Follow Us On

13

September

2024

Friday

ചേര്‍ത്തല തങ്കി പള്ളി: തീര്‍ത്ഥാടനത്തിന്റെ പുണ്യഭൂമി

ചേര്‍ത്തല തങ്കി പള്ളി:  തീര്‍ത്ഥാടനത്തിന്റെ പുണ്യഭൂമി

സ്വന്തം ലേഖകന്‍

അറബികടലിന്റെ ശീതള കാറ്റേറ്റ് സ്വച്ഛന്ദ സുന്ദരമായൊരു തീരദേശ ഗ്രാമം. തെങ്ങോല തലപ്പുകളും പച്ച വിരിച്ച നെല്‍പ്പാടങ്ങളും അങ്ങിങ്ങ് നീര്‍ത്തടങ്ങളും ചേര്‍ന്നൊരുക്കിയ തങ്കി, എല്ലാ വിഭാഗം ജനങ്ങളും ഒരു കുടുംബം പോലെ കഴിയുന്ന നിഷ്‌കളങ്ക ഗ്രാമമാണ്. പ്രകൃതിക്കിണങ്ങും വിധം ജീവിതം നയിക്കുന്ന പച്ചമനുഷ്യരുടെ ആധ്യാത്മികവും സാംസ്‌കാരികവുമായ വളര്‍ച്ചയുടെ അടയാളമായി നാലര നൂറ്റാണ്ട് പഴക്കമുള്ള ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ ദൈവാലയം ആപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കടുത്താണ്.

പ്രളയവും പകര്‍ച്ചവ്യാധികളും അകന്ന് നില്‍ക്കന്ന ഇവിടം ദു:ഖിതരുടെയും അശരണരുടെയും അഭയസ്ഥാനമാണ്. 1936ല്‍ ഈ നാട്ടിലെ പാവപ്പെട്ട വീട്ടമ്മമാര്‍ ‘പിടിയരി’ കൂട്ടി അത് വിറ്റ് കിട്ടിയ പണംകൊണ്ട് വാങ്ങി പ്രാര്‍ത്ഥനാപൂര്‍വ്വം പ്രതിഷ്ഠിച്ച കര്‍ത്താവിന്റെ അത്ഭുത രൂപം ജനലക്ഷങ്ങളെയാണ് തങ്കിയിലേക്ക് ആകര്‍ഷിക്കുന്നത്. അനുദിനം ഇവിടെ നടക്കുന്ന അത്ഭുതങ്ങള്‍ക്ക് സാക്ഷിയാകുവാനും, അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനുമാണ് വിശ്വാസികള്‍ എത്തുന്നത്. അമ്മമാരുടെ ത്യാഗപ്രവൃത്തി മൂലമാകാം ഈ തിരുരൂപത്തിലെ തലമുടി കാലങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇവിടെ എത്തുന്നവരുടെ വിശ്വാസവും വര്‍ധിക്കുന്നു. ‘മുടി വളരുന്ന ഈശോയുടെ പള്ളി’ എന്നാണിവിടം അറിയപ്പെടുന്നത്.

അമ്മമാരുടെ ത്യാഗസ്മരണയ്ക്കായി ഇവിടെ നടത്തുന്ന പ്രധാന നേര്‍ച്ചയാണ് ‘പിടിയരി സമര്‍പ്പണം’. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍, പിടിയരി വാങ്ങി തലയില്‍ ചുമന്ന് തങ്ങളുടെ ജീവിതഭാരമെല്ലാം കര്‍ത്താവിന്റെ കബറിടത്തില്‍ സമര്‍പ്പിക്കുന്ന കാഴ്ച ഏത് കഠിനഹൃദയന്റെയും കരളലിയിക്കും. തൊട്ടില്‍ നേര്‍ച്ച, വിളക്കും എണ്ണയും നേര്‍ച്ച, പട്ടും തലയിണയും സമര്‍പ്പണം, നിരങ്ങ്, ഉരുള്‍ നേര്‍ച്ച എന്നിവയും ഇവിടെ നടക്കുന്നു. ഇവിടുത്തെ നേര്‍ച്ചക്കഞ്ഞി ഒരു ദിവ്യ ഔഷധമായാണ് വിശ്വാസികള്‍ കരുതുന്നത്.

വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടവകയുടെ നേതൃത്വത്തില്‍ ഈ നോമ്പുകാലത്ത് ‘വിശപ്പ് രഹിത ഗ്രാമം തങ്കി’ എന്ന പരിപാടിക്ക് തുടക്കംകുറിച്ചു. ബഹുജനങ്ങളുടെ സഹായത്തോടെ ഗ്രാമത്തില്‍ പട്ടിണിയനുഭവിക്കുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. വിഭൂതി ദിനത്തിലെ ഉപവാസത്തിലൂടെ മിച്ചംവച്ച വിഭവങ്ങള്‍ 5000 പൊതിച്ചോറുകളാക്കി ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കൊച്ചി നഗരത്തിലും വിതരണം ചെയ്തുകൊണ്ടാണ് ഇത് ആരംഭിച്ചത്.

നോമ്പുകാലത്ത് എല്ലാ ദിവസവും രാവിലെ 5.30 നും ഏഴി നും വൈകുന്നേരം ആറിനും ദിവ്യബലിയും കുരിശിന്റെ വഴിയും നടക്കുന്നു. ഓശാന ഞായര്‍ രാവിലെ 6:30 ന് ദിവ്യബലി, കുരുത്തോല പ്രദക്ഷിണം. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിനങ്ങളില്‍ രാവിലെ 5:30 നും 10 നും വൈകിട്ട് 5:30 നും ദിവ്യബലി, കല്ലറജപം, ആരാധന, നേര്‍ച്ച കഞ്ഞി വിതരണം എന്നിവ ഉണ്ടാകും.

വിശുദ്ധവാരത്തിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഇവിടെ എത്തുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെസഹാ വ്യാഴാഴ്ചയിലെ മതമൈത്രീ ദീപ കാഴ്ചയില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുക്കും. ദു:ഖവെള്ളിയാഴ്ചയിലെ നഗരികാണിക്കലും കബറടക്ക ശുശ്രൂഷയും ഹൃദയഹാരിയായ അനുഭവം വിശ്വാസികള്‍ക്ക് നല്‍കുന്നു.
പെസഹാ വ്യാഴം വൈകുന്നേരം അഞ്ചിന് തിരുവത്താഴ ബലി, കാല്‍കഴുകല്‍, ആരാധന. രാത്രി 12 മുതല്‍ അത്ഭുത തിരുസ്വരൂപം പള്ളിയങ്കണത്തിലെ മുല്ലപ്പൂ പന്തലില്‍ പൊതുചുംബനത്തിനായി കിടത്തും. ദു:ഖവെള്ളി പുലര്‍ച്ചെ 12.30 മുതല്‍ ഉച്ചവരെ കുരിശിന്റെ വഴി. രണ്ടിന് പീഢാനുഭവ ശുശ്രൂഷകള്‍, നഗരി കാണിക്കല്‍. രാത്രി 12 ന് കബറടക്കം.

വികാരി ഫാ.ജോര്‍ജ് എടേഴത്ത്, സഹവികാരിമാരായ ഫാ. അഗസ്റ്റിന്‍ സിബി കിടങ്ങേത്ത്, ഫാ. റിന്‍സണ്‍ ആന്റണി കാളിയത്ത്, ഫാ. ലോബോ ലോറന്‍സ് ചക്രശേരി, ജനറല്‍ കണ്‍വീനര്‍ ടോമി കളത്തിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ 1500 പേരുള്ള വിവിധ കമ്മറ്റികള്‍ ഈ വര്‍ഷം പ്രവര്‍ത്തിച്ച് വരുന്നു. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനും സൗകര്യമുണ്ട്. ശാന്തിയുടെയും സമാധാനത്തിന്റെയും ഈ സ്‌നേഹതീരം തേടിയെത്തുന്ന വരെ സ്വീകരിക്കാനായി തങ്കി ഒരുങ്ങിക്കഴിഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?