കോഴിക്കോട്: കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടനകേന്ദ്രം റോഡരികില്‍ സ്ഥാപിച്ച ഗ്രോട്ടോകള്‍ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. രണ്ട് ഗ്രോട്ടോകളുടെ ചില്ലുകള്‍ തകര്‍ത്തു. ചെമ്പ്ര ടൗണില്‍നിന്നും തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള റോഡില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തുന്നതിനായി ആറും ഏഴും സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഗ്രോട്ടോകളുടെ ചില്ലുകളാണ് തകര്‍ത്തിരിക്കുന്നത്.
ഒരു ഗ്രോട്ടോയുടെ ഉള്ളില്‍ എറിയാന്‍ ഉപയോഗിച്ചതാണെന്നു കരുതുന്ന കല്ലും ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് (ജൂലൈ 13) ഒരു ഗ്രോട്ടോയുടെ ചില്ല് തകര്‍ന്ന നിലയില്‍ ഇടവകക്കാര്‍ കണ്ടത്. എന്തെങ്കിലും വീണ് ചില്ല് തകര്‍ന്നതായിരിക്കുമെന്നാണ് വിശ്വാസികള്‍ കരുതിയത്. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം വീണ്ടും സമീപത്തുള്ള മറ്റൊരു ഗ്രോട്ടോയുടെ ചില്ലും തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. ഇതേതുടര്‍ന്നാണ് അതിക്രമം നടന്നതായി മനസിലായത്.
വിശ്വാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ദൈവാലയ കമ്മിറ്റി പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്‍കി. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *