Follow Us On

04

May

2024

Saturday

ആവാസം

ആവാസം

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

പരിശുദ്ധാത്മാവിന്റെ ചൈതന്യത്തില്‍ നിറഞ്ഞ് മാളികമുറിയില്‍നിന്നും നിരുപാധിക സ്‌നേഹത്തിന്റെ സാര്‍വകാലികഭാഷ പുറപ്പെട്ട ദിനമായിരുന്നു നാം ആഘോഷിച്ച പന്തക്കുസ്ത തിരുനാള്‍. അഗ്നിയില്‍ സ്ഫുടം ചെയ്ത ആദിമസഭയുടെ ഭാവവും താളവും മെനഞ്ഞ ദിനം. പിന്നീട് സഭാപിതാക്കന്മാര്‍ സകല നല്‍വരങ്ങളും പ്രവഹിച്ച ആ മഹാദിനത്തിന്റെ സ്മരണയില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ‘പരിശുദ്ധാത്മാവേ, നിന്റെ സകല ദാനങ്ങളും നല്കി ഞങ്ങളില്‍വന്നു വസിച്ചു കവിഞ്ഞൊഴുകണമേ’ എന്ന്. വിശുദ്ധ സ്‌നാനത്തിലൂടെ ആത്മവ്യാപാരത്തിന്റെ ആദ്യപടി നിറവേറി. Coming. വന്നു. രണ്ടാംപടി വസിക്കുകയാണ്. അയശറശിഴ. മൂന്നാം പടി കവിഞ്ഞൊഴുകലാണ്. Overflowing.

ഒരു ചെറുകഥയുണ്ട്. ഒരു സഞ്ചാരിയെക്കുറിച്ചുള്ളതാണ്. അന്നൊരിക്കല്‍ അന്നത്തെ യാത്രയ്‌ക്കൊടുവില്‍ അന്തിയുറങ്ങാന്‍ അയാള്‍ ഗ്രാമത്തിലെ ഒരു വീട് അന്വേഷിക്കുന്നു. ആദ്യംകണ്ട ഭവനം പുറമേ അതിലാവണ്യം തുളുമ്പുന്നതാണ്. നല്ല നിറച്ചാര്‍ത്ത്. അനേകം മുറികള്‍. അയാള്‍ അതിവേഗം അങ്ങോട്ടടുത്തു. വീടിനുള്ളില്‍നിന്നും വലിയ കലമ്പലിന്റെ ശബ്ദം കേട്ടുതുടങ്ങി. പരസ്പരം പഴിചാരലുകളും കുത്തുവാക്കുകളും തന്നെയാണ് അതില്‍നിന്നും പുറപ്പെടുന്നത്. തന്റെ ഉറക്കം നടക്കില്ലെന്നുറപ്പുള്ളതുകൊണ്ട് അയാള്‍ ആ ഭവനം വിട്ട് മുന്നോട്ടു നടന്നു.

രണ്ടാമത്തെ വീട് അത്ര വിശാലതയുള്ളതായി തോന്നിയില്ല. അടുത്തുചെന്നു. ഉള്ളില്‍നിന്നും പലതരം മൃഗങ്ങളുടെ ശബ്ദങ്ങള്‍. നായയുടെ കുരയും പന്നിയുടെ കുറുകലുമെല്ലാം അതിനുള്ളില്‍നിന്നുയരുന്നുണ്ട്. അയാള്‍ ആ ഭവനവും ഒഴിവാക്കി. മുമ്പോട്ട് നീങ്ങി. തൊട്ടടുത്ത ഭവനം നിശബ്ദമാണെങ്കിലും അതിനുള്ളില്‍ എല്ലാം അലങ്കോലമായി കിടക്കുന്നു. വീട്ടുകാര്‍ സ്വാഗതമോതിയെങ്കിലും മാലിന്യം നിറഞ്ഞും അടുക്കും ചിട്ടയുമില്ലാതെയും കിടക്കുന്ന വീട്ടകം അയാളില്‍ മടുപ്പുളവാക്കി. ഇങ്ങനെ അതും കഴിഞ്ഞ് അയാള്‍ മുമ്പോട്ട് നടക്കുന്നു. ഒടുവില്‍ ശാന്തവും സുന്ദരവുമായ ഒരു ചെറുഭവനം അയാള്‍ക്ക് ആതിഥ്യമരുളി എന്നുപറഞ്ഞ് കഥ അവസാനിക്കുന്നു.

വിശുദ്ധാത്മാവിന്റെ വരവ് സ്‌നാനത്തിലൂടെ സംഭവിച്ചുവെന്ന് നാം നേരത്തെ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ രണ്ടാംഘട്ടം, ആത്മാവിന്റെ ആവാസം നമ്മുടെ ഉള്ളിലിരുപ്പിനെ ആശ്രയിച്ചാണ് നില്‍ക്കുക. ഈ കഥയിലെ കണക്ക് പുറമെ വെടിപ്പുള്ളതെങ്കിലും അകം അഹന്തയുടെയും നിഗളത്തിന്റെയും അപസ്വരങ്ങളാല്‍ മുഖരിതമെങ്കില്‍ എങ്ങനെ വിശുദ്ധാത്മ ചൈതന്യത്താല്‍ അത് നിറയും. അകം മൃഗീയ/ജഡിക വാസനകളാല്‍ തിങ്ങുമ്പോള്‍ ആത്മചൈതന്യം എത്രമേല്‍ മങ്ങലേല്‍ക്കും. അകം ക്രമമില്ലാത്തതെങ്കില്‍, ജപവും വേദധ്യാനവും നഷ്ടമായതെങ്കില്‍ എപ്രകാരം ഉള്‍പ്രഭ നിറയും.

ആന്തരിക വിമലീകരണത്തിലൂടെ മനോമാലിന്യനാശം സംഭവിക്കാതെ ഈ ഘട്ടത്തിലേക്ക് നാം വളരുന്നില്ല. ഇതിനുശേഷം മാത്രമാണ് കവിഞ്ഞൊഴുകല്‍ എന്ന പാരമ്യത്തിലേക്ക് നാമെത്തുക. ആത്മഫലങ്ങളുടെ ഒരു കവിഞ്ഞൊഴുകല്‍. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദീര്‍ഘക്ഷമയുടെയും ദയയുടെയും പരോപകാരത്തിന്റെയും വിശ്വസ്തതയുടെയും സൗമ്യതയുടെയും ഇന്ദ്രിയജയത്തിന്റെയും എല്ലാം വര്‍ധനവില്ലാതെ എന്ത് ആത്മീയതയെക്കുറിച്ചാണ് നമുക്ക് സംസാരിക്കാനുള്ളത്. പരിശുദ്ധാത്മാവേ ഞങ്ങളില്‍ തീയായ് പടര്‍ന്ന് ഞങ്ങളുടെ മനോമണ്ഡലങ്ങളെ എരിച്ച് ഞങ്ങളെ നിര്‍മലരാക്കേണമേ. ഞങ്ങളില്‍ ആത്മഫലങ്ങളെ വര്‍ധിപ്പിക്കണമേ.
ഇത്തരമൊരു സ്വയം എരിയലിലൂടെയല്ലാതെ കെട്ടകാലങ്ങള്‍ക്ക് മുമ്പില്‍ ഒരു തീപ്പന്തമാകാന്‍, ഒരു വഴിവെട്ടമാകാന്‍ നമുക്കാവില്ല സഖേ, നിശ്ചയം!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?