Follow Us On

15

July

2025

Tuesday

ക്രിസ്തുവിന്റെ സൗഖ്യവും സ്‌നേഹവും അനുഭവിക്കുന്നവര്‍ക്ക് അവിടുത്തെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയും: ലിയോ 14 ാമന്‍ പാപ്പ

ക്രിസ്തുവിന്റെ സൗഖ്യവും സ്‌നേഹവും അനുഭവിക്കുന്നവര്‍ക്ക് അവിടുത്തെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയും: ലിയോ 14 ാമന്‍ പാപ്പ

റോം: ക്രിസ്തു നമ്മെ സൗഖ്യമാക്കുകയും സ്‌നേഹിക്കുകയും ചെയ്തുകഴിയുമ്പോള്‍ നമുക്ക് അവിടുത്തെ  സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന്‍ കഴിയുമെന്ന് ലിയോ 14 ാമന്‍ പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വില്ലനോവയിലെ വിശുദ്ധ തോമസിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ ഞായറാഴ്ച ദിവ്യബലിയര്‍പ്പിച്ച്  നല്ല സമരിയാക്കാരന്റെ ഉപമയെക്കുറിച്ച് വിചിന്തനം ചെയ്യുകയായിരുന്നു പാപ്പ. നിയമത്തിന്റെ ബാഹ്യമായ ആചരണത്തില്‍ സംതൃപ്തി കണ്ടെത്തുകയും അതേസമയം ദൈവത്തെപ്പോലെ കരുണാമയമായ അനുകമ്പയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന നിസംഗമായ ഒരു വിശ്വാസത്തെക്കുറിച്ച് ഈ ഉപമ മുന്നറിയിപ്പ് നല്‍കുന്നതായി പാപ്പ പറഞ്ഞു.

മനുഷ്യകുലത്തെ അനുകമ്പയോടെ കണ്ടുകൊണ്ട് പിതാവ്  ചരിത്രത്തിലേക്ക് അയച്ച യേശുവിന്റെ പ്രതിരൂപമാണ് നല്ല സമരിയാക്കാരന്‍ എന്ന് പാപ്പ പറഞ്ഞു. ജറുസലേമില്‍ നിന്ന് ജെറിക്കോയിലേക്ക് പോയ മനുഷ്യനെപ്പോലെ, മനുഷ്യകുലം മരണത്തിന്റെ ആഴങ്ങളിലേക്ക്  താന്നുകൊണ്ടിരുന്ന സമയത്താണ് നല്ല സമറായനായ ഈശോ നമ്മുടെ മുറിവുകള്‍ സൗഖ്യപ്പെടുത്തുന്നതിനും സ്‌നേഹത്തിന്റെയും കരുണയുടെയും ലേപനം ഒഴിക്കുന്നതിനുമായി കടന്നുവന്നത്.
ക്രിസ്തു നമുക്ക് കരുണാമയനായ ദൈവത്തിന്റെ മുഖം കാണിച്ചുതരുന്നുവെങ്കില്‍, അവനില്‍ വിശ്വസിക്കുകയും അവന്റെ ശിഷ്യന്മാരാകുകയും ചെയ്യുക എന്നതിനര്‍ത്ഥം ക്രിസ്തുവിന്റെ അതേ വികാരങ്ങള്‍ സ്വീകരിക്കുക എന്നാണെന്ന് പാപ്പ പറഞ്ഞു. സഹാനുഭൂതി നിറഞ്ഞ ഒരു ഹൃദയവും, മറ്റുള്ളവരുടെ വേദന  കാണുന്ന കണ്ണുകളും മറ്റുള്ളവരെ സഹായിക്കുന്നതും അവരുടെ മുറിവുകള്‍ ശമിപ്പിക്കുന്നതുമായ കൈകളും ആവശ്യമുള്ളവരുടെ ഭാരം വഹിക്കുന്ന തോളുകളും ഉണ്ടായിരിക്കുക എന്നതാണ് ഇതിന്റെ അര്‍ത്ഥമെന്നും പാപ്പ വിശദീകരിച്ചു.

ഇന്ന് നമുക്ക് ഈ സ്‌നേഹത്തിന്റെ വിപ്ലവം ആവശ്യമാണ്. ജറുസലേമില്‍ നിന്ന് ജെറീക്കോയിലേക്കുള്ള പാത പാപത്തിലേക്കും കഷ്ടപ്പാടിലേക്കും ദാരിദ്ര്യത്തിലേക്കും അധഃപതിക്കുന്ന എല്ലാവരും സഞ്ചരിക്കുന്ന പാതയാണ്. അവരില്‍ നിന്ന് നാം മാറി നടക്കുമോ അതോ നല്ല സമറായനപ്പോലെ അവര്‍ക്കായി ഹൃദയം തുറക്കുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം? നമ്മുടെ ഗ്രൂപ്പിന്റെ ഭാഗമായ, നമ്മളെപ്പോലെ ചിന്തിക്കുന്ന, നമ്മുടെ അതേ ദേശീയതയോ മതമോ പങ്കിടുന്നവരെ മാത്രം നമ്മുടെ അയല്‍ക്കാരനായി കണക്കാക്കി സംതൃപ്തിയടന്നുവരാണോ നാമെന്ന് വിചിന്തനം ചെയ്യുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. നല്ല സമറയാനനായ ക്രിസ്തുവിലേക്ക് ഒരിക്കല്‍ കൂടെ  നോക്കുവാന്‍ ക്ഷണിച്ചുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്-‘ ഇന്ന് നമുക്ക് അവന്റെ ശബ്ദം വീണ്ടും കേള്‍ക്കാം. കാരണം അവന്‍ നമ്മില്‍ ഓരോരുത്തരോടും പറയുന്നു, ‘പോയി അതുപോലെ ചെയ്യുക’ എന്ന്.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?