കെ.ജെ. മാത്യു
(മാനേജിംഗ് എഡിറ്റര്‍)
ഉയിര്‍പ്പുതിരുനാള്‍ ആഗതമാകുകയാണ്. എന്താണ് ഉയിര്‍പ്പിന്റെ രഹസ്യം? മരിക്കാന്‍ തയാറാകുന്നവര്‍ക്കുമാത്രമേ ഉയിര്‍പ്പിന്റെ സന്തോഷത്തില്‍ പങ്കാളികളാകുവാന്‍ സാധിക്കുകയുള്ളൂ. ക്രിസ്തു നമ്മുടെ പാപങ്ങളെപ്രതി മരിച്ചു, അതിനാല്‍ പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചു. ഇന്ന് എല്ലാവരും ജീവിക്കാനുള്ള തത്രപ്പാടിലാണ്. സ്വന്തം സുഖവും സൗകര്യങ്ങളും വര്‍ധിപ്പിച്ച് ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ സമൂഹത്തിലും സഭയിലും സ്വയം ഇല്ലാതാകുന്ന സമര്‍പ്പിതരുടെ എണ്ണം വര്‍ധിക്കുമ്പോഴേ സമൂഹത്തിലും സഭയിലും ഉയിര്‍പ്പിന്റെ ശക്തി അനുഭവിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന നിസംഗതാ മനോഭാവം ഇന്നു വളര്‍ന്നുവരുന്നത് തികച്ചും അപകടകരമാണ്. സമൂഹത്തിലും സഭയിലും രാജ്യത്തും ആഞ്ഞടിക്കുന്ന അപചയങ്ങളുടെ ശീതക്കാറ്റ് നമ്മുടെ സുഖമേഖലയിലും കടന്നുവരുമെന്നുറപ്പാണ്. ‘ഒരു മനുഷ്യനും ഒരു ദ്വീപല്ല’ എന്ന പ്രശസ്ത ആംഗലേയ കവി ജോണ്‍ സണ്ണിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്.
ഇരുട്ട് കാണാതിരിക്കുവാന്‍ കണ്ണടയ്ക്കുകയല്ല വേണ്ടത്, പടരുന്ന ഇരുട്ടിനെ തടയുവാന്‍ പ്രകാശമായ ദൈവത്തിന്റെ മുമ്പില്‍ ത്യാഗമെടുത്ത് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്. നമുക്ക് അസാധ്യമെന്ന് തോന്നുന്നത്, ദൈവത്തിന് ചെയ്യുവാന്‍ സാധിക്കും. ”യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്. എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ്” (മത്തായി 19:26). ഉറങ്ങുവാനും വിശ്രമിക്കുവാനുമുള്ള മനുഷ്യന്റെ സ്വാഭാവിക ഇച്ഛയെ നിയന്ത്രിച്ച് ഇരുളിന്റെ പ്രവൃത്തികള്‍ കൂടുതല്‍ നടമാടുന്ന രാത്രികാലങ്ങളില്‍ ഉണര്‍ന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ഉണ്ടാകട്ടെ. ദൈവം നിശ്ചയമായും ഇടപെടും. ദൈവത്തിന്റെ പ്രവൃത്തി വെളിപ്പെടുന്നതുവരെ അതു തുടരണമെന്ന് വിശുദ്ധ ഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു. ”എന്റെ ജനതയുടെ പുത്രിക്കുണ്ടായ നാശം നിമിത്തം എന്റെ കണ്ണുകളില്‍നിന്ന് നീര്‍ച്ചാലുകള്‍ ഒഴുകുന്നു. തന്റെ കണ്ണുനീര്‍ അവിരാമം പ്രവഹിക്കും. കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് നോക്കിക്കാണുന്നതുവരെ അത് നിലയ്ക്കുകയില്ല” (വിലാപങ്ങള്‍ 3:48-50).
ഇന്നത്തെ മരണസംസ്‌കാരത്തിന് ഒരു വെല്ലുവിളിയാണ് ക്രിസ്തുവിന്റെ മരണത്തില്‍നിന്നുള്ള പുനരുത്ഥാനം. മരണത്തോടെ എല്ലാം അവസാനിക്കുന്നു, മരണത്തിനപ്പുറത്ത് ഒന്നുമില്ല. അതിനാല്‍ തിന്നുകയും കുടിക്കുകയും ജീവിതം കൊണ്ടാടുകയും ചെയ്യാം. ഈ ഭൗതികചിന്ത വിശ്വാസികളെപ്പോലും ഇന്ന് കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ സ്വര്‍ഗം പണിയുവാന്‍ തിടുക്കം കൂട്ടുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് മരണത്തിനപ്പുറം ഒരു ജീവിതമുണ്ട്, നിത്യജീവിതമുണ്ട് എന്ന സത്യം നമ്മെ ഓര്‍മിപ്പിക്കുന്നു. നശ്വരമായ ഈലോക ജീവിതത്തില്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നവരാകാതെ, സ്വര്‍ഗത്തില്‍ നിക്ഷേപം സൂക്ഷിക്കുന്ന വിവേകമുള്ളവരായി നാം മാറുമ്പോള്‍ നമ്മുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാകും.
നിങ്ങള്‍ പ്രത്യാശ വച്ചിരിക്കുന്നത് എവിടെയാണെന്ന് തിരിച്ചറിയുവാന്‍ ഒരു നല്ല ടെസ്റ്റ്‌ഡോസ് ഈശോ നല്‍കുന്നു. നിങ്ങളുടെ ഹൃദയം എവിടെയാണ്? ”നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 8:21). ഭൂമിയില്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നവര്‍ ഐഹിക ജീവിതത്തില്‍ പ്രത്യാശ വയ്ക്കുന്നു. സ്വര്‍ഗത്തില്‍ നിക്ഷേപം സൂക്ഷിക്കുന്നവര്‍ നിത്യജീവിതത്തെ ലക്ഷ്യംവച്ച് ജീവിക്കുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ച് സംശയമുള്ളവര്‍ക്കായി നിരീശ്വരവാദിയായിരുന്ന, ഹാര്‍വാര്‍ഡ് മെഡിക്കല്‍ കോളജിലെ പ്രശസ്ത ന്യൂറോ സര്‍ജനായ ഡോ. എബന്‍ അലക്‌സാണ്ടര്‍ എഴുതിയ ‘ജൃീീള ീള ഒലമ്‌ലി’ എന്ന പുസ്തകം ശിപാര്‍ശ ചെയ്യുന്നു.
ഈസ്റ്റര്‍ പ്രത്യാശയുടെ തിരുനാളാണ്. കഷ്ടങ്ങളും ദുരിതങ്ങളും ജീവിതത്തെ വന്നുമൂടുമ്പോള്‍ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കൂടുതല്‍ മഹത്തരമായ ഒന്നിനോടാണ് നമ്മുടെ ഈ ജീവിതത്തിലെ കഷ്ടതകള്‍ താരതമ്യം ചെയ്യേണ്ടത്. ഈസ്റ്ററിന്റെ മഹാതേജസിനോട് താരതമ്യം ചെയ്യുമ്പോള്‍ ദുഃഖവെള്ളിയാഴ്ചകളുടെ പീഡകളും നൊമ്പരങ്ങളും അപമാനങ്ങളും എത്ര നിസാരമാണ്. ഈ ചിന്ത യേശുവിനെപ്രതി അപമാനം സഹിക്കുന്നവര്‍ക്ക് ഇന്ന് കൂടുതല്‍ ബലം പകരും. കഷ്ടതകളില്‍ ദൈവത്തെ സ്തുതിക്കുവാന്‍ അവര്‍ക്ക് അവിടുന്ന് കൃപ നല്‍കും. കാരണം ഏശയ്യാ പ്രവാചകന്‍ പറയുന്നു: ”ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്” (ഏശയ്യാ 12:2). കഷ്ടതയനുഭവിക്കുന്നവന് ദൈവം ആനന്ദത്തിന്റെ ഗാനമാണെന്നാണ് ഈസ്റ്റര്‍ നല്‍കുന്ന പ്രത്യാശയുടെ സദ്‌വാര്‍ത്ത.
ഈസ്റ്റര്‍ നമ്മെ ഓര്‍മിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം യേശുവിന്റെ വാക്കുകള്‍ വിശ്വസനീയമാണ് എന്നതാണ്. അവിടുന്ന് പറഞ്ഞാല്‍ പറഞ്ഞതുപോലെതന്നെ ചെയ്യും. ”ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍ എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല” (മര്‍ക്കോസ് 13:31). എത്ര ഉറപ്പോടെയാണ് യേശു തന്റെ വാക്കുകളുടെ നൈരന്തര്യത്തെ എടുത്തുപറയുന്നത്. യേശു തന്റെ മരണത്തെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞതുപോലെതന്നെ ഉയിര്‍പ്പിനെക്കുറിച്ചും പറഞ്ഞു. ”അപ്പോള്‍മുതല്‍ യേശു, തനിക്ക് ജറുസലേമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരില്‍നിന്നും പ്രധാന പുരോഹിതന്മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചുതുടങ്ങി” (മത്തായി 16:21).
രണ്ടു കാര്യങ്ങളും സംഭവിച്ചു. ഇത് യേശുവിനെ പൂര്‍ണ മനസോടെ അനുധാവനം ചെയ്യുവാന്‍ തീരുമാനമെടുത്ത സമര്‍പ്പിതര്‍ക്കും ശുശ്രൂഷകര്‍ക്കും മറ്റുള്ള എല്ലാവര്‍ക്കും ഒരു സുവര്‍ണരേഖയാണ്. എത്ര പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും അവിടുന്ന് നിങ്ങളെ ഒരിക്കലും കൈവിടുകയില്ല. ”ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹ. 16:33). നിങ്ങളുടെ സമര്‍പ്പണത്തെ ബലപ്പെടുത്തുന്ന ഒരു ദിനമായി ഈ ഈസ്റ്റര്‍ദിവസം മാറട്ടെ.
എല്ലാവര്‍ക്കും ഉയിര്‍പ്പുതിരുനാള്‍ മംഗളങ്ങള്‍!
Leave a Comment
Your email address will not be published. Required fields are marked with *