ഡോ. സിബി മാത്യൂസ്
(ലേഖകന്‍ മുന്‍ ഡിജിപിയാണ്)
മനുഷ്യന്‍ എത്ര നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് വസ്ത്രം ധരിക്കുവാന്‍ തുടങ്ങിയതെന്ന് കൃത്യമായി പറയുവാനാവില്ല. എങ്കിലും അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലവിലിരുന്ന ഈജിപ്ഷ്യന്‍/ചൈനീസ് സംസ്‌കാരങ്ങളുടെ കാലത്ത് മനുഷ്യന്‍ നഗ്നത മറയ്ക്കുവാന്‍ ലിനന്‍ തുണികൊണ്ടു നെയ്‌തെടുത്ത വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനുംമുമ്പ് ജീവിച്ചിരുന്ന അപരിഷ്‌കൃതരായ മനുഷ്യര്‍ മൃഗങ്ങളുടെ തുകലും മരവുരിയും മറ്റും വസ്ത്രങ്ങള്‍ക്കു പകരമായി നഗ്നത മറയ്ക്കുവാന്‍ ഉപയോഗിച്ചിരിക്കാം.
ഫാഷന്‍ തരംഗം
വസ്ത്രധാരണത്തിന്റെ രീതികളില്‍ പലതരം ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, കേരളത്തിലെ ‘ഉയര്‍ന്ന’ ജാതിക്കാര്‍ ഉപയോഗിച്ചിരുന്ന വസ്ത്രധാരണരീതികള്‍ ‘താഴ്ന്ന’ ജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. കീഴ്ജാതിക്കാരായി കരുതപ്പെട്ടിരുന്ന സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് മാറു മറയ്ക്കുവാന്‍ അനുവാദമില്ലായിരുന്നു. ‘ചാന്നാര്‍ ലഹള’ (1822-1850) പോലെയുള്ള പ്രക്ഷോഭണങ്ങളിലൂടെയും കേണല്‍ മണ്‍റോയെപ്പോലെയുള്ള ബ്രിട്ടീഷ് ഭരണാധികാരികളുടെ കര്‍ശനനടപടികള്‍ മൂലവുമാണ് അത്തരം അനാചാരങ്ങള്‍ തിരുവിതാംകൂര്‍ (ഇന്നത്തെ കന്യാകുമാരി ജില്ലയുള്‍പ്പെടുന്ന പ്രദേശങ്ങള്‍) മേഖലയില്‍നിന്നും അപ്രത്യക്ഷമായതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (‘എ സര്‍വേ ഓഫ് കേരളാ ഹിസ്റ്ററി’ – പ്രഫ. ശ്രീധരമേനോന്‍).
വര്‍ഷങ്ങള്‍ കടന്നുപോയി, വസ്ത്രധാരണത്തിലെ ഫാഷനുകളും മാറിക്കൊണ്ടിരുന്നു. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ ഇറക്കം ഉയര്‍ന്നും താഴ്ന്നുമൊക്കെ മാറിക്കൊണ്ടിരുന്നു. 1960-കളില്‍ ‘മിനി സ്‌കര്‍ട്ടും’, ‘ഹോട്ട് പാന്റ്‌സും’ ഒക്കെ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഇറുകിയ വസ്ത്രങ്ങളും സുതാര്യമായ വസ്ത്രങ്ങളുമൊക്കെ കടന്നുവന്നു. ഇപ്പോഴിതാ 21-ാം നൂറ്റാണ്ടില്‍ വസ്ത്രധാരണംതന്നെ ഇല്ലാതായേക്കുമോ എന്ന പ്രതീതിയാണ് ഫാഷന്‍ തരംഗം ഇന്നു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം മുതലായ സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ, സഭ്യതയുടെ അതിര്‍വരമ്പുകള്‍ തകര്‍ത്തെറിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ഫാഷന്‍ മോഡലുകള്‍ രംഗത്തുവന്നു തുടങ്ങി.
ലിവിംഗ് ടുഗദര്‍
‘എന്റെ ശരീരം – എനിക്കിഷ്ടമുള്ള രീതിയില്‍ ഞാനതു പ്രദര്‍ശനവസ്തുവാക്കും’ എന്നുള്ള മനോഭാവം വ്യക്തിസ്വാതന്ത്ര്യം, സ്ത്രീ ശാക്തീകരണം മുതലായ ആധുനിക ചിന്താധാരകളുമായി കൂട്ടിച്ചേര്‍ക്കുന്നതോടെ, പഴയ തലമുറയുടെ ധാര്‍മികതയും നിയമങ്ങളുമൊക്കെ വഴിമാറേണ്ടിവരുന്നു. രണ്ടാം ഘട്ടമായി ‘എന്റെ ജീവിതം – എനിക്കിഷ്ടമുള്ളതുപോലെ’ എന്നതും പ്രമാണരേഖയായിത്തീരുമ്പോള്‍, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധങ്ങളും സ്വവര്‍ഗരതിയുമൊക്കെ കുറ്റകരമല്ലെന്ന രീതിയില്‍ നിയമങ്ങള്‍ പൊളിച്ചെഴുതപ്പെടുന്നു.
ഇനിമേല്‍ എന്താണ് ‘സഭ്യത’ എന്നതിന് പുനര്‍നിര്‍വചനം ആവശ്യമായി വന്നേക്കാം. പ്രണയവിവാഹമെന്നത് പുതിയ തലമുറക്കാര്‍ ‘അവകാശ’മായി കാണുന്നുവെങ്കിലും ഉയരുന്ന വിവാഹമോചനനിരക്കും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
കേരളത്തിലെ 16 കുടുംബക്കോടതികളില്‍ ഓരോ ദിവസവും ഏഴുമുതല്‍ പത്തുവരെ വിവാഹമോചനക്കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിദേശത്ത് പഠനത്തിനും ജോലിക്കുമായും പോകുന്ന പല യുവാക്കളും യുവതികളും ‘ലിവിംഗ് ടുഗദര്‍’ എന്നതില്‍ തെറ്റൊന്നും കാണാത്തവരാണത്രേ.
സ്വവര്‍ഗ വിവാഹങ്ങളും നിയമവിധേയമായാല്‍, ഒടുവില്‍ ‘കുടുംബം’ എന്ന വ്യവസ്ഥതന്നെ അപരിഷ്‌കൃതവും പഴഞ്ചനുമായേക്കാം.
സോഷ്യല്‍ കോണ്‍ട്രാക്ട്
മാറിവരുന്ന സാഹചര്യങ്ങളില്‍ അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യം മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനുംതന്നെ ഭീഷണിയായേക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ സാമൂഹ്യശാസ്ത്രജ്ഞരായിരുന്ന തോമസ് ഹോബ്‌സ്, ജോണ്‍ ലോക്ക് മുതലായവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ‘സോഷ്യല്‍ കോണ്‍ട്രാക്ട്’ തിയറിയുടെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറയേണ്ടിയിരിക്കുന്നു. മനുഷ്യര്‍ക്ക് സമാധാനപൂര്‍ണവും സ്വസ്ഥതയുള്ളതുമായ കുടുംബജീവിതവും, സമൂഹത്തിന് പുരോഗതിയും സാധ്യമാകണമെങ്കില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് ചില അതിരുകള്‍ നിശ്ചയിക്കേണ്ടിയിരിക്കുന്നു എന്നതാണ് ‘സോഷ്യല്‍ കോണ്‍ട്രാക്ട്’ തിയറിയുടെ കാതല്‍.
പൊതുനന്മയ്ക്കായി, മനുഷ്യര്‍ തങ്ങളുടെ അതിരില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഒരു പങ്ക് ഉപേക്ഷിക്കുവാന്‍, അഥവാ പൊതുനന്മയ്ക്കായി സമര്‍പ്പിക്കുവാന്‍ തയാറായതോടെയാണ് മനുഷ്യസമൂഹങ്ങള്‍ പുരോഗതിയിലേക്ക് വളര്‍ന്നതെന്ന് മേല്‍പറഞ്ഞ ചിന്തകര്‍ പഠിപ്പിച്ചു. ജനാധിപത്യ സര്‍ക്കാരുകള്‍, നിയമവ്യവസ്ഥ, കോടതികള്‍ ഇവയുടെയൊക്കെ നിലനില്‍പ് വ്യക്തിസ്വാതന്ത്ര്യത്തിന് ചില വിലങ്ങുകള്‍ ഏര്‍പ്പെടുത്തുന്നതുമൂലമാണല്ലോ സാധ്യമാകുന്നത്. അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യം മനുഷ്യസമൂഹത്തിന്റെ ക്ഷേമത്തിനും നിലനില്‍പിനുതന്നെയും ഭീഷണിയാകുമോ എന്ന് മനുഷ്യസമൂഹ ‘ശില്പികള്‍’ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *