Follow Us On

23

November

2024

Saturday

ധൂർത്തപുത്രന്റെ കരച്ചിൽ

''അഗാധമായ സ്നേഹം കൈമാറുന്നിടത്തൊക്കെ ദൈവമുഖം തെളിയുന്നുണ്ട്.''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 14

ധൂർത്തപുത്രന്റെ കരച്ചിൽ

”എല്ലാ ഇച്ഛാഭംഗങ്ങൾക്കും നടുവിൽ പിടിച്ചുനിൽക്കുന്ന മനുഷ്യന്റെ യഥാർത്ഥ പ്രത്യാശ ദൈവം മാത്രമാകാനേ കഴിയൂ. നമ്മെ സ്നേഹിച്ച, ഇന്നും നമ്മെ സ്നേഹിക്കുന്ന, അവസാനം വരെ സ്നേഹിക്കുന്ന ദൈവം. ഉത്തമമായ അർത്ഥത്തിൽ, ജീവിതം തനിച്ചല്ല ഏകാന്തവുമല്ല. അതൊരു ബന്ധമാണ്, ജീവന്റെ ഉറവിടമായവനുമായുള്ള ബന്ധം. ഒരിക്കലും മരണമില്ലാത്ത, ജീവനും സ്നേഹവുമായവനുമായി നാം ബന്ധത്തിലാണെങ്കിൽ, നാം ജീവചൈതന്യത്തിലാണ്. നാം ജീവിക്കുന്നു.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രത്യാശയിൽ രക്ഷ, 27)

ജീവിത യാത്രയിൽ എത്രയോ പ്രാവശ്യം നാം മരിച്ചും ഉയിർത്തും മന്നോട്ടു പോകുന്നു. ദൈവബന്ധം ഉപേക്ഷിക്കുമ്പോഴൊക്കെ മരണം നടക്കുന്നുണ്ട്, നമ്മിൽ. ധൂർത്തപുത്രനെ ഓർക്കുന്നു. മൂന്നുപ്രാവശ്യം അവൻ കരഞ്ഞു: ഒന്ന്, അഹങ്കാരത്തിന്റെ കരച്ചിൽ, രണ്ട് പട്ടിണിയുടെ കരച്ചിൽ, മൂന്ന് സമർപ്പണത്തിന്റെ കരച്ചിൽ.

കുടുംബവും ബന്ധവുമൊക്ക തന്റെ മായിക സ്വപ്നങ്ങൾക്കു തടസമെന്നു തോന്നുന്ന സമയമുണ്ട്. ആർക്കും വിധേയപ്പെടാതെ എല്ലാ വിലക്കുകളും ഭേദിച്ച് സ്വന്തം വഴികൾ വെട്ടാനുള്ള ആവേശം. അപ്പനുമായി അവൻ തല്ലിട്ടു, ആദ്യമായി, അവസാനമായും. സ്വത്തിനെപ്രതിയുള്ള കലഹം. സ്വന്തം അപ്പൻ മരിക്കണമെന്ന് ആഗ്രഹിച്ച ഒരു മകനായി അവൻ. അവനന്ന് കരഞ്ഞത് അഹങ്കാരത്താലാണ്.

കഥ അവിടെ തീർന്നില്ല. കിട്ടിയ സ്വത്തുകൊണ്ട് ഒരു മായിക പ്രപഞ്ചം അവൻ സൃഷ്ടിച്ചു. സൃഷ്ടിയും സ്ഥിതിയും സംഹാരവും തന്റെ കൈപ്പിടിയിൽ എന്നായിരുന്നു അവന്റെ ചിന്ത. പക്ഷേ, എല്ലാം കൈമോശം വന്നു. ‘പിതൃസ്വത്ത്’ എന്ന വാക്കിന് ‘സ്വന്തം സ്വത്വം’ എന്നർത്ഥമുണ്ട്. സ്വന്തം സ്വത്വം ധൂർത്തടിച്ചാൽ ദാരിദ്ര്യവും ശൂന്യതയും കീഴടക്കാക്കാതെ തരമില്ല. ആന്തരിക ശൂന്യതയിൽ അവൻ നിലവിളിക്കാൻ തുടങ്ങി. തീർത്തും നിലയില്ലാത്ത വിളി! അപ്പൻ കൊണ്ട വെയിലാണ് ഇന്നലെവരെ വീട്ടിൽ കഴിച്ച ചോറെന്ന് തിരിച്ചറിഞ്ഞ സമയം. ആരിൽനിന്നും കുതറിമാറിയോ, എവിടെനിന്ന് യാത്രതിരിച്ചോ അവിടേയ്ക്കു തന്നെ മടങ്ങിപ്പോകണം. അതായിരുന്നു, ആ ദാരിദ്ര്യത്തിന്റെ കരച്ചിൽ.

ഇനി മടക്കയാത്രയാണ്. ഇറങ്ങിപ്പോന്നപ്പോൾ ബഹളവും ആക്രോശവുമൊക്കെ ആയിരുന്നു. എന്നാൽ, മടക്കയാത്രയിൽ കാര്യമായ ധ്യാനവും വീടിനെക്കുറിച്ചുള്ള ചിന്തയും അപ്പന്റെ സ്നേഹത്തെക്കുറിച്ചുള്ള കരച്ചിലും മാത്രമേയുള്ളൂ. വീടിന്റെ ഉമ്മറത്ത് അപ്പൻ കാത്തിരിക്കുന്നതും, ഓടിച്ചെന്ന് ചുംബിക്കുന്നതും അവന്റെ എല്ലാ അഹങ്കാരത്തെയും തകർക്കുന്നതായിരുന്നു. അവൻ തേങ്ങിക്കരഞ്ഞു. വിരുന്നിനിടയിലും വിരുന്നുകാർക്കിടയിലും ധൂർത്തന്റെ കരച്ചിൽ വേറിട്ടു നിന്നു. ഇടയ്ക്കിടെ അവൻ വിതുമ്പുന്നുണ്ട്, അപ്പാ, അപ്പാ, ഞാൻ… ധൂർത്തൻ!

പൊട്ടിയ ബന്ധങ്ങൾ കൂടിച്ചേരുമ്പോൾ കരയും. കരയണം. ഏസാവും യാക്കോബും കണ്ടു മുട്ടിയപ്പോൾ കെട്ടിപ്പിടിച്ച് ചുംബിച്ചതും കരഞ്ഞതും ഓർമയില്ലേ. യാക്കോബ് അന്നു പറയുന്നുണ്ട്, സഹോദരാ, ആങ്ങയുടെ മുഖം ദൈവത്തിന്റെ മുഖം പോലെയായിരുന്നു. (ഉൽപ്പത്തി 33:10). അഗാധമായ സ്നേഹം കൈമാറുന്നിടത്തൊക്കെ ദൈവമുഖം തെളിയുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?