Follow Us On

29

March

2024

Friday

സുപ്രീംകോടതി വിധി ബഫര്‍സോണ്‍ ഇല്ലാതായിട്ടില്ല…!

സുപ്രീംകോടതി വിധി ബഫര്‍സോണ്‍  ഇല്ലാതായിട്ടില്ല…!

ഷെവ. അഡ്വ.വി.സി സെബാസ്റ്റ്യന്‍
(ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്).

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും സംരക്ഷണമേകുവാന്‍ അവയ്ക്കു ചുറ്റിലുമായി കരുതല്‍ മേഖലയുണ്ടാക്കുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2011 ഫെബ്രുവരി 9നാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. വനമേഖലയ്ക്ക് പുറത്ത് ജനങ്ങളുടെ കൃഷിഭൂമി കയ്യേറി വനവിസ്തൃതി വ്യാപിപ്പിക്കുമ്പോഴും, വന്യമൃഗങ്ങള്‍ക്ക് സംരക്ഷണമേകാന്‍ ബഫര്‍സോണ്‍ നിര്‍ണയിക്കുമ്പോഴും കൃഷിമാത്രമല്ല ജീവിതവും ജീവനും നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ജനങ്ങളെക്കുറിച്ച് ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥ തമ്പ്രാക്കളും ‘ബോധപൂര്‍വ്വം’ ചിന്തിച്ചില്ല.

2022-ലെ സുപ്രീംകോടതി വിധി
ബഫര്‍സോണ്‍ സംബന്ധിച്ച് 2022 ജൂണ്‍ 3ലെ സുപ്രീംകോടതിയുടെ വിധിന്യായം വളരെയേറെ ചര്‍ച്ചകള്‍ക്ക് വിധേയമാകുകയും ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു. വിധിയിലെ പ്രധാന ഭാഗങ്ങള്‍ ഇവയൊക്കെയാണ്: 1) രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റിലുമായി കുറഞ്ഞത് ഒരു കിലോമീറ്റര്‍ ദൂരം കരുതല്‍മേഖല അഥവാ ബഫര്‍സോണ്‍ ഉണ്ടായിരിക്കണം. 2). ബഫര്‍സോണില്‍ പുതിയ നിര്‍മാണങ്ങള്‍ പാടില്ല. 3). നിരോധിതം, നിയന്ത്രിതം, അനുവദനീയം എന്നിങ്ങനെ 2011 ഫെബ്രുവരി 9ലെ ബഫര്‍സോണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകം. 4) ബഫര്‍സോണ്‍ പ്രദേശങ്ങള്‍ വനംവകുപ്പ് മേധാവികളുടെ നിയന്ത്രണത്തില്‍. 5) ബഫര്‍ സോണില്‍ വനംവകുപ്പിന്റെ അനുവാദമില്ലാതെ ഒരു പ്രവര്‍ത്തനവും പാടില്ല. 6) ജനങ്ങള്‍ക്ക് ഭക്ഷണത്തിനും അനുദിന ജീവിതത്തിനുള്ള ഉത്പാദന പ്രക്രിയയ്ക്കപ്പുറം ഈ പ്രദേശങ്ങളില്‍ മറ്റൊന്നും ചെയ്യുവാന്‍ അനുവാദമില്ല.

ജനങ്ങളുടെ പ്രതികരണം
സുപ്രീംകോടതി വിധി പുറത്തുവന്നപ്പോള്‍ സംസ്ഥാന വനംവകുപ്പ് കാലങ്ങളായി നടത്തിയ ജനവഞ്ചന പുറത്തായി. സര്‍ക്കാര്‍ രേഖകളിലുടനീളം കൃത്രിമംകാട്ടി റവന്യൂ ഭൂമി വനഭൂമിയാക്കിയ ഉദ്യോഗസ്ഥ കാപട്യം ജനം തിരിച്ചറിഞ്ഞു. ഉദാഹരണമായി, കോട്ടയം ജില്ലയിലെ വനാതിര്‍ത്തിയോടുചേര്‍ന്ന എയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടില്ല. പട്ടയം ലഭിച്ചിട്ടുള്ള ഈ പ്രദേശമൊന്നാകെ പെരിയാര്‍ കടുവാസങ്കേതത്തിനുള്ളിലാണെന്നുള്ള ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു. വയനാട്, ഇടുക്കി ഉള്‍പ്പെടെ പല ജില്ലകളിലും ഇത്തരം വന്‍ ചതികള്‍ വനംവകുപ്പ് നടത്തി. പ്രതിഷേധം ശക്തമായപ്പോള്‍ സര്‍ക്കാരിനും പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടിവന്നു. 2023 ജനുവരി 19ന് എയ്ഞ്ചല്‍ വാലി, പമ്പാവലി പ്രദേശങ്ങളെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തു. പക്ഷേ ഇതുവരെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിലേക്ക് അറിയിപ്പ് നല്‍കിയിട്ടില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇതു സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാതെ ഈ പ്രദേശങ്ങള്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് പുറത്താകില്ലെന്നതും വസ്തുതയാണ്.

2023 ഏപ്രില്‍ 26ലെ കോടതിവിധി
ബഫര്‍സോണ്‍ സംബന്ധിച്ച് 2022 ജൂണ്‍ 3ലെ സുപ്രീംകോടതി വിധിയെ മാറ്റിമറിക്കുന്ന നിലപാടാണ് 2023 ഏപ്രില്‍ 26ന് സുപ്രീംകോടതി കൈക്കൊണ്ടത്. 1). ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ഒഴിവാക്കാനുള്ള അധികാരമുണ്ട്. ഇതനുസരിച്ച് കൃഷിയിടങ്ങളും ജനവാസമേഖലകളും നിലവിലുള്ള നിര്‍മിതികളും സംരക്ഷിക്കപ്പെടണം. അന്തിമ കരട് ബഫര്‍സോണ്‍ വിജ്ഞാപനങ്ങള്‍ ഇറങ്ങിയതോ വിജ്ഞാപനങ്ങള്‍ക്കായി അണിയറയില്‍ ഒരുങ്ങി പരിഗണനയിലുള്ളതോ ആയ സംരക്ഷിത പ്രദേശങ്ങള്‍ക്കു ചുറ്റും ഇനി ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള ബഫര്‍സോണ്‍ ബാധകമാക്കില്ല.
2) ബഫര്‍സോണ്‍ അതിര്‍ത്തിക്കുള്ളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബഫര്‍ സോണ്‍ നിബന്ധനകള്‍ ബാധിക്കുന്നതുകൊണ്ട് മുന്‍ ഉത്തരവ് പരിഷ്‌കരിക്കുന്നുവെന്നാണ് ജഡ്ജിമാരായ ബി.ആര്‍.ഗവായ്, വിക്രംനാഥ്, സജ്ജയ് കരോന്‍ എന്നിവരുടെ ബഞ്ച് പറഞ്ഞത്. 3) സമ്പൂര്‍ണ നിരോധനമല്ല പകരം നിയന്ത്രണങ്ങളാണ് വേണ്ടതെന്നും, മുന്‍പ് നടന്നുപോരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുപോലും മുന്‍കൂര്‍ അനുമതി നേടുക, കൃഷി തടസ്സപ്പെടുത്തുക എന്നിവ സ്വീകാര്യമല്ലെന്നും സുപ്രീംകോടതി പുതിയ വിധിയിലൂടെ വ്യക്തമാക്കി. നിലവിലുള്ള ഖനനം, പാറമട, ക്രഷിംഗ് എന്നിവ നിര്‍ത്തണമെന്നും പുതിയവ അനുവദിക്കാനാവില്ലന്നും അതേസമയം വീടുനിര്‍മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ മണ്ണ് കുഴിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടോ?
സുപ്രീംകോടതിയുടെ പുതിയ വിധിയിലൂടെ കേരളത്തിന് ആശ്വാസമായെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ഈ വിധിയിലൂടെ ബഫര്‍സോണ്‍ ഇല്ലാതായിട്ടില്ല. ബഫര്‍സോണ്‍ നിലനില്‍ക്കുമെന്നുമാത്രമല്ല കര്‍ഷകന്റെ കൃഷിഭൂമി ഭാവിയില്‍ ബഫര്‍സോണായി മാറുകയും ചെയ്യും. ഇവിടങ്ങളിലെ സമ്പൂര്‍ണ നിരോധനങ്ങള്‍ക്കു പകരം 2011 ഫെബ്രുവരി 9ലെ ബഫര്‍സോണ്‍ മാര്‍ഗനിര്‍ദേശപ്രകാരമുള്ള ‘നിരോധിതം, നിയന്ത്രിതം, അനുവദനീയം’ നടപ്പിലാകും.

ലക്ഷക്കണക്കിനായ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത തെളിയിക്കേണ്ട സാഹചര്യമാണ് സുപ്രീംകോടതി വിധികളിലൂടെ രൂപപ്പെട്ടിരിക്കുന്നത്. കരുതല്‍ മേഖലയെ സംബന്ധിച്ചുള്ള കരടുവിജ്ഞാപനങ്ങളില്‍ ഉള്‍പ്പെട്ട കൃഷിയിടങ്ങളും ജനവാസമേഖലകളും ഒഴിവാക്കി നിര്‍ദ്ദേശം എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ ലഭിച്ചിരിക്കുന്ന അവസരം സര്‍ക്കാര്‍ വിനിയോഗിക്കണം. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാന ങ്ങളുടെയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കാനും പുതിയ വിധി അവസരമൊരുക്കുന്നു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങളെ ടുക്കാനും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിലൂടെ സുപ്രീംകോടതിയെ തുടര്‍ന്നും സമീപിക്കാനും അവസരമുണ്ട്. മുന്‍പ് നിര്‍ണയിച്ച വനാതിര്‍ത്തികള്‍ പൊളിച്ചെഴുതണം. സുപ്രീംകോടതി നല്‍കിയിരിക്കുന്ന സുവര്‍ണാവസരം ഫലപ്രദമായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തണം.

ആശങ്കകള്‍ അവസാനിക്കുന്നില്ല
ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്നും വനത്തിന് പുറത്തുള്ള റവന്യൂ ഭൂമിയിലേക്കും കൃഷിസ്ഥലത്തേക്കും വ്യാപിപ്പിക്കരുതെന്നുമുള്ള പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ നിലപാടിന് ഇതുവരെയും അംഗീകാരമായിട്ടില്ല. ഇക്കാര്യത്തില്‍ ജനസമൂഹം വിട്ടുവീഴ്ച ചെയ്താല്‍ റവന്യൂഭൂമി വനഭൂമിയായി മാറും. അതിനാല്‍തന്നെ പ്രശ്‌നം ഇപ്പോഴും സങ്കീര്‍ണമാണ്. ഇതിനവസാനമുണ്ടാകണമെങ്കില്‍ കേരളത്തില്‍ പൂജ്യം ബഫര്‍സോണ്‍ എന്ന ഉറച്ച നിലപാടിലേക്ക് സര്‍ക്കാര്‍ മാറുകയും ജനസാന്ദ്രതയുള്‍പ്പെടെ വ്യക്തമായ കാരണങ്ങള്‍ രേഖകള്‍സഹിതം കോടതിയെ ബോധ്യപ്പെടുത്തുകയും വേണം.
കേരളത്തിലെ മലയോരമേഖലയിലെ ജനസമൂഹത്തെ, ഈ ചതിക്കുഴിയിലേക്ക് തള്ളിയിട്ടത് വനംവകുപ്പാണ്. റവന്യൂഭൂമി കയ്യേറി വനവല്‍ക്കരണത്തിന് കുടപിടിക്കുന്ന ഇവരില്‍നിന്ന് കര്‍ഷകര്‍ക്ക് നീതി പ്രതീക്ഷിക്കാമോ? വനംവകുപ്പ് മലയോര ജനതയ്ക്ക് അനുകൂലമായി തീരുമാനമെടുക്കുമെന്ന് സ്വപ്നം കാണാന്‍ മാത്രം വിഡ്ഢികളല്ല മലയോരജനത. മലയോരമേഖലയുടെ ആശങ്കകള്‍ അവസാനിക്കണമെങ്കില്‍ പൂജ്യം ബഫര്‍ സോണ്‍ പ്രഖ്യാപിച്ച് സുപ്രീം കോടതിയെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. ഇതിനു തയാറുണ്ടോ? വ്യക്തമായ ഉത്തരമാണ് ജനങ്ങള്‍ക്ക് വേണ്ടത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?