ചേട്ടാ ചേച്ചീ ഉമ്മാ താത്ത അമ്മാ.
ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക, നിങ്ങളുടെ അസുഖം വേഗം ഭേദമാകട്ടെ.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധനരായവര്‍ക്ക് ഒരുപറ്റം ചെറുപ്പക്കാര്‍ ചെയ്യുന്ന സല്‍പ്രവൃ ത്തിയുടെ ഭാഗമായി നല്‍കിയ പൊതിച്ചോറ് സ്വീകരിച്ചപ്പോള്‍ അതില്‍ നിന്നും കിട്ടിയത് കരുണനിറഞ്ഞ മൊഴികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. ഈ പൊതിച്ചോറ് വാങ്ങിയ കുടുംബമാണ് ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
ആ കുട്ടിക്കുവേണമെങ്കില്‍ തിരക്കും വീട്ടിലെ സാഹചര്യവും കാണിച്ച് കരുണ കാണിക്കാതെ തെന്നി മാറാമായിരുന്നു. എന്നിട്ടും ആ കുട്ടി കാണിച്ച പ്രവര്‍ത്തി കരുണ എന്ന മൂന്നക്ഷരമാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്.
വയറു മാത്രമല്ല കണ്ണും നിറഞ്ഞു എന്ന് ഇത് സ്വീകരിച്ച വ്യക്തി തുറന്നെഴുതുമ്പോള്‍ നന്മമരങ്ങള്‍ പാടെ ഭൂതലത്തുനിന്നും നഷ്ടമായിട്ടില്ല എന്ന സൂചന എനിക്ക് വല്ലാത്ത പ്രതീക്ഷ നല്‍കു ന്നുണ്ട്.
കരുണയുടെ തിരി തെളിയിക്കാനാണ് ഓരോ നോമ്പിലും നാം ബോധപൂര്‍വ്വം ശ്രമിക്കേണ്ടത്. കാരണം ക്രിസ്തു പഠിപ്പിച്ച പാഠം നീ പ്രാക്ടീസ് ചെയ്യാന്‍ നിശ്ചയിക്കുന്നുണ്ടെങ്കില്‍ ആദ്യം ആരംഭി ക്കേണ്ടത് കരുണയുടെ പാഠങ്ങളാണ്. അവന്റെ ഓരോ ശ്വാസത്തിലും നിഴലിക്കുന്നത് കരുണയുടെ ഒളിമങ്ങാത്ത കാഴ്ചകളാണ്.
ഒരു കൊടുങ്കാറ്റിനും അവനില്‍ കത്തിനിന്നിരുന്ന കരുണയുടെ തിരിനാളങ്ങളെ അപഹരിക്കാനായില്ല എന്നത് അത്ഭുതത്തേ
ക്കാള്‍ വലിയ പ്രചോദനമാണ്. ഒരാളുടെ ജീവിതത്തില്‍ കരുണ നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍ വരുന്നത് ആ വ്യക്തി വലിയ പ്രതിസന്ധിയില്‍ അകപ്പെടുമ്പോഴാണ്. ക്രിസ്തു മരണ വക്ത്രത്തില്‍ അകപ്പെട്ട നിമിഷങ്ങളിലാണ് വലിയ കാരുണ്യ പ്രവൃത്തികള്‍ കൈമാറിയത്. സ്‌നേഹിതന് തണല്‍ മരമായി അമ്മയെ നല്‍കിയതും കണ്ണുപൊട്ടന് കാഴ്ചയുടെ പുതുലോകം നല്‍കിയതും തിന്മമാത്രം കൈമുതലായിരുന്ന പടയാളികള്‍ക്ക് വേണ്ടി ചങ്കു പൊട്ടുമാറ് പിതാവിനോട് പ്രാര്‍ത്ഥിച്ചതുമെല്ലാം മരണ വിനാഴികയില്‍ ആയിരുന്നെന്നു ആരും മറന്നുപോകരുത്.
പ്രിയ സുഹൃത്തേ, മരണം അവിടെ നില്‍ക്കട്ടെ. ജീവിതത്തില്‍ നീ എപ്പോഴേങ്കിലും ആരോടെങ്കിലും കരുണ കാട്ടിയ ഒരു പത്തു സന്ദര്‍ഭമെങ്കിലും നിനക്ക് ഓര്‍മിക്കാനാകുമോ? നോമ്പില്‍ ഒരു ഹോംവര്‍ക്ക് നല്ലതാണ്. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണുമെന്നു പറഞ്ഞത് നിന്നിലും എന്നിലും സംഭവിക്കട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *