Follow Us On

22

December

2024

Sunday

വിശുദ്ധ യൗസേപ്പിതാവിലൂടെ നടന്ന മാനസാന്തരം

വിശുദ്ധ യൗസേപ്പിതാവിലൂടെ നടന്ന മാനസാന്തരം

കത്തോലിക്കാ കുടുംബത്തില്‍ വളര്‍ന്ന ഒരു യുവാവ് വിദ്യാഭ്യാസ യോഗ്യതകള്‍ പലതും കൈവരിച്ച ശേഷം വീട് വിട്ടിറങ്ങിപ്പോയി. ഏതാനും അക്രമികളോടൊപ്പം ചേര്‍ന്ന് പല കൊലപാതകങ്ങളിലും പങ്കാളിയായി. ഈ യുവാവിന്റെ വീടിന്റെ സമീപത്തുള്ള ഒരു കുടുംബത്തില്‍ കവര്‍ച്ച നടത്തുവാന്‍ അക്രമിസംഘം ഒരിക്കല്‍ തീരുമാനിച്ചു. കവര്‍ച്ചയുടെ തലേദിവസം കവര്‍ച്ച ചെയ്യപ്പെടുന്ന കുടുംബത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ മേല്‍പ്പറഞ്ഞ യുവാവ് നിയുക്തനായി. അതനുസരിച്ച് അവന്‍ സ്വന്തം വീട്ടിലെത്തി. തന്റെ വീട്ടില്‍ അന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഭക്തി ആചരിക്കുകയും വിശുദ്ധന്റെ സ്തുതിക്കായി പാവപ്പെട്ട ഒരു കുടുംബത്തിന് അത്താഴം കൊടുക്കുകയും ചെയ്തിരുന്നു. ഈ കാഴ്ച കണ്ടപ്പോള്‍ ആ യുവാവിന്റെ മനസ്സലിഞ്ഞു. താനും കൂട്ടുകാരും പിറ്റേദിവസം ചെയ്യുവാന്‍ തുനിയുന്ന ഹീനമായ പ്രവൃത്തിയെക്കുറിച്ച് മനസ്താപമുണ്ടായി. അയാള്‍ കുടുംബാംഗങ്ങളുടെ മുമ്പാകെ, ചെയ്യുവാന്‍ തീരുമാനിച്ചിട്ടുള കാര്യമെല്ലാം വെളിപ്പെടുത്തി. ഇനിയൊരിക്കലും അക്രമാസക്തരായ തന്റെ കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്ന് പ്രതിജ്ഞ ചെയ്തു. വിശുദ്ധ യൗസേപ്പ് പിതാവിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ആ  മന:പരിവര്‍ത്തനം ആ കുടുംബാംഗങ്ങളുടെ വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തി.

തൊഴിലിന്റെ മഹത്വം വര്‍ദ്ധിപ്പിച്ച യൗസേപ്പിതാവ്

ക്രിസ്തുവും അവിടുത്തെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവും തൊഴിലാളികളായിരിക്കെ കത്തോലിക്കാ സഭയ്ക്ക് തൊഴിലാളികളെ വിസ്മരിക്കുവാന്‍ സാധിക്കുകയില്ല. മെയ് ഒന്നിന് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍, ദൈവപുത്രന്റെ വളര്‍ത്തുപിതാവായിരുന്നിട്ടും ആശാരിപ്പണിചെയ്ത് ദൈവകുമാരനെയും അവിടുത്തെ അമ്മയെയും പരിപാലിച്ച വിശുദ്ധന്‍ തൊഴിലിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു.

മനുഷ്യന്റെ രക്ഷാകര്‍മത്തില്‍ തൊഴിലിനും സ്ഥാനമുണ്ട് എന്ന് വ്യക്തമാക്കുന്നതിനുവേണ്ടിക്കൂടിയാണ് ദൈവകുമാരനും അവിടുത്തെ വളര്‍ത്തു പിതാവും തച്ചന്റെ ജോലി ചെയ്തത്. ജോലിയോടുള്ള നമ്മുടെ സമീപനവും വീക്ഷണവുമാണ് നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും സൗഭാഗ്യദായകവുമാക്കിത്തീര്‍ക്കുന്നത്. ചിലര്‍ ജോലിയെപ്പോലും ദൈവമാക്കി പ്രതിഷ്ഠിക്കുന്നു. മനുഷ്യവ്യക്തിയുടെ മഹത്വമാണ് ഓരോ ജോലിയെയും ധന്യമാക്കുന്നത്. ക്രിസ്തുവിന്റെ ജീവിതമരണോത്ഥാനങ്ങളുടെ വെളിച്ചത്തില്‍ തൊഴിലിനെ വിലയിരുത്തണം. നാം ചെയ്യുന്ന ഓരോ ജോലിയുടെയും സാമൂഹ്യമായ മൂല്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി കൊടുക്കേണ്ടതാവശ്യമാണ്. എന്നാല്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം തൊഴിലിനെ സമരായുധമായി ഉപയോഗിച്ച് അതിന്റെ മാഹാത്മ്യത്തെ നശിപ്പിച്ചു കളയരുത്. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ബന്ധം ക്രിസ്തീയസ്‌നേഹത്താല്‍ നയിക്കപ്പെടണം. അല്ലെങ്കില്‍ അസ്വസ്ഥതയും അസമാധാനവും വിപ്ലവവുമായിരിക്കും പരിണതഫലം.
തൊഴിലാളികളും മുതലാളികളും ക്രിസ്തുവിന്റെ മൗതിക ശരീര നിര്‍മ്മിതിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നുള്ള വസ്തുത നാം വിസ്മരിക്കരുത്. തിരുസഭ തൊഴിലാളികളുടെയും മുതലാളികളുടെയും മാതാവാണ്. രണ്ടു കൂട്ടരേയും സഭാമാതാവ് സ്‌നേഹപൂര്‍വ്വം അവരുടെ ചുമതലകള്‍ അനുസ്മരിപ്പിക്കുന്നുണ്ട്.

പ്രാര്‍ത്ഥിക്കാം

ദൈവകുമാരന്റെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു ആശാരിയുടെ ജോലി ചെയ്തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചല്ലോ. അതിലൂടെ തൊഴിലിന്റെ മാഹാത്മ്യവും രക്ഷാകര്‍മ്മത്തില്‍ തൊഴിലിനുള്ള സ്ഥാനവും ഞങ്ങള്‍ക്കു കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്റെ ചുമതലകളും ദൈവപരിപാലനയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂര്‍വം നിര്‍വഹിച്ചു കൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ജോലികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങള്‍ ദൈവതിരുമനസ്സിനോടു യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്.

കടപ്പാട്: വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?