Follow Us On

26

April

2024

Friday

കാലിക പ്രസക്തമാകുന്ന ഡിജിറ്റല്‍ നോമ്പ്‌

കാലിക പ്രസക്തമാകുന്ന ഡിജിറ്റല്‍ നോമ്പ്‌

മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
(കോതമംഗലം രൂപതാധ്യക്ഷന്‍)

വലിയ നോമ്പിനോടനുബന്ധിച്ച് മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുന്നതിനോടൊപ്പം മൊബൈല്‍, ഇന്റര്‍നെറ്റ്, സീരിയല്‍ ഓണ്‍ലൈന്‍ ഗെയിം എന്നിവയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്ന സമയം പരിമിതപ്പെടുത്തുകയോ, അവയുടെ ഉപയോഗം ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഉചിതമെന്ന് ആഹ്വാനം ചെയ്തത് മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും, പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്. അനുദിനമെന്നോണം നാം ഉപയോഗിക്കുകയും കൈയില്‍ സൂക്ഷിക്കുകയും ചെയ്യുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള Digital gadgets എങ്ങനെ കൂടുതല്‍ കാര്യക്ഷമമായും ക്രിയാത്മകമായും ഉപയോഗിക്കാം, ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോഗം വഴിയുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെ എങ്ങനെ ഒഴിവാക്കാം, പക്വമായും കുലീനമായും എങ്ങനെ ഈ മാധ്യമസാധ്യതകളെ പ്രയോജനപ്പെടുത്താം; ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ‘ഡിജിറ്റല്‍ നോമ്പ്’ എന്ന ആശയം.

ആഗോള ഗ്രാമം

ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളെയും പുതിയ സമീപനങ്ങളെയും തുറന്നമനസോടെ വിശകലനം ചെയ്യുന്നവര്‍ക്കാണ് ‘ഡിജിറ്റല്‍ നോമ്പ്’ എന്ന ആശയത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമായി മനസിലാകുന്നത്. ആധുനിക സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളും ഉപകരണങ്ങളും അപ്പാടെ ഉപേക്ഷിക്കുക എന്ന തീവ്രനിലപാടിനപ്പുറത്ത് എല്ലാ മാനുഷിക കണ്ടുപിടുത്തങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ദൈവദാനമാണെന്നും അവ മനുഷ്യന്റെ വ്യക്തിപരവും സാമൂഹ്യവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് അനിവാര്യമായിത്തീരണം എന്ന പരിപക്വമായ ചിന്തയാണ് ‘ഡിജിറ്റല്‍ നോമ്പ്’ എന്ന ആശയത്തിന്റെ അടിസ്ഥാന ലക്ഷ്യം.

മാധ്യമരംഗത്തെ അതികായനും കനേഡിയന്‍ ചിന്തകനുമായ മാര്‍ഷല്‍ മഹ്‌ലുഹാന്‍ 1960-ല്‍ ലോകത്തിന് പരിചയപ്പെടുത്തിയ ഒരു പ്രയോഗമാണ് ‘world as a global village.’ ലോകം ഒരു ആഗോള ഗ്രാമം എന്ന സങ്കല്പമാണിത്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നീ സംവിധാനങ്ങള്‍ മനുഷ്യന്റെ വിദൂര സ്വപ്‌നത്തില്‍ പോലും ഇല്ലാതിരുന്ന കാലത്ത് ലോകം മുഴുവന്‍ ഒരു ഗ്രാമമായി ചുരുങ്ങും. ആര്‍ക്കും എവിടെയും സമയത്തിന്റെയും ദൂരത്തിന്റെയും പരിമിതികളില്ലാതെ എത്തിപ്പെടാനുള്ള വിര്‍ച്ച്വല്‍ സാധ്യത വരും എന്ന് മഹ്‌ലുഹാന്‍ പ്രവചിച്ചു. അത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. മാധ്യമങ്ങളുടെ അത്ഭുതകരമായ വളര്‍ച്ചയില്‍ ലോകം ഒരു ഗ്രാമമായി ചുരുങ്ങിയപ്പോള്‍ പരമ്പരാഗതമായി ഒരു ഗ്രാമത്തിലുണ്ടായിരുന്ന നന്മകളുടെ ശേഷിപ്പുകള്‍ പലതും കൈമോശം വന്നുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. നന്മ, സ്‌നേഹം, കൂട്ടായ്മ, പരസ്പര സഹകരണം എന്നിവയ്ക്ക് പകരം സ്വാര്‍ത്ഥത, സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, പരസ്പരം ബഹുമാനമില്ലാത്ത സംസാരങ്ങള്‍ എന്നിവ ‘ആഗോള ഗ്രാമ’ത്തിന്റെ അടയാളപ്പെടുത്തലുകളായി മാറി.

നോമ്പ് കാലിക പ്രസക്തമാകണം

പരമ്പാരഗതമായ നോമ്പാചരണ ശൈലികള്‍ക്ക് യാതൊരു കുറവും വരാതെതന്നെ നോമ്പ് കാലിക പ്രസക്തമാകണം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു നോമ്പാഹ്വാനം ഉടലെടുക്കുന്നത്. ധാരാളം യുവജനങ്ങള്‍ ഈ തരത്തിലുള്ളതോ ഇതിന് സമാനമായതോ ആയ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിജയിച്ചതും, ഡിജിറ്റല്‍ നിയന്ത്രണം വഴി കൈവന്ന മാനസിക ശാരീരിക ആത്മീയ ഉന്മേഷം പങ്കുവച്ചതും ഡിജിറ്റല്‍ നോമ്പ് എന്ന ആഹ്വാനത്തിന് കാരണമായിട്ടുണ്ട്. കൊറോണ കാലഘട്ടത്തിനുശേഷം കുട്ടികളിലും യുവജനങ്ങളിലും മുതിര്‍ന്നവരിലും സാധാരണയെന്നപോലെ കണ്ടുവരുന്ന പ്രശ്‌നങ്ങളാണ് Screen syndrome, Depression എന്നിവ. ‘Mobile Phone becomes an extented organ in the human body’ എന്ന് പറയാന്‍ തക്കവിധത്തില്‍ ഈ ഉപകരണം മനുഷ്യന്റെ സന്തസഹചാരിയായി തീര്‍ന്നിട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് ഇവ വഴിയുള്ള സാമൂഹ്യ സമ്പര്‍ക്ക നവ മാധ്യമങ്ങള്‍ സമൂഹത്തിനു നല്‍കുന്ന നന്മകള്‍ ഈ സാഹചര്യത്തില്‍ മറക്കുന്നില്ല. എങ്കിലും നല്ല വശങ്ങളെ അതിവേഗം മറച്ചുകളയുന്ന തരത്തിലുള്ള തിന്മയുടെ സ്വാധീനമാണ് പലപ്പോഴും ശക്തി പ്രാപിക്കുന്നത്.

 

ഡിജിറ്റല്‍ നോമ്പ്
ആചരിക്കാനുള്ള വഴികള്‍

• നമ്മുടെ കൈയിലുള്ള ഉശഴശമേഹ ഏമറഴലെേ കേവലം യന്ത്രങ്ങള്‍ മാത്രമാണെന്നും അവ മനുഷ്യരായ നമ്മളാല്‍ നിയന്ത്രിക്കപ്പെടേണ്ടത് മാത്രമാണെന്നുമുള്ള വ്യക്തമായ ധാരണ മനസില്‍ പതിപ്പിക്കണം.
• കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഡിജിറ്റല്‍ നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കുക. ആരെയും നിര്‍ബന്ധിച്ചോ അടിച്ചേല്‍പ്പിച്ചോ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കരുത്.
• മൊബൈല്‍ ഫോണില്‍ ആവശ്യമല്ലാത്തതും ഉപകാരപ്പെടാത്തതുമായ ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കില്‍ അവ uninstall ചെയ്യുക. ഉപകാരപ്രദവും, ആത്മീയ, ഭൗതിക, വൈകാരിക വളര്‍ച്ചയ്ക്ക് ഉതകുന്നതുമായ ആപ്ലിക്കേഷനുകള്‍ install ചെയ്യാന്‍ ശ്രദ്ധിക്കുക.
• Digital well being എന്ന സാധ്യത നമ്മുടെ കൈകളിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ തന്നെ ലഭ്യമാക്കുന്നുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതുവഴി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയം മനസിലാക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും സാധിക്കും.
• വ്യക്തിപരമായ ജീവിതത്തില്‍ ഓരോരുത്തരുടെയും ജീവിതാവസ്ഥയുടെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് Digital well being, Screen time restriction എന്നിവ പാലിക്കാവുന്നതാണ്.
• പഠനം, വിനോദം, എന്നിവയ്ക്കായി ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കുട്ടികള്‍ ചെലവഴിക്കുന്ന സമയം കൃത്യമായി നിജപ്പെടുത്താനും അവരെ ബോധവത്കരിക്കാനും മാധ്യമ അടിമത്തത്തിന് നമ്മുടെ കുടുംബങ്ങളിലെ കുട്ടികള്‍ അടിമപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്താനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. Parent Cotnrol, Google Family Link എന്നീ സംവിധാനങ്ങള്‍ വഴി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെ ശ്രദ്ധിക്കാനും നിയന്ത്രിക്കാനും സാധിക്കും.

 

മൊബൈലുകള്‍ നിയന്ത്രിക്കുന്ന കാലം

ദിവസത്തിന്റെ നല്ലൊരു ശതമാനം സമയവും ഇത്തരം ഉപകരണങ്ങളിലേക്കും അവയുടെ സ്‌ക്രീനുകളിലേക്കും ചുരുങ്ങുമ്പോള്‍ മനുഷ്യന്റെ ക്രിയാത്മകത, സര്‍ഗശേഷി, സാമൂഹ്യസമ്പര്‍ക്കങ്ങള്‍ എന്നിവ തകരും. ആധുനിക കുടുംബങ്ങള്‍ പലതും തകരുന്നതിന്റെയും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നതിന്റെയും പ്രധാന കാരണത്തിലൊന്ന് മാധ്യമ അടിമത്തമാണ്. ഞാനും എന്റെ മുറിയും എന്റെ മൊബൈലും അതിനുള്ളിലെ ആപ്ലിക്കേഷനുകളും ഗെയ്മുകളും എന്ന രീതിയിലേക്ക് ആധുനിക തലമുറ മാറിക്കൊണ്ടിരിക്കുന്നു. ഇത് മൂലം ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയും ചിന്തയും പുതിയ തലമുറയ്ക്ക് ഉണ്ടാകുന്നില്ല. ഇങ്ങനെ വളര്‍ന്നുവരുന്നവര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത അന്യംനിന്നുപോകും. വിര്‍ച്ച്വല്‍ ലോകത്ത് കാണുന്നതും കേള്‍ക്കുന്നതും യഥാര്‍ത്ഥ ലോകത്ത് സംഭവിക്കുന്നതല്ല എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ കുട്ടികളുടെ വൈകാരിക തലം ശോഷിച്ച് പോകുന്ന സാഹചര്യവും സംജാതമാകും.

ഈ സാഹചര്യത്തിലാണ് 2022 -ലെ നോമ്പുകാല സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ പ്രസക്തമാകുന്നത്. ‘ഡിജിറ്റല്‍ മാധ്യമങ്ങളിലുള്ള അടിമത്തം മാനുഷിക ബന്ധങ്ങളെ തകര്‍ക്കും.’ നാം കണ്ടുപിടിച്ച ഉപകരണങ്ങളും ശാസ്ത്രസാങ്കേതികവിദ്യകളും നമ്മെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ദൗര്‍ഭാഗ്യവശാല്‍ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നമ്മുടെ ദിനചര്യകളെയും അനുദിന പ്രവര്‍ത്തനങ്ങളെയും അമിതമായി സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. ഈ ഗുരുതര പ്രശ്‌നത്തെ പരിഹരിക്കാനും മറികടക്കാനുമുള്ള പ്രായോഗിക സാധ്യതയാണ് ഡിജിറ്റല്‍ നോമ്പ് തുറന്നുതരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?