളിയില്‍ പോയത്… ചിരി നഷ്ട്ടപ്പെട്ടല്ലോ തമ്പുരാനെ എന്ന് നിലവിളിച്ചു പ്രാര്‍ത്ഥിച്ചു കുരിശിലേക്ക് നോക്കിയപ്പോള്‍ ഇതാ ഒരാള്‍ ചോരയും നീരും ഒഴുക്കി നില്‍ക്കുന്നു… ഇയാളോട് എന്ത് പറയാന്‍ എന്ന് മനസില്‍ അടക്കം പറഞ്ഞ് പള്ളിക്ക് പുറത്തു കടക്കുമ്പോള്‍ ആരോ പുറകില്‍ നിന്ന് വിളിക്കുന്നു… മുള്‍മുടിയണിഞ്ഞ ഈശോയായിരുന്നു അത്.. അവന്‍ എന്നോട് പറഞ്ഞു… നീ എന്നെ നോക്ക് കുരിശിലും ഞാന്‍ പുഞ്ചിരിക്കുകയാണ്.. എല്ലാം ‘പൂര്‍ത്തിയായി’ എന്ന് ഞാന്‍ നിരാശപ്പെട്ടല്ല പറഞ്ഞത് പിന്നെയോ… തികഞ്ഞ സംതൃപ്തിയോടും സന്തോഷത്തോടും കൂടിത്തന്നെയാണ്… പിതാവിന്റെ ഇഷ്ടം പൂര്‍ത്തിയാക്കിയ ഞാന്‍ മിഴി വാര്‍ക്കുകയില്ല.. പുഞ്ചിരിയോടെ മിഴിയുയര്‍ത്തുകയായിരുന്നു….
കുഞ്ഞേ… ഇനിമേല്‍ നിനക്ക് കരച്ചില്‍ വരുമ്പോള്‍ ചിരിക്കാന്‍ കഴിയാതെ ഭാരപ്പെടുമ്പോള്‍ കുരിശിലേക്ക് നോക്കണംട്ടോ… ഇത്രയും പറഞ്ഞ് ഈശോ എന്നില്‍ നിന്നും മറഞ്ഞു… എന്റെ മുഖത്ത് അവന്‍ പകര്‍ന്നേകിയ പുഞ്ചിരി പിന്നെ മാഞ്ഞിട്ടില്ല… കുരിശില്‍ ആനന്ദത്തിന്റെ മഴവില്ല് വിരിയുന്നുണ്ട്… ഇനി നമുക്ക് പുഞ്ചിരി അഭിനയിക്കണ്ട.. കുരിശില്‍ നോക്കി ചിരി പാഠങ്ങള്‍ പഠിച്ചു തുടങ്ങാം. മുന്നാസ് എന്ന ചെറുപ്പക്കാരനെ അറിയില്ലേ… അര്‍ബുദം ബാധിച്ച് മരണത്തിലൂടെ ഈശോയുടെ പൈതലായവന്‍.. അവനെ ഒരുപാട് ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നു… വേദനയിലും പുഞ്ചിരിച്ചു എന്നതാണ് അവന്റെ പ്രത്യേകത. ഈ പുഞ്ചിരി അവന് എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് അവന്‍ വിരല്‍ ചൂണ്ടിയിരുന്നത് അവന്റെ അമ്മയിലേക്കാണ്…
രഞ്ജിത എന്നാണ് അവന്റെ അമ്മയുടെ പേര്.. എന്നും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്ന ഒരു ഭക്തസ്ത്രീ. അവളെ എങ്ങനെയാണ് അവന്‍ അനുഗമിച്ചത്? രഞ്ജിത ചേച്ചി പള്ളിയില്‍ പോകുമ്പോള്‍ കുര്‍ബാന പുസ്തകത്തിലെ ഒരു വരി ആവര്‍ത്തിച്ചു ചൊല്ലുമായിരുന്നു… പ്രസന്നവദനത്തോടെ നിങ്ങള്‍ ബലിയര്‍പ്പിക്കുവിന്‍. എന്നാണ് ആ വരികള്‍.. ഈ വരികള്‍ അവള്‍ക്ക് ജീവിക്കാനുള്ള ഊര്‍ജ്ജം കിട്ടയതുപോലെ അനുഭവപ്പെട്ടു… മകന് അര്‍ബുദമാണെന്ന് കേള്‍ക്കുമ്പോഴും അവള്‍ കരയുകയായിരുന്നില്ല… ക്രൂശിതനെ ധ്യാനിക്കുകയായിരുന്നു.
കൂട്ടുകാരിയും ബന്ധുവുമായ മേരി അമല ചേച്ചിയോട്, രഞ്ജിതചേച്ചി മരണവാര്‍ത്ത പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘മേരി നമ്മുടെ മുന്നാസ് ഈശോയുടെ അടുത്തേക്ക് പോയിട്ടാ…. നമുക്ക് സങ്കടപ്പെടാനൊന്നുമില്ല. ഈശോയോടൊപ്പം ആഘോഷിക്കാനല്ലേ മുന്നാസ് നമുക്ക് മുന്നേ പോയത്.’ മേരിചേച്ചി ഈ സംഭവം പറയുമ്പോള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: രഞ്ജിത ചിരി അഭിനയിക്കുകയായിരുന്നില്ല അച്ചാ. അവള്‍ ആത്മാവില്‍ നിറഞ്ഞ് ഈശോയെ അനുഭവിക്കുകയായിരുന്നു…
ഓട്ടോറിക്ഷയുടെ പുറകില്‍ മാത്രമല്ല നമ്മുടെ നെഞ്ചിലും ഇനി കുറിച്ചിടാം… ചിരിക്കൂ… പിണങ്ങാന്‍ ഇനി സമയമില്ല എന്ന്. ഈ നോമ്പുകാലത്ത് ക്രൂശിതനിലേക്ക് നോക്കി നമ്മുടെ സങ്കടം സമര്‍പ്പിച്ചു പുഞ്ചിരിക്കുന്നവരാകാം…
Leave a Comment
Your email address will not be published. Required fields are marked with *