Follow Us On

04

May

2024

Saturday

പട്ടാളത്തിനു മുമ്പില്‍ പതറാതെ നിന്ന പതിനഞ്ചുകാരന്‍..!

പട്ടാളത്തിനു മുമ്പില്‍ പതറാതെ  നിന്ന പതിനഞ്ചുകാരന്‍..!

സ്പാനിഷ് ആഭ്യന്തര യുദ്ധം കൊടുംപിരി കൊണ്ടിരിക്കുന്ന കാലം. വര്‍ഷം 1936. മതപീഡനത്തിന്റെ ഭാഗമായി പട്ടാളക്കാര്‍ വീടുകള്‍തോറും കയറിയിറങ്ങി ആളുകളെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചുകൊണ്ടിരുന്നു. ആ വര്‍ഷം ജൂലൈ 20ന് പട്ടാളക്കാര്‍ ആ ഭവനത്തിലുമെത്തി. ഫ്രാന്‍സിസ്‌കോ എന്ന പതിനഞ്ചുകാരന്റെ പിതാവിനെ അറസ്റ്റ് ചെയ്യാന്‍വേണ്ടിയായിരുന്നു അത്. അപ്പോഴാണ് ഫ്രാന്‍സിസ്‌കോ ധരിച്ചിരുന്ന കര്‍മലമാതാവിന്റെ ഉത്തരീയം പട്ടാളക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. അത് ഉപേക്ഷിക്കണമെന്ന പട്ടാളക്കാരുടെ ഉത്തരവ് നിരസിക്കാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു. ഉത്തരീയം ഉപേക്ഷിച്ചില്ലെങ്കില്‍ കുടുംബത്തോടൊപ്പം അറസ്റ്റ് ചെയ്യുമെന്നായി പട്ടാളക്കാര്‍. എന്നാല്‍, ആ ഭീഷണിക്കുമുന്നിലും അവന്‍ പതറിയില്ല. ജയിലില്‍ പോകേണ്ടിവന്നാലും ഉത്തരീയം ഞാന്‍ ഉപേക്ഷിക്കില്ല എന്നായിരുന്നു ഫ്രാന്‍സിസ്‌കോയുടെ മറുപടി. ഒടുവില്‍ കുടുംബാംഗങ്ങളോടൊപ്പം അവനും അറസ്റ്റ് ചെയ്യപ്പെട്ടു.

ചെറുപ്പം മുതല്‍തന്നെ ഇടവക ദൈവാലയവുമായി ബന്ധപ്പെട്ട ജീവിതമായിരുന്നു ഫ്രാന്‍സിസ്‌കോയുടേത്. പ്രായമായവരെ സഹായിക്കുന്നതിലും ദാനധര്‍മങ്ങള്‍ ചെയ്യുന്നതിലും അതീവ തല്‍പ്പരനുമായിരുന്നു. ആഭ്യന്തരയുദ്ധ കാലത്തും അനുദിന ദിവ്യബലി ഫ്രാന്‍സിസ്‌കോ മുടക്കിയിരുന്നില്ല. മുതിര്‍ന്നവരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ക്രിസ്തുവിനെ മുറുകെപ്പിടിച്ച അവന്റെ വിശ്വാസജീവിതം. കോര്‍ഡോബ രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫ്രാന്‍സിസ്‌കോ ഗാര്‍സിയയുടെ വിശ്വാസസ്‌ഥൈര്യം വ്യക്തമാക്കുന്ന കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 20ന് അറസ്റ്റ് ചെയ്യപ്പെട്ട ഫ്രാന്‍സിസ്‌കോയെ രണ്ട് ദിവസങ്ങള്‍ക്കുശേഷം പട്ടാളക്കാര്‍ വധിച്ചു. ഒക്‌ടോബര്‍ 16ന് ആഗോളസഭ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തിയ 127 സ്പാനിഷ് രക്തസാക്ഷികളുടെ കൂട്ടത്തില്‍ ഈ കുഞ്ഞു വിശുദ്ധനും സ്ഥാനം പിടിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയോടു ചേര്‍ന്ന് വിശുദ്ധ ജീവിതം നയിച്ചിരുന്ന ഈ കുഞ്ഞുരക്തസാക്ഷിയുടെ ജീവിതം അനേക യുവജനങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?