Follow Us On

25

April

2024

Thursday

ദയവായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

ദയവായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

നമ്മള്‍ ജീവിക്കുന്ന ഈ ആഴ്ചകളെപ്പറ്റി ഒന്ന് ഓര്‍ത്തുനോക്കിക്കേ. ഒന്നാമത് കടുത്ത ചൂട്, വരള്‍ച്ച, ജലക്ഷാമം. രണ്ടാമത് അവധിക്കാലം. ആളുകള്‍ ധാരാളം യാത്രകള്‍ നടത്തുന്ന കാലം. പല യാത്രകളും കുട്ടികളെയുംകൊണ്ടാണ്. യുവജനങ്ങളും ധാരാളം യാത്രകള്‍ നടത്തുന്നു. മൂന്നാമത്, വീണ്ടും കോവിഡ് വ്യാപിക്കുന്ന കാലം. അതിനാല്‍ ഈ നാളുകളില്‍ ജീവിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വലിയ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. കടുത്ത ചൂടും വരള്‍ച്ചയും ജലക്ഷാമവുമുള്ള ദിവസങ്ങളാണ് ഇതെന്ന് ഓര്‍ക്കണം. അതിനാല്‍ കടുത്ത ചൂടില്‍നിന്നും സംരക്ഷണം കിട്ടാന്‍ ഓരോരുത്തരും സ്വയം ശ്രദ്ധിക്കണം; മറ്റുള്ളവര്‍ അതിന് എല്ലാവരെയും സഹായിക്കണം. കടുത്ത ചൂടിന്റെ സമയത്തുള്ള കായികാധ്വാനങ്ങള്‍, കാല്‍നട യാത്ര എന്നിവയൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ പുറംജോലികള്‍ ചെയ്യിക്കരുത് എന്നും ചെയ്യരുത് എന്നുമുള്ള നിര്‍ദേശങ്ങള്‍ നമുക്ക് അറിയാമല്ലോ.

പൊരിവെയിലത്തുള്ള കാല്‍നട യാത്രകളും നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജീവിതസാഹചര്യങ്ങള്‍ കാരണം പൊരിവെയിലത്തും പലര്‍ക്കും വളരെദൂരം നടക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ട്. ബസ്, ഓട്ടോറിക്ഷ എന്നിവ കിട്ടാനില്ല; ഓട്ടോറിക്ഷാക്കൂലി കൊടുക്കാന്‍ പണമില്ല, ടാക്‌സി ജീപ്പുകള്‍പോലുമില്ല… തുടങ്ങിയ സാഹചര്യങ്ങള്‍ പലര്‍ക്കുമുണ്ട്. പൊരിവെയിലത്ത് നടക്കരുത് എന്ന് പറഞ്ഞാലും പലരും നടക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഈ സമയത്ത് നടപ്പ് ഒഴിവാക്കാന്‍ പറ്റുന്നവര്‍ ഒഴിവാക്കണം; അല്ലാത്തവര്‍ പറ്റുന്ന മുന്‍കരുതലുകള്‍ എടുക്കണം എന്നുമാത്രമേ പറയാന്‍ കഴിയൂ. കുട ഉപയോഗിക്കുകപോലുള്ള മാര്‍ഗങ്ങള്‍ മനസുവച്ചാല്‍ ചെയ്യാന്‍ കഴിയുമല്ലോ.

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നിടത്ത് നല്ല ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. ജലക്ഷാമം ഉണ്ട്. പല കച്ചവടക്കാരും തട്ടുകടക്കാരും കൂള്‍ഡ്രിംഗ്‌സ് വില്‍പ്പനക്കാരും ഉപയോഗിക്കുന്നത് നല്ല ജലമാണെന്ന് ഒരു ഉറപ്പുമില്ല. കിട്ടുന്ന വെള്ളം ഉപയോഗിക്കുന്നവരും ഉണ്ടാകാം. ജലക്ഷാമം ഉള്ളതുകൊണ്ട് പാത്രങ്ങള്‍പോലും നല്ലതുപോലെ കഴുകണമെന്നില്ല. പാത്രങ്ങള്‍ കഴുകി അഴുക്കായ വെള്ളത്തില്‍ത്തന്നെ വീണ്ടും വീണ്ടും പാത്രങ്ങള്‍ കഴുകുന്ന രീതിയും ഉണ്ടാകാം. അതിനാല്‍ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന പാനീയങ്ങളും വൃത്തിയുള്ളതും ശുദ്ധവും ആകണമെന്നില്ല. അതിനാല്‍ കിട്ടുന്നിടത്തുനിന്നെല്ലാം കാണുന്നിടത്തുനിന്നെല്ലാം ഭക്ഷണവും പാനീയവും വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കണം.

വൃത്തിയുണ്ട് എന്ന് തോന്നുന്ന പല ഹോട്ടലുകളിലും ജോലി ചെയ്യുന്നവരുടെ രീതികള്‍ കണ്ടാല്‍ നമുക്ക് അവിടെനിന്നും ഭക്ഷണം കഴിക്കാന്‍ തോന്നുകയില്ല. ജോലി ചെയ്യുന്നവരില്‍ എത്രയോ പേര്‍ തീരെ വൃത്തിയും വെടിപ്പും ഇല്ലാത്തവരും വൃത്തിയായി ഭക്ഷണം ഉണ്ടാക്കാനും കൊടുക്കാനും താല്‍പര്യം ഇല്ലാത്തവരുമാണെന്ന് അവരെ കണ്ടാല്‍ അറിയാം. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നവര്‍, ജൂസ് കഴിക്കുന്നവര്‍ ഒക്കെ കുറച്ചുകൂടി ശ്രദ്ധിക്കണം. അതിനെക്കാള്‍ ഉപരി ശ്രദ്ധ വേണ്ടത് ഇത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും അവിടങ്ങളിലെ ജീവനക്കാര്‍ക്കുമാണ്. സ്ഥാപന ഉടമകള്‍ സ്ഥാപനം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള ഭക്ഷണപാനീയങ്ങള്‍ നല്‍കാനും ജീവനക്കാര്‍ വൃത്തിയുള്ളവരായിരിക്കുവാനും ശ്രദ്ധിച്ചാല്‍ വലിയ മാറ്റം ഉണ്ടാകും. പക്ഷേ, അവര്‍ മനസ് വയ്ക്കണ്ടേ? അല്ലെങ്കില്‍ ആരോഗ്യവകുപ്പിനെ പേടി വേണം. അതും ഇല്ല. അവര്‍ കൃത്യമായി പരിശോധിച്ച് നടപടികള്‍ എടുത്താല്‍ മാറ്റം വരും. വല്ലപ്പോഴും ഒരു പരിശോധന നടത്തിയതുകൊണ്ടുമാത്രം കാര്യങ്ങള്‍ മെച്ചപ്പെടില്ല.

നല്ല മനസും ആത്മാര്‍ത്ഥതയുമുള്ള നടത്തിപ്പുകാരും ജീവനക്കാരും ഉണ്ടെങ്കില്‍ അധികം പരിശോധനകളുടെ ഒന്നും ആവശ്യമില്ല. പക്ഷേ, അധികംപേരും അങ്ങനെയല്ലല്ലോ. പ്രത്യേകിച്ച് ഹോട്ടലുകള്‍, ജൂസ് കടകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അധികം ജീവനക്കാരും അന്യസംസ്ഥാന തൊഴിലാളികളാണ്. അതുകൊണ്ട് ഗവണ്‍മെന്റും സ്ഥാപന ഉടമകളും ജീവനക്കാരും ശ്രദ്ധിക്കേണ്ട വിഷയമാണിത്. ഉപഭോക്താക്കളെ സംബന്ധിച്ച് കൂടുതല്‍ ജാഗ്രത കാണിക്കുക എന്നത് മാത്രമേ പരിഹാരം ഉള്ളൂ.

വാഹനാപകടങ്ങളാണ് മറ്റൊരു പ്രശ്‌നം. അവധിക്കാലത്ത് യാത്രക്കാര്‍ കൂടുതലാണ്. അതിനാല്‍ റോഡ് നിറഞ്ഞ് വാഹനങ്ങള്‍ രാത്രിയും പകലുമുണ്ട്. പലയിടത്തും റോഡ് മോശമാണ്. അതിന്റെകൂടെ റോഡുപണികളും. തന്മൂലം ട്രാഫിക് ബ്ലോക്കുകള്‍ ധാരാളമാണ്. ഉദ്ദേശിച്ച സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുക പ്രയാസമാണ്. അപ്പോള്‍പിന്നെ വേഗത കൂട്ടുകയായി. അതിന്റെ കൂടെ ട്രാഫിക് നിയമലംഘനങ്ങളും. ഒരുപാട് പേര്‍ക്ക് ഓവര്‍ കോണ്‍ഫിഡന്‍സാണ് വാഹനം ഓടിക്കുമ്പോള്‍. ഇതെല്ലാംകൂടി ആകുമ്പോള്‍ വാഹനാപകടങ്ങള്‍ക്കുള്ള സാധ്യത കൂടുകയാണ്. അതിനാല്‍ യാത്ര ചെയ്യുമ്പോഴും കൂടുതല്‍ ജാഗ്രത ആവശ്യമായിരിക്കുന്നു.
കുറേ യാത്രകളെങ്കിലും വിനോദയാത്രകളാണ്. വിനോദയാത്രാവേളയില്‍ പലര്‍ക്കും സാഹസികത കൂടും. എനിക്ക് ഒന്നും പറ്റുകയില്ല; എന്നെ രക്ഷിക്കാന്‍ എനിക്കറിയാം എന്ന അമിതവിശ്വാസമാണ് പലര്‍ക്കും. അതിനാല്‍ പലരും ശ്രദ്ധിക്കില്ല.

മുന്‍കരുതലുകള്‍, മുന്നറിയിപ്പുകള്‍ പരിശോധിക്കുകയോ പരിഗണിക്കുകയോ മാനിക്കുകയോ ഇല്ല. കേരളത്തില്‍ നടന്ന എത്രയോ അപകടങ്ങളും മരണങ്ങളും ഈ വിധത്തില്‍ ഉള്ളവയാണ്. പ്രത്യേകിച്ച്, മുങ്ങിമരണങ്ങള്‍. ആളുകള്‍ക്ക് കുറച്ചുകൂടി വിനയവും യാഥാര്‍ത്ഥ്യബോധവും നിയമങ്ങളോടും മുന്നറിയിപ്പുകളോടുമുള്ള വിധേയത്വവും മറ്റും ഉണ്ടെങ്കില്‍ എത്രയോ അപകടങ്ങളും മരണങ്ങളും ഒഴിവാക്കാം. കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. കോവിഡ് തുടങ്ങിയ കാലത്ത് ആളുകള്‍ക്ക് വലിയ ഭയം ആയിരുന്നു. അതിനാല്‍ പരമാവധി മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഇപ്പോള്‍ ആ പേടിയും പോയി. കാരണം കോവിഡ് മരണങ്ങള്‍ കുറഞ്ഞു. കോവിഡ് വന്നാലും മരിക്കില്ല; ആരും അറിയാതെ ശ്രദ്ധിച്ചാല്‍ മതി എന്ന ഒരു ചിന്ത ധാരാളം പേര്‍ക്ക് ഉണ്ട്. കോവിഡ് വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാതിരിക്കാനും നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാം. അങ്ങനെ ഈ വരുന്ന ഏതാനും ആഴ്ചകള്‍ നമുക്ക് കൂടുതല്‍ ജാഗ്രത ഉള്ളവര്‍ ആയിരിക്കാം. ഒഴിവാക്കാവുന്ന ദുരന്തങ്ങളെ ഒഴിവാക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?