റവ.ഡോ. മൈക്കിള്‍ കാരിമറ്റം
ബൈബിളില്‍ ചില സംഖ്യകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതായി തോന്നും. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ 666 (വെളി. 13:18). ഇതൊരു ഉദാഹരണംമാത്രം. ഇങ്ങനെ അനേകം സംഖ്യകള്‍ ബൈബിളില്‍, പ്രത്യേകിച്ചും വെളിപാടു പുസ്തകത്തില്‍ കാണാം. എന്താണീ സംഖ്യകളുടെ പ്രത്യേകത? എങ്ങനെയാണ് ഒരു സംഖ്യ മൃഗത്തിന്റെയും മനുഷ്യന്റെയും സംഖ്യയാവുക? എന്താണിതിനര്‍ത്ഥം?
സംഖ്യകള്‍ പൊതുവേ രണ്ടുതരത്തില്‍ ഉപയോഗിക്കാറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത് കണിശമായ എണ്ണം സൂചിപ്പിക്കാനാണ്. എന്നാല്‍ ഇതിനുപുറമേ ഒരു ഏകദേശ രൂപം നല്‍കാനും സംഖ്യകള്‍ ഉപയോഗിക്കാറുണ്ട്. രണ്ടുമൂന്നുപേര്‍, പത്തു നൂറ്റാണ്ടുകള്‍ എന്നതൊക്കെ ഒരു ഏകദേശ രൂപം മാത്രമാണ് നല്‍കുക. എന്നാല്‍ ഇതും അക്ഷരാര്‍ത്ഥംതന്നെയാണവതരിപ്പിക്കുന്നത്.
ഇതില്‍നിന്ന് വ്യത്യസ്തമായി ബൈബിളില്‍ പലപ്പോഴും സംഖ്യകളെ പ്രതീകാത്മകമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. 3, 4, 7, 10, 12, 666, 1,000, 1,44,000 ഉദാഹരണങ്ങള്‍. ഈ സംഖ്യകളുടെ അര്‍ത്ഥം മനസിലാക്കാന്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഹെബ്രായ ഭാഷയില്‍ സംഖ്യയെ സൂചിപ്പിക്കാന്‍ അക്കങ്ങളില്ല, പകരം അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത്. അക്ഷരമാലയിലെ ഓരോ അക്ഷരങ്ങള്‍ ഓരോ അക്കമായി അവതരിപ്പിക്കുന്നു. ഉദാ: അ=1, ബ=2, ഗ=3, ദ=4. ഇതിന്‍പ്രകാരം സംഖ്യകള്‍ അക്ഷരങ്ങളായി എഴുതുമ്പോള്‍ രണ്ട് സാധ്യതകള്‍ ഉടലെടുക്കുന്നു. അക്ഷരങ്ങളെ അക്കങ്ങളായി കണ്ട് സംഖ്യ നിശ്ചയിക്കാം. അല്ലെങ്കില്‍ അക്ഷരങ്ങള്‍ കൂട്ടിവായിച്ച് ഒരു വാക്കായി വ്യാഖ്യാനിക്കാം. ഇതാണ് 666 എന്ന സംഖ്യയുടെ പിന്നില്‍ നില്‍ക്കുന്ന അര്‍ത്ഥസൂചന.
666 എന്ന സംഖ്യ മൂന്നുതവണ ആറ് എന്ന സംഖ്യ എഴുതിയാകാം; അല്ലെങ്കില്‍ 666 എന്ന സംഖ്യ ലഭിക്കാന്‍ പാകത്തില്‍ പല അക്ഷരങ്ങള്‍ചേര്‍ത്ത് എഴുതിയുമാകാം. അതിനാല്‍ എന്താണ് ഇതിലൂടെ പറയാന്‍ ആഗ്രഹിക്കുന്ന പേര് എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു. അതിനാല്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങളുമുണ്ട് ഇതിനെക്കാള്‍ പ്രാധാന്യമുള്ളതാണ് ചില സംഖ്യകള്‍ക്ക് നല്‍കുന്ന പ്രതീകാത്മക വ്യാഖ്യാനം. ഇവിടെ ചില സംഖ്യകളെ പൂര്‍ണതയുടെയും നന്മയുടെയും പ്രതീകങ്ങളായി പരിഗണിക്കുന്നു. ആകാശം, ഭൂമി, പാതാളം എന്ന പ്രപഞ്ചത്തെ സംബന്ധിച്ച ത്രിമാന സങ്കല്പത്തില്‍ മൂന്ന് പൂര്‍ണതയെ സൂചിപ്പിക്കുന്ന സംഖ്യയാണ്. ഭൂമി പലകപോലെ പരന്ന പ്രതലമായി കല്പിച്ച് നാലുവശവും നാലുകോണുകളും എന്നു പറയുമ്പോള്‍ നാലും പൂര്‍ണതയെ സൂചിപ്പിക്കുന്ന സംഖ്യയായി മാറുന്നു. ഈ രണ്ടു സംഖ്യകള്‍ ചേര്‍ന്നുണ്ടാകുന്ന ഏഴും പൂര്‍ണതയുടെ സൂചന നല്‍കുന്നു. ഇതുതന്നെയാണ് 12 എന്ന സംഖ്യയും സൂചിപ്പിക്കുന്നത്. പൂര്‍ണസംഖ്യകളായ 3ഃ4-ന്റെ ഗുണിതമാണ് 12. അതിനാല്‍ത്തന്നെ പൂര്‍ണതയുടെ സൂചനയും നല്‍കുന്നു.
1000 ഒരു വലിയ സംഖ്യയാണ്. അതേസമയം പരിമിതവും. അതിനാല്‍ ആയിരം വര്‍ഷം എന്നു പറഞ്ഞാല്‍ സുദീര്‍ഘവും എന്നാല്‍ പരിമിതവുമായ ഒരു കാലഘട്ടത്തെയാവും സൂചിപ്പിക്കുക. 12ഃ12ഃ1000=1,44,000 ഇത് വലുതും അതേസമയം പൂര്‍ണവുമായ സംഖ്യയാണ്. സംരക്ഷണ മുദ്ര പതിക്കപ്പെട്ട പന്തീരായിരംപേര്‍ വീതമുള്ള പന്ത്രണ്ടു ഗണങ്ങള്‍ (വെളി. 7:4-8) തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഖ്യയെന്നു സൂചിപ്പിക്കുന്നു. ഇതേ പ്രതീകം വെളിപാട് 14:1-ല്‍ യേശുവിനോട് വിശ്വസ്തത പുലര്‍ത്തി, നിത്യജീവനില്‍ പങ്കുചേര്‍ന്നവരെ സൂചിപ്പിക്കുന്നു.
സ്വര്‍ണനിര്‍മിതമായ ഏഴു ദീപപീഠങ്ങളും (വെളി. 1:13) മനുഷ്യപുത്രന്‍ വലതുകൈയില്‍ വഹിക്കുന്ന ഏഴു നക്ഷത്രങ്ങളും (1:16) സഭയുടെയും സഭാനേതാക്കളുടെയും പ്രതീകങ്ങളാണ് (വെളി. 1:23). ഏഷ്യയിലെ ഏഴു സഭകള്‍ (വെളി. 2:3) ആഗോള സഭയുടെ പ്രതിനിധികളും പ്രതീകങ്ങളുമായി നിലകൊള്ളുന്നു. സഭയുടെ യഥാര്‍ത്ഥ അവസ്ഥ ചിത്രീകരിക്കുന്ന വിവിധ വശങ്ങള്‍ ഓരോ സഭയുടെയും വിവരണത്തില്‍ പ്രത്യക്ഷമാകുന്നു.
ദൈവജനത്തെ മുഴുവനായും പ്രതിനിധാനം ചെയ്യുന്ന സംഖ്യയാണ് 12. ഇസ്രായേലിലെ 12 ഗോത്രങ്ങള്‍, അതിനു സമാനമായി യേശു തിരഞ്ഞെടുത്ത 12 അപ്പസ്‌തോലന്മാര്‍. ഇതുരണ്ടും കൂടുന്നതാണ് ദൈവജനത്തിന്റെ പൂര്‍ണത. പുതിയ ജറുസലേമിന്റെ വിവരണത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ് 12 കവാടങ്ങളില്‍ ഇസ്രായേല്‍ ഗോത്രങ്ങളുടെയും മതിലിന്റെ 12 അടിസ്ഥാനങ്ങളില്‍ 12 അപ്പസ്‌തോലന്മാരുടെയും പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നത് (വെളി. 21:12-14).
പൂര്‍ണസംഖ്യയില്‍നിന്ന് ഒന്ന് കുറഞ്ഞതോ പൂര്‍ണസംഖ്യയുടെ അംശമോ ആയ സംഖ്യകള്‍, പൂര്‍ണതയ്ക്ക് ഭംഗം വന്നതിനാല്‍ അവയെ അപൂര്‍ണതയുടെയും തിന്മയുടെയും പ്രതീകങ്ങളായി ഉപയോഗിക്കുന്നു. ഈ കാഴ്ചപ്പാടിലാണ് 666 എന്ന സംഖ്യ ശ്രദ്ധേയമാകുന്നത്. മൃഗത്തിന്റെ സംഖ്യ, മനുഷ്യന്റെ സംഖ്യ എന്നു വിശേഷിപ്പിക്കുമ്പോള്‍ (വെളി. 13:18) ക്രിസ്തുവിന്റെ സഭയെ പീഡിപ്പിച്ച ഏതെങ്കിലും ഒരു ഭരണാധികാരിയെ ആണ് ഇതു സൂചിപ്പിക്കുന്നത് എന്ന നിഗമനം സാധ്യമാണ്. ഈ കാഴ്ചപ്പാടില്‍ നീറോ മുതല്‍ അനേകം മതപീഡകരുടെ പേരുമായി ഇതിനെ വ്യാഖ്യാനിക്കാറുമുണ്ട്. എന്നാല്‍ ചരിത്രത്തിലൂടെ കടന്നുപോയ ഏതെങ്കിലും ഒരു വ്യക്തിയെ എന്നതിലുപരി തിന്മയുടെ മൂര്‍ത്തഭാവത്തെത്തന്നെയാണ് ഈ സംഖ്യ സൂചിപ്പിക്കുന്നത് എന്ന വ്യാഖ്യാനം കൂടുതല്‍ സ്വീകാര്യമാണ്.
പൂര്‍ണതയുടെ പ്രതീകമായ ഏഴില്‍നിന്ന് ഒന്ന് കുറയുമ്പോള്‍ ആറ് ആകുന്നു. അതിനാല്‍ ആറ് അപൂര്‍ണതയുടെ പ്രതീകമായി കരുതണം. അതേസമയം ഈ സംഖ്യ മൂന്നുതവണ ആവര്‍ത്തിക്കുന്നതിനാല്‍ 666 അപൂര്‍ണതയുടെ പൂര്‍ണത, അഥവാ തിന്മയുടെ വിശ്വരൂപം എന്ന അര്‍ത്ഥമാണ് വെളിപാട് 13:18-ല്‍ നല്‍കുന്നത്. സാത്താന്‍, പിശാച്, പുരാതന സര്‍പ്പം എന്നീ പേരുകളില്‍ അറിയപ്പെടുന്ന (വെളി. 12:9) തിന്മയുടെ ശക്തിയെയാണ് 666 എന്ന സംഖ്യയുടെ പിന്നില്‍ ഒളിപ്പിച്ചിരിക്കുന്നത്.
പൂര്‍ണസംഖ്യയായ ഏഴിന്റെ പകുതിയാണ് മൂന്നര. അതിനാല്‍ത്തന്നെ അപൂര്‍ണതയെ സൂചിപ്പിക്കുന്ന ഒരു സംഖ്യയായിത്തീരുന്നു മൂന്നര. ഇതിനെ മൂന്നര ദിവസം (വെളി. 11:9), മൂന്നര വര്‍ഷം, 42 മാസം (വെളി. 13:5), 1260 ദിവസം (വെളി. 12:6), സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്നിങ്ങനെയെല്ലാം അവതരിപ്പിക്കാറുണ്ട്. ക്ലേശങ്ങളുടെ സുദീര്‍ഘവും എന്നാല്‍ പരിമിതവുമായ ഒരു കാലയളവിനെയാണ് ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നത്.
ആയിരം വര്‍ഷം ദീര്‍ഘവും എന്നാല്‍ പരിമിതവുമായ ഒരു കാലയളവിനെ സൂചിപ്പിക്കുന്നു (വെളി. 20:1-10). ഇതിനെയും അക്ഷരാര്‍ത്ഥത്തില്‍ എടുക്കാനാവില്ല. യേശുവിന്റെ സ്വര്‍ഗാരോഹണം മുതല്‍ വിധിയാളനായി മടങ്ങിവരുന്നതുവരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തെയാണിതു സൂചിപ്പിക്കുക. സഭ പീഡനത്തിനിരയാവും, എന്നാല്‍ കര്‍ത്താവിന്റെ സംരക്ഷണം എന്നും ഉണ്ടായിരിക്കും. അതിനാല്‍ ഭയം വേണ്ടാ എന്നാണ് അപൂര്‍ണ സംഖ്യകളുടെ ഉപയോഗത്തിലൂടെ പഠിപ്പിക്കുന്നു.
പ്രതീകാത്മക സംഖ്യകളെ പ്രതീകങ്ങളായിത്തന്നെ കരുതണം. എങ്കിലേ അവയിലൂടെ ബൈബിള്‍ നല്‍കുന്ന സന്ദേശം ഗ്രഹിക്കാന്‍ കഴിയൂ. അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ ഏറെ തെറ്റിദ്ധാരണകള്‍ക്ക് ഇരയായിത്തീരും. അതേസമയം പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകള്‍, ഏഴു കൂദാശകള്‍, പന്ത്രണ്ട് അപ്പസ്‌തോലന്മാര്‍ തുടങ്ങിയ സംഖ്യകള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രസക്തമാണെന്നതും മറക്കാതിരിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *