താമരശേരി: ആധുനിക കാലഘട്ടത്തില്‍ ലോകം മുഴുവന്‍ ശ്രവിക്കാന്‍ കാതോര്‍ത്തിരുന്ന ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേതെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ ദൈവത്തിനും ദൈവജനത്തിനും വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു ഇടയനെയാണ് ലോകത്തിന് നഷ്ടമാകുന്നതെന്ന് മാര്‍ ഇഞ്ചനാനിയില്‍ അനുശോചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
വിനയം, ദൈവ കാരുണ്യത്തിലുള്ള ഊന്നല്‍, ദരിദ്രരോടുള്ള അളവറ്റ കരുതല്‍, മതാന്തര സംവാദത്തോടുള്ള പ്രതിബദ്ധത എന്നിവയാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെ അറിയപ്പെട്ടിരുന്നു. ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചുള്ള തന്റെ നാല് ചാക്രികലേഖനങ്ങളും ലോകം മൂഴുവന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമ്പോള്‍, പ്രത്യേകിച്ച്, യുദ്ധസമയങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ശക്തമായ ആഹ്വാനങ്ങള്‍ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആധുനിക ജീവിതചര്യകള്‍ക്ക് ലോകം കീഴ്‌പ്പെട്ടപ്പോള്‍ ധാര്‍മ്മിക ഉത്തരമായിരുന്നത് പരിശുദ്ധ പിതാവിന്റെ വാക്കുകളാണ്.
അഭയാര്‍ത്ഥികളെ സ്വീകരിച്ച് അവര്‍ക്ക് അഭയമായി മാറിയ പരിശുദ്ധ പിതാവിനെ ലോകം വളരെ അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്. തനിക്ക് മുന്നില്‍ വരുന്നവരിലെല്ലാം ദൈവത്തെ കണ്ടുകൊണ്ട് സ്‌നേഹത്തോടെയും സൗഹൃദത്തോടെയും ജാതിമതഭേദെമെന്യേ സ്വീകരിച്ചിരുന്നു. ആ ഇടപെടലുകളും വാക്കുകളും നിലപാടുകളും ഒക്കെയാണ് പരിശുദ്ധ പിതാവിനെ ലോകത്തിന്റെ പിതാവാക്കി മാറ്റിയതെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *