Follow Us On

19

March

2025

Wednesday

ക്രിസ്തുവിശ്വാസത്തിന് ദോഷകരമായ നിയമങ്ങൾ ഇസ്രായേൽ ഭരണകൂടം പാസാക്കില്ല; ഉറപ്പുനൽകി ഇസ്രായേൽ പ്രധാനമന്ത്രി

ക്രിസ്തുവിശ്വാസത്തിന് ദോഷകരമായ നിയമങ്ങൾ ഇസ്രായേൽ ഭരണകൂടം പാസാക്കില്ല;  ഉറപ്പുനൽകി ഇസ്രായേൽ പ്രധാനമന്ത്രി

ജെറുസലേം: ക്രൈസ്തവ വിശ്വാസത്തിന് ദോഷകരമായ നിയമങ്ങളൊന്നും ഇസ്രായേൽ ഭരണകൂടം പാസാക്കില്ലെന്ന് ഉറപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്ത് സുവിശേഷം പ്രഘോഷിക്കുന്നത് തടയുന്ന നിയമം കൊണ്ടുവരുമെന്ന് രണ്ട് ഇസ്രായേലി പാർലമെന്റേറിയന്മാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രസ്തുത നീക്കങ്ങളൊന്നും നടപ്പാക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു ക്രൈസ്തവർക്ക് ഉറപ്പു നൽകിയത്.

‘ക്രിസ്ത്യൻ സമൂഹത്തിനെതിരായ ഒരു നിയമവും ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകില്ല,’ എന്ന് ഇംഗ്ലീഷിലും ഹീബ്രുവിലും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം അദ്ദേഹം വ്യക്തമാക്കിയത്. ക്രിസ്തുവിനെ കുറിച്ചോ സുവിശേഷത്തെ കുറിച്ചോ പങ്കുവെക്കുന്നത് ജയിൽശിക്ഷ കിട്ടാവുന്ന കുറ്റമാക്കി മാറ്റുന്ന നിയമനിർമാണ ശ്രമത്തിനാണ് കൂട്ടുകക്ഷി മന്ത്രിസഭയിലെ തീവ്ര യഹൂദവാദികളായ രണ്ട് പാർലമെന്റേറിയന്മാർ നീക്കം നടത്തിയത്.

പ്രായപൂർത്തിയായ ഒരാളെ നേരിട്ടോ, ഓൺലൈൻ മുഖേനയോ, കത്തിലൂടെയോ ക്രിസ്തുവിശ്വാസത്തിലേക്ക് മതം മാറ്റാൻ ശ്രമിച്ചാൽ ഒരു വർഷവും പ്രായപൂർത്തിയാകാത്തയാളെ മതം മാറ്റാൻ ശ്രമിച്ചാൽ രണ്ട് വർഷവും ജയിൽശിക്ഷ നൽകണമെന്ന് ബിൽ ശുപാർശ ചെയ്തിരുന്നു. ‘യുണൈറ്റഡ് തോറ ജൂദിസം’ പാർട്ടി അംഗങ്ങളായ മോഷേ ഗാഫ്‌നി, യാക്കോവ് ആഷെർ എന്നിവരായിരുന്നു വിവാദ ബില്ലിന്റെ അവതാരകർ. യേശുവിനെ കുറിച്ച് പഠിപ്പിക്കുന്ന ഓൺലൈൻ വീഡിയോകൾ പോലും നിയമവിരുദ്ധമാക്കുന്നതായിരുന്നു ബില്ലിലെ വ്യവസ്ഥകൾ.

ഇത്തരം വിവാദ ബില്ലുകൾ നിരവധി തവണ നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള കുറഞ്ഞ പിന്തുണപോലും ലഭിക്കാറില്ല എന്നതാണ് വസ്തുത. വളരെ കുറച്ച് പാർലമെന്റേറിയന്മാർ മാത്രമേ ഇത്തരം വ്യവസ്ഥകളെ അനുകൂലിക്കാറുള്ളൂ. അതുകൊണ്ടുതന്നെ, ഇത്തരം ബില്ലുകൾ നിർദേശിക്കുന്നതിന് അപ്പുറം മുന്നോട്ടു പോകാറില്ല. എന്തായാലും, ക്രൈസ്തവ നേതാക്കളുടെ പ്രതികരണങ്ങൾ ഇത്രയേറെ വേഗത്തിൽ നിയമനിർമാണ ശ്രമത്തെ തള്ളിക്കളയാൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?