നെയ്റോബി/കെനിയ: 2024 വിടപറയാനൊരുങ്ങുമ്പോള്‍ നൈജീരിയക്ക് പുറമെ മൊസാംബിക്ക്, സുഡാന്‍, കോംഗോ, ബുര്‍ക്കിന ഫാസോ തുടങ്ങി ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിലേക്ക് ക്രൈസ്തവപീഡനം വ്യാപിക്കുന്ന കാഴ്ച ബാക്കിയാവുകയാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഈ വര്‍ഷം നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് വിശ്വാസികള്‍ ഭീകരമായ പീഡനത്തിന് ഇരയായത്. സായുധ സംഘങ്ങളും ആയുധങ്ങള്‍ കൈവശമുള്ള അക്രമിസംഘങ്ങളും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ക്രിസ്ത്യാനികളെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍ക്കാരത്തിനിരയാക്കുകയും ചെയ്തതിന്റെ വാര്‍ത്തകള്‍ നിത്യേന എന്നവണ്ണം പോയ വര്‍ഷം വാര്‍ത്താമാധ്യമങ്ങളില്‍ ഇടം പിടിച്ചു. ഈ പീഡനത്തിനെതിരെയും സത്യം, മതസ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, അഴിമതിക്കെതിരായ യുദ്ധം എന്നിവയ്ക്ക് വേണ്ടിയും കത്തോലിക്ക സഭയും ബിഷപ്പുമാരും സര്‍ക്കാരുകളുടെയും രാഷ്ട്രീയക്കാരുടെയും മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പ്രാവചക നിലപാട് സ്വീകരിക്കുന്നവര്‍ കൂടെ പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്നുള്ളതെന്ന് കോംഗോയിലെ വൈദികനും നെയ്റോബിയിലെ തന്‍ഗാസ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമായ ഫാ. ഇന്നസെന്റ് ഹലേരിമാന മഗന്യ പറഞ്ഞു, ‘ദൈവാലയങ്ങള്‍ രാജ്യത്തിന്റെ മനഃസാക്ഷിയാണ്. അവര്‍ അവരുടെ പങ്ക് വഹിക്കുമ്പോള്‍, അവിടെ ഏതെങ്കിലും തരത്തിലുള്ള പീഡനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.”
മിഷനറീസ് ഓഫ് ആഫ്രിക്കയിലെ വൈദികനായ ഫാ. മഗന്യ, കോംഗോ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റായ ആര്‍ച്ചുബിഷപ്് ഫുള്‍ജെന്‍സ് മുതേബ മുഗലുവും കോംഗോ മിലിട്ടറി ജനറല്‍ എഡ്ഡി കപെന്‍ഡ് റംഗും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. വാംഗു മിലിട്ടറി ക്യാമ്പിന്റെ പരിധിയിലുള്ള സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നതില്‍ നിന്ന് ആര്‍ച്ചുബിഷപ്പിനെ വിലക്കിക്കൊണ്ട് ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് നവംബര്‍ മാസത്തില്‍ ആര്‍ച്ചുബിഷപ് ഈ ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. പട്ടാളക്കാര്‍ ഒരു യുവ സെമിനാരിക്കാരനെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നാണ് കോംഗോയില്‍ സൈന്യവും സഭയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. നേരത്തെ കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലെ ആര്‍ച്ചുബിഷപ്പും , കോംഗോയുടെ പ്രസിഡന്റ് ഫെലിക്‌സ് ഷിസെകേദിയുടെ വിമര്‍ശകനുമായ കര്‍ദിനാള്‍ ഫിഡോലിന്‍ അംബോംഗോ ബെസൂംഗുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നീക്കം നടന്നിരുന്നു. ഔദ്യോഗിക പ്രതിപക്ഷം ഇല്ലാത്ത രാജ്യങ്ങളില്‍ സഭ പ്രതിപക്ഷമായി മാറുകയും ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ആഫ്രിക്കയില്‍ കണ്ടുവരുന്നതെന്ന് ഫാ. മഗന്യ പറഞ്ഞു.
2024-ലെ സമഗ്രമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ലെങ്കിലും, നൈജീരിയന്‍ സഭ സമീപകാലത്ത് ഏറ്റവുമധികം പീഡനങ്ങള്‍ നേരിട്ട വര്‍ഷങ്ങളിലൊന്നാണ് 2024 എന്ന് വിലയിരുത്തപ്പെടുന്നു. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനുമിടയില്‍ 21 കത്തോലിക്കാ പുരോഹിതരെ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയിരുന്നു. ലോകത്തിലെ നാലാമത്തെ മാരകമായ തീവ്രവാദ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കുന്ന ഫുലാനി തീവ്രവാദികള്‍ സാധാരണക്കാരുടെ കൃഷിയിടങ്ങള്‍ പിടിച്ചെടുക്കുകയും മോചനദ്രവ്യത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും കര്‍ഷകരെ കുടിയിറക്കുകയും ചെയ്തുവരുന്നു. വര്‍ഷങ്ങളായി, ക്രിസ്ത്യാനികള്‍ തീവ്രവാദികളില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും തിരസ്‌കരണവും പീഡനവും അനുഭവിക്കുകയാണെന്ന് നൈജീരിയയിലെ മൈദുഗുരി ബിഷപ് ഒലിവര്‍ ഡാഷെ ഡോം പറഞ്ഞു. മൈദുഗുരി സിറ്റിയിലെ പ്രധാന മാര്‍ക്കറ്റിനെ വിഴുങ്ങിയ തീപിടുത്തമുണ്ടായപ്പോള്‍ കടകളും സാധനങ്ങളും നഷ്ടപ്പെട്ട മുസ്ലീം വിശ്വാസികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയതെന്നും ക്രൈസ്തവര്‍ക്ക് നഷ്ടപരിഹാരം നിഷേധിച്ചെന്നും ബിഷപ് പറഞ്ഞു. സമാനമായ വിധത്തില്‍ മൈദുഗുരി നഗരത്തെയും ബോര്‍ണോ സംസ്ഥാനത്തും വെള്ളപ്പൊക്കം മൂലം വലിയ നാശനഷ്ടം ഉണ്ടായപ്പോഴും നിരവധി ക്രൈസ്തവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. ഇതുപോലുള്ള സാഹചര്യങ്ങളില്‍, ക്രൈസ്തവ വിശ്വാസികള്‍ക്ക് പള്ളിയും അവരുടെ ഇടയന്‍മാരുമല്ലാതെ വേറെ ഒരിടത്തും ആശ്രയിക്കാന്‍ ഇടമില്ലെന്ന് ബിഷപ് പറഞ്ഞു.
ബുര്‍ക്കിന ഫാസോയില്‍, ഗ്രേറ്റര്‍ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റും മാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ക്വയ്ദയും ക്രൈസ്തവ വിശ്വാസികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. ബുര്‍ക്കിന ഫാസോയിലെ കാരിത്താസിന്റെ പോഷകസംഘടനയായ ഒക്കേഡ്‌സിന്റെ സെക്രട്ടറി ജനറല്‍ ഫാ. കോണ്‍സ്റ്റാന്റിന്‍ സെറെയുടെ അഭിപ്രായത്തില്‍, രാജ്യത്തിന്റെ പകുതിയോളം ഈ രണ്ട് തീവ്രവാദ ഗ്രൂപ്പുകളുടെയും കൈവശമാണുള്ളത്. ഇസ്ലാമിസ്റ്റുകളുടെ അക്രമം രാജ്യത്ത് മതസ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ അതിജീവനത്തിനായി യുവാക്കള്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് ഫാ. കോണ്‍സ്റ്റാന്റിന്‍ കൂട്ടിച്ചേര്‍ത്തു.
2021 മുതല്‍, ദൈവാലയങ്ങള്‍ കേന്ദ്രീകരിച്ച് ബുര്‍ക്കിനാ ഫാസോയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം മെയ് മുതലുള്ള കണക്കുപ്രകാരം കുറഞ്ഞത് 26 കത്തോലിക്കര്‍ ഉള്‍പ്പെടെ 300-ലധികം സാധാരണക്കാര്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. നിലവില്‍ രാജ്യത്തെ 15 കത്തോലിക്കാ രൂപതകളില്‍ ആറെണ്ണവും അക്രമത്തിന്റെ പിടിയിലാണ്. തീവ്രവാദികളുടെ അക്രമത്തെ അതിജീവിക്കാന്‍ ജനങ്ങളെ സഹായിക്കുന്നതിനായി നവംബര്‍ 26 ന് ബുര്‍ക്കിന ഫാസോയില്‍ അടിയന്തര സഹായങ്ങള്‍ വര്‍ധിപ്പിച്ചതായി എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പൊന്തിഫിക്കല്‍ ചാരിറ്റി അറിയിച്ചു.
2017 ഒക്ടോബറില്‍ മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ആരംഭിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കലാപത്തില്‍ 5,000ത്തിലധികമാളുകളാണ് കൊല്ലപ്പെട്ടത്. 1 മില്യന്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം പ്രദേശത്ത് വീണ്ടും അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. തുടക്കത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, സൈനിക സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മാത്രമായിരുന്നു അക്രമങ്ങളെങ്കില്‍ അടുത്തിടെ അല്‍-ഷബാബ് എന്ന ഭീകരസംഘടനയുടെ നേതൃത്വത്തില്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ക്രൈസ്തവരെ മുസ്ലീങ്ങളില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം വധിക്കുന്ന ശൈലിയാണ് ഇവര്‍ പിന്തുടരുന്നത്.
ഭാവിയെക്കുറിച്ചുള്ള ഭയവും അനിശ്ചിതത്വവും എല്ലായിടത്തും ഉണ്ടെന്ന് മൊസാംബിക്കിലെ പെംബയിലെ ബിഷപ് അന്റോണിയോ ജൂലിയാസ് ഫെറേറ സാന്ദ്രമോ പറഞ്ഞു. ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ പ്രാദേശിക ബിഷപ്പുമാര്‍ ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം ‘ഫ്രോഡാണെങ്കിലും’ ശാന്തരായിരിക്കാന്‍ ബിഷപ്പുമാര്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, സുഡാനിലെ സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധത്തില്‍ സഭാ നേതാക്കളും ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പടെയുള്ള വിശ്വാസികള്‍ തലസ്ഥാനത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 2023 ഏപ്രിലില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ നിരവധി ദൈവാലയങ്ങളും മറ്റ്് ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. എല്‍ ഒബൈദിലെ ബിഷപ്് യുനാന്‍ ടോംബെ ട്രില്ലെ കുക്കു അന്‍ഡാലി വധശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. മാരകമായ യുദ്ധത്തിനിടയിലും വിശ്വാസികള്‍ക്കൊപ്പം തുടര്‍ന്ന ബിഷപ്പാണ് യൂനാന്‍ ടോംബെ ട്രില്ലെ. സുഡാനിലെ നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ചകളുടെ അഭാവം മൂലം സമാധാനത്തിന് സാധ്യത കാണുന്നില്ലെന്നാണ് സുഡാന്‍, സൗത്ത് സുഡാന്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫ്രന്‍സ് അടുത്തിടെ വ്യക്തമാക്കിയത്.
Leave a Comment
Your email address will not be published. Required fields are marked with *