Follow Us On

18

April

2024

Thursday

ഭീകരവാദത്തെ മൂടിവയ്ക്കുന്നതെന്തിന്? The Kerala story’ review

ഭീകരവാദത്തെ  മൂടിവയ്ക്കുന്നതെന്തിന്? The Kerala story’ review

വിനോദ് നെല്ലയ്ക്കല്‍

റിലീസ് ചെയ്യും മുമ്പേ അതിരൂക്ഷമായ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ ചലച്ചിത്രമാണ് ദ കേരള സ്റ്റോറി. സമാനതകളില്ലാത്ത വിധത്തിലുള്ള പ്രതിഷേധങ്ങളാണ് സിനിമയ്‌ക്കെതിരായി നാം കണ്ടത്. ഇസ്ലാമിക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവരുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. സിനിമ അവതരിപ്പിക്കുന്ന ആശയം എന്താണ് എന്ന വ്യക്തമായ ബോധ്യത്തോടെ ആയിരുന്നില്ല ഇത്തരം പ്രചാരണങ്ങള്‍ എന്ന് നിശ്ചയം. കാരണം, റിലീസ് ചെയ്തതിനുശേഷം സിനിമ കണ്ടിറങ്ങിയ ആര്‍ക്കും തന്നെ സിനിമയെക്കുറിച്ച് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, സംവിധായകനും പിന്നണി പ്രവര്‍ത്തകരും അഭിനേതാക്കളും മുക്തകണ്ഠ പ്രശംസ നേടുകയും ചെയ്തു.

സിനിമയിലേക്ക്

പല കോണുകളിലും നിന്നുയര്‍ന്ന രൂക്ഷമായ ആരോപണങ്ങളെ ചവറ്റുകൊട്ടയില്‍ തള്ളാന്‍ പര്യാപ്തമായ പ്രമേയവും അവതരണവുമാണ് സിനിമയുടേത്. ഇസ്ലാമിക്ക് സ്റ്റേറ്റ് അഥവാ കടകട ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളും അതിന്റെ രൂക്ഷതയുമാണ് ആദ്യന്തം സിനിമ ചര്‍ച്ചചെയ്യുന്നത്. അതുമാത്രമാണ് സിനിമയുടെ പ്രമേയം. മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും ചലച്ചിത്രത്തിലില്ല എന്നുള്ളതാണ് വാസ്തവം.
അദാ ശര്‍മ്മ അവതരിപ്പിക്കുന്ന ശാലിനി ഉണ്ണികൃഷ്ണനാണ് കേരള സ്റ്റോറിയിലെ നായിക. കാസര്‍ഗോഡ് നഴ്‌സിംഗ് പഠിക്കാനെത്തുന്ന ശാലിനിയുടെയും സുഹൃത്തുക്കളായ ഗീതാഞ്ജലി, നിമ എന്നിവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന വഴിത്തിരിവുകളാണ് സിനിമ അവതരിപ്പിക്കുന്നത്.

മൂവരുടെയും സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയാണ് ആസിഫ. ഘട്ടംഘട്ടമായ ആസിഫയുടെ ഇടപെടലുകള്‍ ശാലിനിയെയും ഗീതാഞ്ജലിയെയും രണ്ടു മുസഌം യുവാക്കളുമായി അടുപ്പിക്കുന്നു. ചില തീവ്ര ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ളവരായിരുന്നു ആസിഫയും സുഹൃത്തുക്കളും. അമുസ്ലീങ്ങളായ പെണ്‍കുട്ടികളെ വരുതിയിലാക്കാനായി അവര്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. അതില്‍ മതപഠനവും പ്രണയവും മയക്കുമരുന്നിന്റെ ഉപയോഗവുമുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഒരു യുവാവാണ് ശാലിനിയുടെ ആദ്യ കാമുകന്‍.

ഒടുവില്‍ അപ്രതീക്ഷിതമായി ശാലിനി ഗര്‍ഭിണിയാകുന്നു. ആ സാഹചര്യത്തില്‍ മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ കഴിയാതെ പതറിപ്പോകുന്ന അവള്‍, കാമുകനെ വിവാഹം കഴിക്കാനായി മതംമാറാന്‍ തയാറാവുകയാണ്. ഇസ്ലാം മതം സ്വീകരിച്ച അവള്‍ ഫാത്തിമ എന്ന പേരാണ് സ്വീകരിക്കുന്നത്. എന്നാല്‍ തുടര്‍ന്ന് മറ്റു ചില വഴിത്തിരിവുകളിലൂടെ കടന്നുപോകുമ്പോള്‍ അവള്‍ മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ നിര്‍ബന്ധിതയാവുന്നു. തുടര്‍ന്നുള്ള ജീവിതം അവളുടെ നിയന്ത്രണത്തിനപ്പുറത്തേക്ക് സഞ്ചരിക്കുകയാണ്. വിവാഹശേഷം ആദ്യം ശ്രീലങ്കയിലേയ്ക്കും അവിടെനിന്ന് അഫ്ഘാനിസ്ഥാനിലേക്കും ഭര്‍ത്താവിനെ അനുഗമിക്കാന്‍ ഗര്‍ഭിണിയായ അവള്‍ നിര്‍ബന്ധിതയാകുന്നു. ഒടുവില്‍ മറ്റു ചിലരെപ്പോലെ അവളും ലൈംഗിക അടിമയായി മാറുകയും പിന്നീട് രക്ഷപെട്ട് പട്ടാളത്തിന്റെ പിടിയില്‍ പെടുകയും ചെയ്യുകയാണ്. ഇതിനെല്ലാം ശേഷം തന്റെ ജീവിതാനുഭവങ്ങള്‍ പട്ടാള ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവള്‍ വെളിപ്പെടുത്തുന്നതാണ് സിനിമ.

പ്രധാന കഥാപാത്രമായ ശാലിനിയുമായി സാമ്യമുള്ള മലയാളികള്‍ക്ക് ചിരപരിചിതയായ ഒരു വ്യക്തിയുണ്ട്, നിമിഷ ഫാത്തിമ. കാസര്‍ഗോഡ് ഒരു ഡെന്റല്‍ കോളജില്‍ പഠിക്കാനെത്തിയ നിമിഷ ഒരു സുഹൃത്തിന്റെ സ്വാധീനം വഴിയായാണ് മതപഠനത്തിനും മതം മാറ്റത്തിനും വിധേയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മതം മാറിയ നിമിഷ ഫാത്തിമയും വിവാഹം ചെയ്തത് ആദ്യ കാമുകനെയല്ല, മറ്റൊരാളെയാണ്. പിന്നീട് ഭര്‍ത്താവിനൊപ്പം അഫ്ഘാനിസ്ഥാനിലേക്ക് പോയ നിമിഷ ഫാത്തിമ ഭര്‍ത്താവിന്റെ മരണശേഷമാണ് കീഴടങ്ങുന്നത്. ഇന്ത്യയിലേക്ക് തിരികെയെത്താന്‍ അവള്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ അവളെ ഇനിയും സ്വീകരിക്കാന്‍ തയാറായിട്ടില്ല.

അവതരിപ്പിക്കുന്ന വിഷയങ്ങളുടെ പ്രസക്തി

സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കടകട ഭീകരവാദം തന്നെയാണ്. ചില തീവ്ര ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധംവഴി കേരളത്തില്‍നിന്ന് അഫ്ഘാനിസ്ഥാനിലേക്ക് കടന്നതിന് ശേഷം മാത്രമല്ല, അതിന് മുമ്പും കടകട ഭീകരവാദികളുമായുള്ള ഈ സംഘത്തിന്റെ ബന്ധം സിനിമയില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ കടകട പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പുകള്‍ പലപ്പോഴായി ഉണ്ടായിട്ടുള്ള ചരിത്രമാണ് കേരളത്തിന്റേത്. ചെറിയ ഒരു വിഭാഗം ഇത്തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുന്നുണ്ട് എന്നുള്ളതും രഹസ്യമല്ല.

കേരളത്തിന്റെ മുഖ്യമന്ത്രിതന്നെ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം വിട്ടു പോയിട്ടുള്ളവരും കൊല്ലപ്പെട്ടവരുമായി പലരുമുണ്ടായിട്ടുണ്ട്. ഒരുപാടുപേരാണോ അതോ കുറച്ചുപേര്‍ മാത്രമാണോ അപ്രകാരം നാടുവിടുന്നത് എന്ന ചോദ്യത്തില്‍ പ്രസക്തിയില്ല. കാരണം, എണ്ണത്തിലല്ല, അത്തരം ചില സ്വാധീനശക്തികള്‍ ഈ സമൂഹത്തിലുണ്ടോ എന്നുള്ളതാണ് വിഷയം. ഇസ്ലാമിക ഭീകരവാദം എന്നുള്ളത് ഒരു ആനുകാലിക യാഥാര്‍ഥ്യം തന്നെയാണ്. അങ്ങനെയിരിക്കെ ഇത്തരം ചില തുറന്നുപറച്ചിലുകളും ചര്‍ച്ചകളും സമൂഹത്തിന് ഗുണം ചെയ്യും എന്നുള്ളതാണ് വാസ്തവം.

വിവാദങ്ങള്‍

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍നിന്ന് പതിനായിരക്കണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി കൊണ്ടുപോകുന്നു എന്നാണ് സിനിമയില്‍ പറയുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. സിനിമയുടെ ട്രൈയ്‌ലര്‍ വീഡിയോയ്ക്ക് ഒപ്പമുണ്ടായിരുന്ന വിവരണത്തില്‍ അപ്രകാരമൊരു കണക്ക് അവതരിപ്പിച്ചിരുന്നതാണ് പ്രധാനമായും വിവാദകാരണമായത്. എന്നാല്‍ സിനിമയില്‍ അത്തരമുള്ള പരാമര്‍ശങ്ങളൊന്നുമില്ല. പ്രണയം മൂലമുള്ള മതംമാറ്റങ്ങള്‍, അതിനായുള്ള സമ്മര്‍ദ്ദങ്ങള്‍, തുടങ്ങിയവ ഈ സമൂഹത്തില്‍ ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുണ്ട് എന്നുള്ളതിനാല്‍ തന്നെ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന് കാലികപ്രസക്തിയുണ്ട്.

തീവ്ര സ്വഭാവമുള്ള ചില സംഘടനകളും ഐഎസ്‌ഐഎസ് പോലുള്ള ഭീകരസംഘടനകളുമായി അവര്‍ക്കുള്ള ബന്ധവും കേവലം കെട്ടുകഥകളല്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘങ്ങളോ വ്യക്തികളോ നമുക്കിടയിലുണ്ടെങ്കില്‍ അവരെ തുറന്നുകാണിക്കാനും നിരുത്സാഹപ്പെടുത്താനും മടികാണിക്കേണ്ടതില്ല. അത് ഏതെങ്കിലും വിധത്തില്‍ ഒരു മതസമൂഹത്തെ അവഹേളിക്കുന്നതോ മതവികാരത്തെ വ്രണപ്പെടുത്തുന്നതോ ആയ പ്രവൃത്തിയാണ് എന്ന വാദഗതി യുക്തിസഹമല്ല. മറിച്ച്, പ്രസ്തുത സമുദായത്തിന്റെ മേല്‍ നിലനില്‍ക്കുന്ന കരിനിഴല്‍ നീങ്ങാന്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ സഹായിക്കും.

കേരളം പോലൊരു ചെറിയ കോണില്‍നിന്ന് തുടങ്ങുന്ന ചില വ്യക്തികളുടെ ഇത്തരം യാത്രകള്‍ എവിടെയാണ് ചെന്നെത്തുന്നതെന്ന് വ്യക്തമായി അവതരിപ്പിക്കാന്‍ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരിക്കുന്നത് ചെറിയ കാര്യമല്ല. അതാണ് കേരള സ്റ്റോറിയുടെ വിജയവും അത് നല്‍കുന്ന സന്ദേശവും. പലപ്പോഴും പലകാരണങ്ങളാലും നിസ്സാരവല്‍ക്കരിക്കപ്പെട്ടുപോകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും എത്രമാത്രമെന്നും, എത്രയോ കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയത്തെ നാം പരിഗണിക്കേണ്ടതുണ്ടെന്നും ചലച്ചിത്രം അടിവരയിട്ട് ഓര്‍മിപ്പിക്കുന്നുണ്ട്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?