Follow Us On

27

July

2024

Saturday

ദുഃഖശനിയിലെ തിരിനാളം

''ഫലം ചൂടാത്ത കാത്തിരിപ്പില്ല, വഴി മാറാത്ത ദുഃഖവെള്ളികളുമില്ല. കാരണം, പ്രപഞ്ചത്തിന്റെ നായകൻ ക്രിസ്തുവാണ്.''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ 49

ദുഃഖശനിയിലെ തിരിനാളം

”കുരിശുയാത്രയിൽ സാന്ത്വനത്തിന്റെ ചില സ്ഥലങ്ങളുണ്ട്. അമ്മ മറിയവുമായുള്ള കണ്ടുമുട്ടൽ അതിൽ പ്രധാനപ്പെട്ടതാണ്. അമ്മയുടെ വിശ്വസ്തതയും നന്മയും രക്ഷകന്റെ മരണംവരെ മാത്രമല്ല അതിനപ്പുറവും തുടർന്നു. ധീരതയുള്ള ഒരു വനിതയെ- വേറോനിക്ക- കുരിശുയാത്രയിൽ നാം കാണുന്നു. കർത്താവിനോടുള്ള ആദരവും സഹിക്കുന്നവനൊപ്പം നിൽക്കാനുള്ള മനസും അവൾക്കുണ്ടായിരുന്നു. ആഫ്രിക്കയിൽനിന്നുള്ള സൈറീൻകാരൻ ശിമയോനെയും നാം കാണുന്നുണ്ട്, കുരിശുയാത്രയിൽ യേശുവിനെ സഹായിക്കുന്നവനായി. അപ്രകാരമുള്ള സാന്ത്വനത്തിന്റെ സ്ഥലങ്ങൾ കുരിശുയാത്രയിൽ പലയിടത്തുമുണ്ട്. അത് ഇന്നും തുടരുന്നു.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, കുരിശിന്റെ വഴി, 14 ഏപ്രിൽ 2006)

വൈകാരികമായ ഏറെ അനുഭവങ്ങൾ കൈമാറിക്കണ്ട് ദുഃഖവെള്ളി കടന്നുപോയി. അടുത്ത ദിനം ഏറെ ശൂന്യതയുടെയും മനനത്തിന്റേതുമാണ്. ഒരർത്ഥത്തിൽ, പ്രപഞ്ചത്തിന്റെ പരിസരത്തുനിന്നും ദൈവസുതൻ അപ്രത്യക്ഷനായ ദിനം. അതോടെ പലരും പ്രത്യാശയുടെ വിളക്ക് ജീവിത്തിൽ ഊതിക്കെടുത്തി. ശിഷ്യർ ചിതറിയോടിയിരുന്നു. ദൈവസാന്നിധ്യത്തിന്റെ കുന്നിൽനിന്നും എമ്മാവൂസിന്റെ താഴ്‌വരയിലേക്ക് നയിക്കാൻ ചിലർ ഒരുങ്ങുന്നു. ഇതിനിടയിലും പ്രത്യാശയുടെ വെട്ടം കെട്ടുപോകാരെ സൂക്ഷിച്ചവൾ മറിയം മാത്രമാണ്. ദുഃഖശനിയിലെ മറിയം എക്കാലത്തും സഭയുടെ ധ്യാനവിഷയമാണ്. രക്ഷകന്റെ ഉയിർപ്പിനായി കാത്തിരുന്നതുപോലെ, ക്രിസ്തുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന സഭയുടെ പ്രത്യാശയും മറിയമാണ്. അവൾ നമ്മെ അതിനായി നിരന്തരം ഒരുക്കുന്നു.

ദുഃഖശനിയിൽ മനസിടറാതെയും ഇടറിയവരെ ചേർത്തുപിടിക്കുകയും ചെയ്തതിനാൽ ആണ്ടുവട്ടത്തിലെ എല്ലാ ശനിയും മറിയത്തെ പ്രകീർത്തിക്കുന്ന ദിനമാണ്. അന്ന്, ആദ്യ ദുഃഖശനിയിൽ അന്ത്യത്താഴം ഒരുക്കിയ ആ മുറിയിലേക്ക് ഒരിക്കൽക്കൂടി മറിയം കടന്നുചെന്നു. അപ്പോൾ പത്രോസ് അവിടെയുണ്ട്. അയാളിരുന്ന് കരയുകയാണ്. ഗുരുവിനെ തള്ളിപ്പറഞ്ഞതിന്റെ ആഘാതം അത്ര വലുതായിരുന്നു. ദുഃഖശനിയുടെ നിശബ്ദത പത്രോസിന്റെ കണ്ണീരിന്റെ ദിനം കൂടിയായിരുന്നു. ആദിമ ക്രിസ്ത്യാനികൾ വലിയ ശനിയാഴ്ച ദിവസം മാമ്മോദീസ നൽകുന്ന ദിനമാക്കി മാറ്റിയത് ഓർക്കുക,

പത്രോസിനെ മറിയം ഓർമിപ്പിച്ചു, രക്ഷകൻ മരിക്കുംമുമ്പേ ആവർത്തിച്ച് നിലവിളിച്ച പ്രാർത്ഥന: ”ആബ്ബാ ഇവരോട് പൊറുക്കേണമെ.” പത്രോസേ, രക്ഷകൻ നിന്നോട് പൊറുത്തുകഴിഞ്ഞു. ദൈവം പൊറുത്തത് ഇനിയും ചുമന്നു നടക്കരുത്. അവിടുന്ന് മോചിപ്പിച്ചതിനാൽ ഇനിയും തടവറയിൽ ഒരിക്കലും പോകേണ്ടതില്ല. മറിയം വിരുന്നൊരുക്കി അന്ന്. തളർന്ന പത്രോസ് സഭയുടെതന്നെ പ്രതിനിധിയാണ്. മറിയം അവനിൽ പ്രത്യാശ വളർത്തി. ഉത്ഥാനത്തിലുള്ള പ്രത്യാശയുടെ കനൽ ഉജ്ജ്വലിപ്പിക്കാൻ അവൾക്കായി. ഇന്നും പ്രത്യാശ വേണമെങ്കിൽ രക്ഷകൻ നമുക്കായി ഏൽപ്പിച്ചുതന്നെ അമ്മയുടെ അടുത്തേക്ക് പോകണം.

ദുഃഖശനിയിൽ സൂര്യന്റെ വെളിച്ചം ഒരുപക്ഷേ ശക്തമല്ല, തിരശീല കീറിയ ദൈവാലയത്തിൽ ബലികളുമില്ല. ജീവിച്ചിരുന്ന കാലത്ത്, താൻ മരിച്ചാലും ഉയിർത്തെഴുന്നേൽക്കുമെന്ന് പറഞ്ഞ ക്രിസ്തുവിന്റെ വാക്കാണ് പലരുടെയും ഉറക്കം കെടുത്തിയത്. നരകശക്തികൾ കല്ലറയ്ക്ക് ചുറ്റും കാവലുണ്ട്. രക്ഷകന്റെ ജനനം സാധ്യമാകാതിരിക്കാൻ നരകശക്തികൾ എത്രയധികം അധ്വാനിച്ചോ, ജനനശേഷം അവനെ നശിപ്പിക്കാൻ പദ്ധതികൾ ഒരുക്കിയോ, അതിന്റെ പതിന്മടങ്ങ് തീവ്രതയിലാണ് കാര്യങ്ങൾ സജ്ജീകരിക്കുന്നത്. എന്നിട്ടും ഭൂമിയിൽ നിശബ്ദത ഭേദിച്ച് മൂന്നാംനാൾ അവിടുന്ന് ഉയിർത്തെഴുന്നേറ്റു.

ഫലം ചൂടാത്ത കാത്തിരിപ്പില്ല, വഴി മാറാത്ത ദുഃഖവെള്ളികളുമില്ല. കാരണം, പ്രപഞ്ചത്തിന്റെ നായകൻ ക്രിസ്തുവാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?