Follow Us On

28

March

2024

Thursday

10-ാം ക്ലാസ് കഴിഞ്ഞ് ഏതു കോഴ്‌സ് എടുക്കണം?

10-ാം ക്ലാസ് കഴിഞ്ഞ് ഏതു കോഴ്‌സ് എടുക്കണം?

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
(ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസി. പ്രഫസറാണ്).

പത്താം ക്ലാസ് പരീക്ഷയുടെ റിസല്‍ട്ട് വരുന്ന കാലഘട്ടം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുടെ കാലം കൂടിയാണ്. ഏതു കോഴ്‌സ് തിരഞ്ഞെടുക്കണമെന്നത് പല വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്. സ്വാഭാവികമായും ജോലി സാധ്യതയ്ക്കു തന്നെയാണ് മുന്‍തൂക്കം നല്‍കേണ്ടതെങ്കിലും തങ്ങളുടെ അഭിരുചി ഏതു മേഖലയിലാണ് എന്നതുകൂടി വിദ്യാര്‍ത്ഥികള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദത്തിനപ്പുറം, ആ മേഖലയിലെ തന്റെ നിലവാരവും കഴിവും കൂടി പരിഗണിച്ചു വേണം തീരുമാനമെടുക്കാന്‍. അമിത ആത്മവിശ്വാസത്താല്‍ കുട്ടികള്‍ തെരഞ്ഞെടുക്കുന്ന പല കോഴ്‌സുകളും അവര്‍ക്കു തന്നെ ബാധ്യതയാകുന്നതും വലിയ മാനസിക സംഘര്‍ഷത്തിലേക്ക് അവരെത്തിപ്പെടുന്നതും പലപ്പോഴും കാണാറുണ്ട്.

പ്ലസ് ടുവിന്റെ സാധ്യതകള്‍
പത്താം ക്ലാസ് വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്ക്, കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലുമുള്ള പഠന സാധ്യതയാണ്, പ്ലസ്ടു. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 46 കോമ്പിനേഷനുകള്‍ പ്ലസ്ടുവില്‍ നിലവിലുണ്ട്. ഏതു കോഴ്‌സ് എടുക്കുമ്പോഴും, പ്ലസ്ടുവിനു ശേഷമുള്ള തുടര്‍പഠനം കൂടി മുന്നില്‍ കാണേണ്ടതുണ്ട്. സയന്‍സ് പഠിയ്ക്കാന്‍ ഒരു താത്പര്യവുമില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ബയോമാത്സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. മെഡിക്കല്‍പാരാമെഡിക്കല്‍ കോഴ്‌സുകളിലാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍, പ്ലസ് ടുവില്‍ കണക്ക് പഠനം പരിപൂര്‍ണമായും ഒഴിവാക്കാവുന്നതാണ്. ഇനി, ബയോളജിയില്‍ തീരെ താത്പര്യമില്ലെങ്കില്‍ കണക്കിനോടൊപ്പം കംപ്യൂട്ടര്‍ സയന്‍സെടുക്കുന്നതാകും ഉചിതം.

അതായത്, നീറ്റ്പരീക്ഷ ലക്ഷ്യം വയ്ക്കുന്ന വിദ്യാര്‍ഥി, നിര്‍ബന്ധമായും കണക്കൊഴിവാക്കി ബയോളജിയും ലാംഗ്വേജും ഉള്ള കോമ്പിനേഷനും എഞ്ചിനീയറിങ്ങിന് താത്പര്യമുള്ള വിദ്യാര്‍ത്ഥി കണക്കും കംപ്യൂട്ടര്‍ സയന്‍സുമെടുക്കുന്നതുമാണ് നല്ലത്. ഇതോടൊപ്പം തന്നെ പ്ലസ് ടുവിനു ശേഷം, വിവിധ ദേശീയ സ്ഥാപനങ്ങളില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടാകാം. അവരും പ്ലസ് ടു കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, തുടര്‍ പഠന സാധ്യതയ്ക്കനുസൃതമായ കോമ്പിനേഷനുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഐസര്‍, നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളില്‍ ബി.എസ്./എം.എസ്. കോഴ്‌സുകള്‍ക്ക് താത്പര്യപ്പെടുന്നവര്‍ക്ക് സയന്‍സ് കോമ്പിനേഷന്‍ എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. നീറ്റ്, ജെഇഇ, കേരള എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാര്‍ഷിക പ്രവേശന പരീക്ഷ, ഐസര്‍, നൈസര്‍, ബിറ്റ്‌സാറ്റ്, ടി.ഐ.എഫ്.ആര്‍ എന്നിവ ലക്ഷ്യമിടുന്നവരും നിര്‍ദിഷ്ട സയന്‍സ് കോമ്പിനേഷനുകള്‍ പഠിക്കണം.

സയന്‍സ് സ്ട്രീമെടുത്ത് പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കാമെങ്കിലും അവര്‍ക്ക് കൂടുതല്‍ നല്ലത്, ഹ്യുമാനിറ്റീസ് കോമ്പിനേഷനുകളായിരിക്കും. എന്നാല്‍ ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നീ മേഖലകളില്‍ കരിയര്‍ കെട്ടിപ്പെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കും അക്കൗണ്ടിങ്, ആക്ച്വറിയല്‍ സയന്‍സ് എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്കും കൊമേഴ്‌സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. ഇതോടൊപ്പം,മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യം കൊമേഴ്‌സ് കോമ്പിനേഷനുകളാണ്. പ്ലസ്ടു വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, എന്‍.ഐ.എഫ്.ടി. ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, യുസീഡ്, എന്‍.ഐ.ഡി. ഡിസൈന്‍, ഇഫ്‌ലു, ജെ.എന്‍.യു., ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഐ.ഐ.എം. ഇന്‍ഡോര്‍ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കാമെന്നതുകൊണ്ട് പ്രത്യേക കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കണമെന്നില്ല. സംസ്ഥാനത്തെ പ്ലസ് ടു മേഖലയില്‍ സയന്‍സില്‍ 10 കോമ്പിനേഷനുകളും കൊമേഴ്‌സില്‍ 4 കോമ്പിനേഷനുകളും ഹ്യുമാനിറ്റീസില്‍ വൈവിധ്യമാര്‍ന്ന 32 കോമ്പിനേഷനുകളുമുണ്ട്.

സയന്‍സ് ഗ്രൂപ്പിന്റെ പ്രാധാന്യം
സയന്‍സു ഗ്രൂപ്പെന്നാല്‍, എഞ്ചിനീയറും ഡോക്ടറും നഴ്‌സുമാണെന്ന പതിവ് ധാരണ മാറ്റിയാല്‍ പോലും കരിയറില്‍, മിനിമം ഗ്യാരന്റി ഉറപ്പ് നല്‍കുന്ന വൈവിധ്യമാര്‍ന്ന പാതകളിലേക്കുള്ള തുടക്കമാണ് സയന്‍സ് ഗ്രൂപ്പ്. മെഡിക്കല്‍, എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോമ്പിനേഷന്‍ തിരഞ്ഞെടുക്കണം.എന്നാല്‍ കണക്കിനോട് അത്ര താത്പര്യമില്ലാത്തവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോംസയന്‍സ്/സൈക്കോളജി കോമ്പിനേഷനെടുത്ത് എന്‍ട്രന്‍സ് പരീക്ഷയിലൂടെ മെഡിക്കല്‍ പ്രാക്ടീഷനറാകാം. അലോപ്പതിയ്ക്കു (എംബിബിഎസ്) പുറമേ ബിഡിഎസ്, ഹോമിയോപ്പതി, ആയുര്‍വേദ, യുനാനി, നാച്ചുറോപ്പതി എന്നീ മെഡിക്കല്‍ കോഴ്‌സുകളും ബി.ഫാം, ആഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ്ങ്, വെറ്ററിനറി സയന്‍സ്, ഡെയറി സയന്‍സ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോടെക്‌നോളജി ആന്‍ഡ് ജനിറ്റിക്‌സ്, ബി.എസ്‌സി. നഴ്‌സിംഗ് തുടങ്ങിയ അനുബന്ധ കരിയറുകള്‍ക്കും ബയോളജി സയന്‍സ് അനിവാര്യതയാണ്. ഇതിനു പുറമെ ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ബിരുദത്തിന് ചേരാനും തുടര്‍ന്ന് ഗവേഷണ മേഖലയില്‍ വ്യാപരിക്കാനുള്ള അവസരവും അവര്‍ക്കുണ്ട്.

വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. നഴ്‌സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി തുടങ്ങിയ പരമ്പരാഗത മേഖലകള്‍ക്കു പുറമെ ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി, ഒപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്‌നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്‌നോളജി, സൈറ്റോ ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയബറ്റോളജി തുടങ്ങിയ ന്യൂ ജെന്‍ പാരാമെഡിക്കല്‍ കോഴ്‌സുകളും ഇന്നിന്റെ അനിവാര്യതയാണ്. ബയോളജിയുമായി ബന്ധപ്പെട്ട ബയോ ടെക്‌നോളജി, മൈക്രോ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളില്‍ വലിയ അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹോംസയന്‍സ്/ജിയോളജി/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതി എഞ്ചിനീയറിങ്ങിന് ചേരാനുള്ള അവസരമുണ്ട്. എല്ലാക്കാലത്തും സാങ്കേതിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ചതാണ് എഞ്ചിനീയറിങ്ങ് പഠനമെന്ന് നിസംശയം പറയാം. സ്‌കില്ലും എക്‌സലന്‍സും ഉള്ള എഞ്ചിനീയര്‍മാര്‍ക്ക് ഡിമാന്റും പ്ലേസ്‌മെന്റും ഇപ്പോഴും ഉണ്ടെന്ന കാര്യം മറക്കരുത്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്‌റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്‌നിക്കന്‍ മേഖലയില്‍ ഇപ്പോഴും വലിയ ഡിമാന്റുള്ള കോഴ്‌സുകളാണ്. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, ഫൂട്‌വെയര്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയും ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. ഈ മേഖലയിലെ വിവിധ ദേശീയ സ്ഥപനങ്ങളിലേക്കു നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്കായും അവര്‍ തയാറെടുക്കേണ്ടതുണ്ട്.

എഞ്ചിനീയറിങ്ങിനൊപ്പം പ്രാമുഖ്യമുള്ളതാണ്, ഡിപ്ലോമ കോഴ്‌സുകള്‍. പ്ലസ് ടുവില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പോളി ടെക്‌നിക്കുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി, രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനമുണ്ട്. പെയിന്റ് ആന്‍ഡ് കോസ്‌മെറ്റിക് ടെക്‌നോളജി, ടൂള്‍ ആന്‍ഡ് ഡൈ, ഇന്റീരിയര്‍ ഡിസൈന്‍, പ്ലാസ്റ്റിക് ടെക്‌നോളജി എന്നിങ്ങനെ വലിയ പ്ലേസ്‌മെന്റ് സാധ്യതകളുള്ള എന്‍ജിനീയറിങ്ങ് ഡിപ്ലോമ കോഴ്‌സുകളിലും അവര്‍ക്കു ചേരാവുന്നതാണ്. ഐ.ടി. മേഖലയിലെ കോഴ്‌സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്.സി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ധാരാളം ലഭ്യമാണ്. പ്ലസ് ടു യോഗ്യതയും മികച്ച കായിക ശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ., നേവല്‍ അക്കാദമി പരീക്ഷകള്‍. പൈലറ്റ് കോഴ്‌സിനു ചേരാനുള്ള അടിസ്ഥാന യോഗ്യത, ഫിസിക്‌സും കെമിസ്ട്രിയും മാത്‌സും പഠിച്ച പ്ലസ് ടു കോഴ്‌സാണ്. ഇതോടൊപ്പം സയന്‍സ് വിഷയങ്ങളിലെ ഗവേഷണ സാധ്യതയും രാജ്യാന്തര നിലവാരമുള്ളതാണ്. സയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത, ബിരുദതലത്തില്‍ എതു കോഴ്‌സ് തിരഞ്ഞെടുക്കാനും സാധിക്കുമെന്നതാണ് .

കോമേഴ്‌സ് അത്ര മോശം കോഴ്‌സല്ല
ചരക്കുകളുടെയും സേവനങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകള്‍ ഉള്ള അത്രേം കാലവും കൊമേഴ്‌സിനു പ്രാമുഖ്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഒരാളെ പ്രാപ്തനാക്കുന്ന ഇടമാണ്, പ്ലസ് ടു കൊമേഴ്‌സ് ക്ലാസ് മുറികള്‍. ഇന്‍ഷൂറന്‍സ് അഡൈ്വസര്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, ഓഡിറ്റര്‍, ബിസിനസ്സ് മാനേജര്‍, ഡാറ്റാ അനലിസ്റ്റ് എന്നിങ്ങനെ ആകര്‍ഷകമായ നിരവധി കരിയര്‍ ഓപ്ഷനുകളും ഉണ്ട്.
കണക്കിനോട് വലിയ പ്രതിപത്തിയില്ലാത്തവര്‍ക്ക്, കണക്ക് ഒരു ഓപ്ഷനല്ലാതെയും പ്ലസ് ടു കൊമേഴ്‌സ് പഠിക്കാനുള്ള അവസരം, വിവിധ കൊമേഴ്‌സ് ഗ്രൂപ്പുകളിലുണ്ട്. കൊമേഴ്‌സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ് എന്നിവയ്ക്ക് പുറമേ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഓപ്ഷനായി തിരഞ്ഞെടുക്കാം. കൊമേഴ്‌സ് പ്ലസ് ടു കഴിഞ്ഞവര്‍ ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്(ബികോം), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(ബിബിഎ), ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്(ബിഎംഎസ്), ബാച്ചിലര്‍ ഓഫ് ബിസിനസ് സ്റ്റഡീസ് (ബിബിഎസ്) എന്നിവയാണ് പൊതുവേ ബിരുദതലത്തില്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കാനുളള മുഖ്യ സാധ്യത. ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, സ്‌റ്റോക്ക് മാര്‍ക്കറ്റ്, ഐടി തുടങ്ങിയ മേഖലകള്‍ കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജോലി സാധ്യതയുള്ള മേഖലകളാണ്. ഇതിനു പുറമേ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി പ്രോഗ്രാം, കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയും കൊമേഴ്‌സുകാര്‍ക്ക് എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതാണ്.

പ്ലസ് ടു തലത്തില്‍, കൊമേഴ്‌സ് പഠിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും പൊതുവില്‍ ചാര്‍ട്ടഡ് അക്കൗണ്ടന്റുമാരൊക്കെ കൊമേഴ്‌സ് പശ്ചാത്തലമുള്ളവര്‍ തന്നെയാണ്. അക്കൗണ്ടിംഗ്, ടാക്‌സേഷന്‍, ഓഡിറ്റിംഗ് എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്‌സില്‍ (സി.എ.) മൂന്നുഘട്ടങ്ങളാണുള്ളത്. 12-ാം ക്ലാസ് പരീക്ഷ കഴിയുമ്പോള്‍ ആദ്യ ഘട്ടമായ ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്യാം; പ്ലസ്ടു പരീക്ഷ പാസായി കഴിഞ്ഞയുടന്‍ ഫൗണ്ടേഷന്‍ പരീക്ഷ എഴുതാം. ഫൗണ്ടേഷനും പ്ലസ് ടുവും പാസായാല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം; ഒമ്പതു മാസത്തെ പഠനത്തിനു ശേഷം പരീക്ഷ എഴുതാം. മൂന്നു വര്‍ഷത്തെ പ്രായോഗിക പരിശീലനത്തിനുശേഷം ഫൈനല്‍ പരീക്ഷയും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് കമ്പനി സെക്രട്ടറി കോഴ്‌സ് നടത്തുന്നത്. സി.എ പരീക്ഷയുടെ പോലെ മൂന്നു ഘട്ടങ്ങളാണ് ഈ കോഴ്‌സുകള്‍ക്കുമുള്ളത്. ഇവയ്ക്ക് ബിരുദം നിര്‍ബന്ധമില്ല. എന്നാലും ബിരുദ പഠനത്തിനൊപ്പം ഈ കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്.

ഹുമാനിറ്റീസിനുമുണ്ട് സാധ്യതകള്‍

മുമ്പൊക്കെ സയന്‍സും കൊമേഴ്‌സും കിട്ടാത്തവര്‍ ഒടുവില്‍ മറ്റു വഴിയില്ലാതെ പഠിച്ചിരുന്ന ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ് എങ്കില്‍, ഇപ്പോള്‍ കഥ മാറി. പൊതുവില്‍ സിവില്‍ സര്‍വീസ് മോഹികളുടെ ഇഷ്ട കോമ്പിനേഷനായി ഹ്യുമാനിറ്റീസ് ബാച്ചുകള്‍ മാറിയിട്ടുണ്ട്. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്‌സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്.

(ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പത്താം ക്ലാസിനു ശേഷം പ്ലസ് ടുവിനെയാണ് ആശ്രയിക്കാറ്. പത്താം ക്ലാസു കഴിഞ്ഞ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പ്ലസ് ടു കൂടാതെ അനവധി സാധ്യതകളുണ്ട്. അതിനെക്കുറിച്ച് അടുത്ത ലക്കത്തില്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?