വത്തിക്കാൻ സിറ്റി: അപ്രതീക്ഷിത പ്രളയത്തിലും പേമാരിയിലും തകർന്നടിഞ്ഞ ലിബിയക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ അന്താരാഷ്‌ട്ര സമൂഹത്തോട് വീണ്ടും അഭ്യർത്ഥിച്ചു് ഫ്രാൻസിസ് പാപ്പ. അയ്യായിരത്തിലധികം പേരുടെ മരണത്തിലും വ്യാപക നാശനഷ്ടങ്ങളിലും പകച്ചുനിൽക്കുകയാണ് ലിബിയൻ ജനത. ദുരിതമനുഭവിക്കുന്ന ആളുകൾക്ക് നമ്മുടെ തുടർച്ചയായ ഐക്യദാർഢ്യം ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.
റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്യുന്നതനുസരിച്ചു , പ്രളയത്തിന് ശേഷം കാണാതായ ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്, 5,300-ലധികം പേർ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ക്രമാതീതമായി ഉയരുമെന്നാണ് കരുതുന്നത്.ശക്തമായി വീശിയടിച്ച കൊടുങ്കാറ്റിൽ അണക്കെട്ടുകൾ പൊട്ടിത്തെറിച്ചത് അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിന് കാരണമായി. മെഡിറ്ററേനിയൻ നഗരമായ ഡെർനയുടെ നാലിലൊന്നോ അതിലധികമോ ഭാഗങ്ങൾ പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. നിരവധി കെട്ടിടങ്ങൾ താമസക്കാരുൾപ്പടെ ഒലിച്ചുപോയി.ഇങ്ങനെ ഏകദേശം 10,000 പേരെ കാണാതായതായി. പലരും കടലിൽ ഒഴുകിപ്പോയതായാണ് കരുതപ്പെടുന്നത്.
ചൊവ്വാഴ്ച, ലിബിയയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് സാവിയോ ഹോൺ തായ്-ഫായ്‌ക്കോ വഴി ലിബിയൻ ജനതയ്ക്കയച്ച അനുശോചന സന്ദേശത്തിൽ രാജ്യത്തുണ്ടായ വൻതോതിലുള്ള ജീവഹാനിയിലും നാശനഷ്ടങ്ങളിലും തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ പാപ്പ, മരിച്ചവരുടെ ആത്മാക്കൾക്കും അവരുടെ നഷ്ടത്തിൽ വിലപിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള തന്റെ പ്രാർഥനകൾ ഉറപ്പുനൽകിയിരുന്നു. പരിക്കേറ്റവരോടും, കാണാതായ പ്രിയപ്പെട്ടവരെയോർത്ത് വേദനിക്കുന്ന ന്നവരോടും, രക്ഷാപ്രവർത്തകരോടും ദുരിതാശ്വാസ സഹായങ്ങൾ നൽകുന്ന അടിയന്തിര പ്രവർത്തകരോടുമുള്ള തന്റെ ‘ആത്മീയ അടുപ്പം’വും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *