Follow Us On

24

April

2024

Wednesday

നാടുവിടുന്ന യുവജനങ്ങള്‍

നാടുവിടുന്ന  യുവജനങ്ങള്‍

അടുത്തിടയ്ക്ക് എനിക്കുണ്ടായ ഒരനുഭവം ചിന്തോദ്ദീപകമാണ്. കേരളത്തിലേക്കും ഹൈദരാബാദിലേക്കുമായുള്ള മാനേജ്‌മെന്റ് തസ്തികകളിലേക്കായി മലയാളികളായ നൂറുപേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ആദ്യഘട്ട ഇന്റര്‍വ്യൂ ടെലിഫോണിലൂടെയായിരുന്നു. പോസ്റ്റ് എന്താണെന്നോ സാലറി സ്‌കെയില്‍ എന്താണെന്നോ അറിയുന്നതിന് മുമ്പു തന്നെ അവരില്‍ 62 പേരും പറഞ്ഞത് ഹൈദരാബാദില്‍ ആണെങ്കില്‍ മാത്രമേ ജോലി സ്വീകരിക്കാന്‍ താല്പര്യമുള്ളൂ എന്നായിരുന്നു. എംബിഎ, എംടെക്, എംഎസ്ഡബ്യൂ ബിരുദധാരികള്‍ ആയിരുന്നു എല്ലാവരും.

കഴിഞ്ഞ എഴുപത് വര്‍ഷക്കാലമായി പല രാഷ്ട്രീയ പാര്‍ട്ടികളും കേരളം ഭരിച്ചു. സ്വന്തം കാര്യത്തിലും പാര്‍ട്ടിയുടെ വളര്‍ച്ചയിലും മാത്രമാണ് അവര്‍ ശ്രദ്ധിച്ചത്. കാലാനുസൃതമായി മികച്ച വിദ്യാഭ്യാസം നേടാനുള്ള സാഹചര്യങ്ങള്‍ ക്രമീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍, ചുറ്റുപാടുമുള്ള സംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളും വളരെ വേഗം മാറി. അതേസമയം കേരളത്തിന്റെ വിദ്യാഭ്യാസ-തൊഴില്‍ സാഹചര്യങ്ങള്‍ പിന്നോട്ടാണ് സഞ്ചരിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങള്‍ താറുമാറായപ്പോള്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് കര്‍ണാടകയിലും തമിഴ്‌നാട്ടിലും മറ്റും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തുടങ്ങിയ ആയിരക്കണക്കിന് മെഡിക്കല്‍, നഴ്‌സിംഗ്, എഞ്ചിനീയറിംഗ് കോളേജുകള്‍ ഉദാഹരണങ്ങളാണ്.

കടബാധ്യതകളുമായി വിദേശത്തേക്ക്
നല്ല വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം തന്നെ നാടുവിട്ട് പോകുന്ന പ്രവണത ക്രമേണ വളര്‍ന്നുവന്നു. പഠനം കഴിഞ്ഞു തിരിച്ചുവന്നാല്‍ നല്ലൊരു തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലാത്തതിനാല്‍ കഴിവതും അന്യനാടുകളില്‍ തന്നെ പിടിച്ചുനില്‍ക്കാനാണ് ഏറെപ്പേരും ശ്രമിക്കുന്നത്. പലരും വീടോ സ്വര്‍ണ്ണമോ പണയം വെച്ചോ വലിയ തുക പലിശക്കെടുത്തോ, എടുത്താല്‍ പൊങ്ങാത്ത കടബാധ്യതകളുമായാണ് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നത്. മാതാപിതാക്കളെ സംബന്ധിച്ച് മക്കള്‍ അന്യനാടുകളില്‍ സ്ഥിരതാമസമാക്കുന്നത് വിഷമകരമാണെങ്കിലും അവരുടെ ഭാവി ഓര്‍ത്ത് അവര്‍ അത് അനുവദിക്കുകയാണ്. ഈ പ്രവണത സമീപകാല ങ്ങളിലായി വളരെയധികം വര്‍ധിച്ചിരിക്കുന്നു. ഈ യുവതലമുറയുടെ മുന്‍ഗാമികളില്‍ ഭൂരിപക്ഷവും കര്‍ഷകര്‍ ആയിരുന്നു. ഇപ്പോള്‍ കൃഷി നിലനില്‍പ്പുള്ള ഒരു വരുമാനമാര്‍ഗമല്ലാതായി മാറി. മക്കളെങ്കിലും നല്ല നിലയില്‍ ജീവിക്കട്ടെ എന്നാണ് മാതാപിതാക്കള്‍ ചിന്തിക്കുന്നത്.

പ്രതിവിധി ഇല്ലേ?
പുതിയ തലമുറ പഴയ രീതിയില്‍ ജീവിക്കാനിഷ്ടപ്പെടുന്നവരല്ല എന്നതാണ് വസ്തുത. പഠനത്തിന് ശേഷം എന്തെങ്കിലും ജോലി നേടുക എന്നതിനപ്പുറം സന്തോഷമായും സമാധാനമായും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും മറ്റുള്ള നാടുകളില്‍ ലഭിക്കുന്ന അവസരങ്ങളും സൗകര്യങ്ങളും വ്യക്തമായി പുതിയ തലമുറ മനസിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ സാധ്യതകള്‍ കാണാത്തതിനാലാണ് യുവതലമുറ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. അത് വലിയൊരു വിപത്തിലേക്കാണ് സമൂഹത്തെ കൊണ്ടുപോകുന്നത്. ഒരു തലമുറ കേരളത്തില്‍ ഇല്ലാതെ ആകുകയാണ്. 20 -30 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ നാം കാണുന്ന പുതിയ തലമുറയില്‍പ്പെട്ട 90 ശതമാനവും നാടുവിടും. അതിനര്‍ത്ഥം അവരുടെ പിന്‍തലമുറകളും കേരളത്തില്‍ ഉണ്ടാവില്ല എന്നാണ്. കേരളത്തില്‍ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന അന്യസംസ്ഥാനക്കാര്‍ ഇടകലര്‍ന്നുള്ള ഒരു പ്രത്യേക സമൂഹമായി സമീപഭാവിയില്‍ കേരളം മാറും.

യുവജനങ്ങളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ നിയമപരിഷ്‌കരണങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ചില പ്രഖ്യാപനങ്ങള്‍ കേട്ടി രുന്നു. അവസരങ്ങളും സംവിധാനങ്ങളും ഒരുക്കാതെ ഇവിടെ കിടന്ന് നരകിക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ ഏത് ഭരണകൂടത്തിനാണ് കഴിയുക? അത്തരമുള്ള നിയമങ്ങളോ തീരുമാനങ്ങളോ ഒന്നും ഈ ജനാധിപത്യ രാജ്യത്ത് നടപ്പാവുകയില്ല എന്ന് നിശ്ചയം. എന്താണ് യാഥാര്‍ത്ഥ്യം എന്ന് മനസിലാക്കി അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?