കാഞ്ഞിരപ്പള്ളി: ഊഷ്മളമായ സ്നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍ കാണാനിടയായതെന്നും, ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു പരിശുദ്ധ പിതാവെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലര്‍ത്തിയ വലിയ മനുഷ്യസ്നേഹിയും, ആഗോള കത്തോലിക്കാ സഭയെ കാലത്തിനൊത്ത കാഴ്ചപ്പാടുകളോടെ നേര്‍ദിശയില്‍ നയിച്ച വ്യക്തിയുമാണ് ഫ്രാന്‍സിസ് പാപ്പ എന്ന് മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
മനുഷ്യസമൂഹത്തോടു മാത്രമല്ല പ്രകൃതിയോടും പരിസ്ഥിതിയോടും പിതാവിന് വലിയ പ്രതിബദ്ധതയുണ്ടായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ലോകരാഷ്ട്രങ്ങളെയും രാഷ്ട്രത്തലവന്‍മാരെയും അദ്ദേഹം പരിഗണിച്ചു. മുഖം നോക്കാതെ നിലപാടുകള്‍ തുറന്നുപറയുകയും ആഗോള സാഹോദര്യത്തിന്റെ അപ്പസ്തോലനായി നിലകൊള്ളുകയും ചെയ്തു.
എക്കാലവും ലോകമനസില്‍ പരിശുദ്ധ പിതാവിനെക്കുറിച്ചുള്ള ദീപ്തസ്മരണമായാതെ നില്‍ക്കും. വന്ദ്യപിതാവിന്റെ വേര്‍പാടില്‍ അനുശോചിക്കുകയും കാഞ്ഞിരപ്പള്ളി രൂപതാക്കൂട്ടായ്മ ഒന്നാകെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പരിശുദ്ധ കുര്‍ബാനയിലും യാമ നമസ്‌കാരങ്ങളിലുള്‍പ്പെടെയുള്ള കുടുംബപ്രാര്‍ത്ഥനകളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കേണ്ടതാണന്ന് മാര്‍ ജോസ് പുളിക്കല്‍ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *