Follow Us On

29

May

2024

Wednesday

ഏറ്റുപറയുന്നവർക്ക് മാപ്പുണ്ട്

'ഒരു കുമ്പസാരക്കൂടും ഇന്നേവരെ മനുഷ്യനെ നാണിപ്പിച്ചിട്ടില്ല. പാപിക്ക് പൊറുതി നൽകി ദൈവം ക്ഷീണിതനായിട്ടുമില്ല. പക്ഷേ, ആദ്യ ചുവട് നാം തന്നെ വയ്ക്കണം.'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 21

ഏറ്റുപറയുന്നവർക്ക് മാപ്പുണ്ട്

‘സ്നേഹമാണ് ഏറ്റുപറച്ചിലിന്റെ അടിസ്ഥാനം. ദൈവത്തിന്റെ അനന്തമായ കരുണയിൽ വിശ്വാസമർപ്പിച്ചാണ് നാം കുമ്പസാരമെന്ന കൂദാശയെ സമീപിക്കുന്നത്. എല്ലാ കുറ്റബോധത്തിൽനിന്നും നമുക്കിത് വിടുതൽ തരുന്നു. ഭൂതകാലത്തിന്റെ ഭാരം നമ്മിൽനിന്ന് അകറ്റുമ്പോൾ നവമായ ഊർജം നമ്മിൽ നിറയുന്നു. സ്വന്തം വീഴ്ചകൾ ഏറ്റുപറയുക അത്ര എളുപ്പമല്ല ഒരാൾക്ക്. കാരണം, ഇതു അഹങ്കാരിയെ വിനയമുള്ളവനാക്കാനും സ്വന്തം ദാരിദ്ര്യാവസ്ഥ വെളിപ്പെടുത്താനും ഇടവരുന്നതാണ്. സ്വന്തം യോഗ്യതയിൽ ആശ്രയിക്കുന്നവർ അവരുടെ തന്നെ അഹങ്കാരത്തിന്റെ തിമിരം ബാധിച്ചവരാണ്. എന്നാൽ, സ്വന്തം ബലഹീനതയും പാപാവസ്ഥയും അറിയുന്നവർ ദൈവത്തിൽ ശരണപ്പെട്ട കൃപയും ക്ഷമയും സ്വന്തമാക്കുന്നു.’

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 07 മാർച്ച് 2008)

ഒരു കൊലയാളി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒടുവിലയാൾ ഗോത്രത്തലവന്റെ വീട്ടിൽ ചെന്നുപെട്ടു. കൊലപാതകിക്ക് അയാൾ അഭയം നൽകി. കൊല ചെയ്തവനെത്തേടി ഗ്രാമവാസികൾ ഓടിക്കൂടി. ഗോത്രത്തവന്റെ വീട്ടിൽ കൊലപാതകിയുണ്ടെന്ന് അവർ അറിഞ്ഞു. ‘അയാളെ വിട്ടുതരണം,’ ജനം ബഹളമുണ്ടാക്കാൻ തുടങ്ങി. മൂപ്പൻ പറഞ്ഞു: ‘ഞാനിവനെ നിങ്ങൾക്കു വിട്ടുതരില്ല.’ ആരെയാണ് ഈ ക്രൂരൻ കൊന്നതെന്നു പറഞ്ഞാൽ നിങ്ങൾ തീർച്ചയായും ഇവനെ വിട്ടുതരുമെന്ന് അവർ.

നിങ്ങളുടെ പേരക്കുട്ടിയെയാണ് ഇവൻ കൊന്നത്! മൂപ്പൻ തന്നെ അവനെ തല്ലിക്കൊല്ലുമെന്നു അവർക്ക് ഉറപ്പായി. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. അവന്റെ അടുത്തുചെന്ന് ആ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു, ‘നീയെന്റെ പേരക്കുട്ടിയെ കൊന്നു അല്ലേ. നീയത് എന്നോടു ഏറ്റു പറഞ്ഞിരുന്നല്ലോ. ഇനിമുതൽ നീയാണ് എന്റെ പേരക്കുട്ടി. ഒരാൾക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല. ആരും നിന്നെ ഉപദ്രവിക്കില്ല.’ കൊലപാതകിയായവൻ അന്നുമുതൽ കുഞ്ഞായി മാറി. സ്നേഹിക്കാൻ മാത്രമറിയുന്ന കുഞ്ഞ്.

ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതകിയെ ഓർക്കുക: കായേൽ. എത്രയോ ഉന്നതമായ വിളി കിട്ടിയവനാണ് അവൻ. എന്നിട്ടും, അസൂയയും വെറുപ്പും അവനെ സഹോദരന്റെ ജീവൻ നശിപ്പിക്കാൻ കാരണമാക്കി. ഒരു മുഴുഭ്രാന്തനെപ്പോലെ കുറ്റസമ്മതം നടത്തി അലഞ്ഞുനടക്കുമ്പോൾ ദൈവം അവനോട് ചെയ്തത് എന്താണ്? കുറ്റം ഏറ്റുപറഞ്ഞ അവനു കൂട്ടുനിൽക്കാമെന്നു പറഞ്ഞു, ദൈവം അവനെ തന്റെ ചാരെ ചേർത്തുനിറുത്തി.

കൊലപാതകിക്കു കൂട്ടുനിൽക്കുന്ന ഒരു ദൈവമോ? വീഴ്ചകൾ ഏറ്റുപറഞ്ഞപ്പോൾ അവന്റെ നെറ്റിത്തടത്തിൽ ദൈവം ചുംബിച്ചു. ആരും അവനെ ഉപദ്രവിക്കാതിരിക്കാൻ ഒരടയാളവും രേഖപ്പെടുത്തി (ഉൽപ്പത്തി. 4:15). കുരിശടയാളത്തിന്റെ ആദ്യരൂപമായി സഭാപിതാക്കന്മാർ വിശേഷിപ്പിക്കുന്നത് കായേന്റെ നെറ്റിത്തടത്തിൽ വരച്ചതാണ്. അതെ, ഏറ്റുപറയുന്നവന് മാപ്പുണ്ട്. അതത്ര എളുപ്പമല്ല, ഏറ്റുപറച്ചിൽ.

കാരണം, മറ്റുള്ളവർ തന്നിലർപ്പിച്ചിരിക്കുന്ന വിശ്വാസവും തകർന്നേക്കുമോ, അപമാനിതനായേക്കുമോ, എന്നിങ്ങനെ പല സംശയങ്ങൾക്കും ഇടയുണ്ട്. അതുകൊണ്ടുതന്നെ തന്നെത്തന്നെ അഭിമുഖീകരിക്കാൻ നമുക്ക് ഭയമാണ്. ‘ദൈവത്തിൽ പ്രത്യാശ വയ്ക്കുക’ (സങ്കീ. 42:5) അതു മാത്രമാണ് ഏറ്റുപറയുന്നവരുടെ ബലം. ഒരാളുടെ ആത്മീയധീരതയുടെ അടയാളമാണ് ഏറ്റുപറച്ചിൽ.

നമ്മെത്തന്നെ മറച്ചുപിടിക്കാൻ തത്രപ്പെടുമ്പോൾ നാമാകെ ഭയത്തിന്റെ പിടിയിലാകുന്നു. മാത്രമല്ല, ഏറ്റുപറയുന്നവർക്കു മാപ്പുനൽകാനും വിടുതൽ നൽകാനും കാത്തുനിൽക്കുന്ന സ്വർഗപിതാവിനെ നാം മറന്നേക്കും. ഒരു കുമ്പസാരക്കൂടും ഇന്നേവരെ മനുഷ്യനെ നാണിപ്പിച്ചിട്ടില്ല. പാപിക്ക് പൊറുതി നൽകി ദൈവം ക്ഷീണിതനായിട്ടുമില്ല. പക്ഷേ, ആദ്യ ചുവട് നാം തന്നെ വയ്ക്കണം.

ഓർക്കുക, വിശുദ്ധ അഗസ്റ്റിൻ തന്റെ ആത്മകഥയ്ക്കിട്ട പേര് ‘കൺഫെഷൻസ്’ എന്നാണ്. തന്റെ തന്നെ വീഴ്ചകളുടെയും വീണ്ടെടുപ്പിന്റെയും കഥകൾ അഗസ്റ്റിൻ എണ്ണമിട്ടെഴുതി. അയാൾ അനുഭവിച്ച സ്വാതന്ത്ര്യം എത്രയോ വലുതായിരിക്കും. വീഴ്ചകൾ ഏറ്റുപറയുന്നവർക്ക് ദൈവം മൂന്നു വസന്തങ്ങൾ നൽകും: ചാരെ നിറുത്തുന്ന സംരക്ഷണം, ദൈവമുഖം കാണാനുള്ള ഭാഗ്യം, എന്തെന്നില്ലാത്ത സ്വാതന്ത്ര്യം (‘കൺഫെഷൻസ്’).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?