അബുജ/നൈജീരിയ: 2025 ലെ ആദ്യ 220 ദിവസങ്ങളില്‍ മാത്രം രാജ്യത്തുടനീളം കുറഞ്ഞത് 7,087 ക്രിസ്ത്യാനികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന് നൈജീരിയ ആസ്ഥാനമായുള്ള പ്രമുഖ സര്‍ക്കാരിതര സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍ സൊസൈറ്റി) റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂട്ടക്കൊലകള്‍ക്ക് പുറമേ, ക്രൈസ്തവ വിശ്വാസികളായ ഏകദേശം 8,000 പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും ഇന്റര്‍ സൊസൈറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു..
ഈ വ്യാപകമായ കൊലപാതകങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും പിന്നില്‍ നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 22 ജിഹാദി സംഘടനകളാണെന്ന് ഇന്റര്‍സൊസൈറ്റി ഗ്രൂപ്പിന്റെ തലവന്‍ എമേക ഉമെഗ്ബലാസി പറയുന്നു. ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ജിഹാദിസ്റ്റ് ഫുലാനി ഇടയന്മാര്‍ തുടങ്ങിയ അറിയപ്പെടുന്ന തീവ്രവാദ ഗ്രൂപ്പുകളും ഈ സംഘടനകളില്‍ ഉള്‍പ്പെടുന്നു.
നൈജീരിയയിലെ മതന്യൂനപക്ഷങ്ങളുടെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കുക എന്നതാണ് ഈ ഗ്രൂപ്പുകളുടെ ഉദ്ദേശ്യമെന്നും, ഏകദേശം 11.2 കോടി ക്രിസ്ത്യാനികളെ ഇവര്‍ ലക്ഷ്യമിടുന്നതായും ഇന്റര്‍സൊസൈറ്റി പറയുന്നു. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ നൈജീരിയയില്‍ നിന്ന് ക്രിസ്തുമതത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉമെഗ്ബലാസി പറഞ്ഞു.
2009 മുതലുള്ള കണക്കുകള്‍ പ്രകാരം 185,000-ത്തിലധികം നൈജീരിയക്കാര്‍ ഭീരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 125,009 ക്രിസ്ത്യാനികളും ‘ലിബറല്‍ മുസ്ലീങ്ങള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 60,000 വ്യക്തികളും ഉള്‍പ്പെടുന്നു. കൂടാതം ഈ കാലയളവില്‍ 19,100 പള്ളികള്‍ നശിപ്പിക്കപ്പെട്ടു,•250 കത്തോലിക്കാ വൈദികരെയും 350 പാസ്റ്റര്‍മാരെയും തട്ടിക്കൊണ്ടുപോയി. ഇവരില്‍ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെട്ടു.
അതേസമയം ഇന്റര്‍സൊസൈറ്റി റിപ്പോര്‍ട്ടിനെയും നൈജീരിയയെ പ്രത്യേക ആശങ്കാകുലമായ ഒരു രാജ്യമായി (സിപിസി) പുനര്‍നാമകരണം ചെയ്യാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ പ്രേരിപ്പിക്കുന്ന യുഎസ് ജനപ്രതിനിധികളെയും വിമര്‍ശിച്ച് നൈജീരിയന്‍ ഗവണ്‍മെന്റ് രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ‘യാഥാര്‍ത്ഥ്യത്തിന്റെ തെറ്റായ ചിത്രീകരണം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് നാഷണല്‍ ഓറിയന്റേഷന്‍ മന്ത്രി മുഹമ്മദ് ഇദ്രിസ് പ്രസ്താവന പുറത്തിറക്കി. തീവ്രവാദ ഗ്രൂപ്പുകള്‍ ഏതെങ്കിലും പ്രത്യേക മതപരമോ വംശീയമോ ആയ സമൂഹത്തെ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത് എന്നതാണ് ഇവര്‍ പ്രധാനമായും ഉയിര്‍ത്തുന്ന അവകാശവാദം.
Leave a Comment
Your email address will not be published. Required fields are marked with *