Follow Us On

01

May

2024

Wednesday

കേരളത്തെ ആര് രക്ഷിക്കും?

കേരളത്തെ  ആര് രക്ഷിക്കും?

സ്വന്തം ലേഖകന്‍
കോഴിക്കോട്

വന്യമൃഗങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ സംഘടിതരായ ഒരു വിഭാഗവും നിസഹായരായ മനുഷ്യര്‍ക്കുവേണ്ടി നിലകൊള്ളാന്‍ അധികമാരുമില്ലാത്തതുമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കാട്ടുപോത്തിന്റെ ആക്രമണങ്ങളില്‍ ഒറ്റദിവസം തന്നെ വിലപ്പെട്ട മൂന്നു ജീവനുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വന്യജീവികളുടെ ആക്രമണം നിമിത്തം പൊറുതിമുട്ടിയ ജനവിഭാഗത്തിന്റെ രോദനം ഒരിക്കല്‍ കൂടെ കേരളത്തില്‍ ചര്‍ച്ചയാകുന്നത്. കോട്ടയം ജില്ലയിലെ കണമലയില്‍ രണ്ടുപേരും കൊല്ലം ജില്ലയിലെ ആയൂരില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. സ്വന്തം വീടിനുള്ളില്‍പ്പോലും മനുഷ്യര്‍ സുരക്ഷിതരല്ല എന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കണമലയില്‍ വീടിന്റെ വരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന പുറത്തേല്‍ ചാക്കോ എന്ന കര്‍ഷകനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. മറ്റു രണ്ടുപേരും റബര്‍തോട്ടത്തില്‍വച്ചാണ് പോത്തിന്റെ ആക്രമണത്തിന് ഇരയായത്.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കര്‍ഷകരെ ആക്രമിക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ അതിനെ ലഘൂകരിക്കുകയും ഇരകളായിത്തീരുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു വിഭാഗം സംഘടിതരായി മുന്നോട്ടുവരുന്നുണ്ട്. ഉപദ്രവകാരിയായ ചക്കക്കൊമ്പന്‍ എന്ന കാട്ടാനയ്ക്കുവേണ്ടി ഏതൊക്കെ വിധത്തിലുള്ള കാമ്പയിനുകളാണ് നടന്നത്. ആനയുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമായിട്ടുവരെ വിശേഷിപ്പിച്ചവരുണ്ട്. ജീവനും കൈയില്‍ പിടിച്ചുകൊണ്ട് നിസഹായരായി ഓടുന്ന മനുഷ്യരുടെ കണ്ണീരും നൊമ്പരങ്ങളുമൊന്നും അവര്‍ക്ക് പ്രശ്‌നങ്ങളല്ല. എത്രയോ പേരുടെ കൃഷിയും വരുമാനമാര്‍ഗങ്ങളുമാണ് ആന തകര്‍ത്തെറിഞ്ഞത്?

മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ട ഗവണ്‍മെന്റാണ് ഉത്തരം പറയേണ്ടത്. രണ്ടുപേരുടെ ജീവനെടുത്ത പോത്തിനെ വെടിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടെങ്കിലും അതിനെതിരായ നിലപാടായിരുന്നു വനംവകുപ്പ് തുടക്കത്തില്‍ സ്വീകരിച്ചത്. രാഷ്ട്രീയനേതൃത്വത്തിന്റെ മൃദുസമീപനമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യത്വവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ധൈര്യം നല്‍കുന്നത്. നിയമത്തിന്റെ നൂലാമാലകളും സാങ്കേതികത്വവും ഉയര്‍ത്തുന്നതിനുപകരം മനുഷ്യരുടെ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന പ്രാഥമിക പാഠം കേരളത്തിലെ വനംവകുപ്പ് എന്നാണാവോ പഠിക്കുന്നത്? കുടിയേറ്റ ജനതയും കര്‍ഷകരും രണ്ടാംതരം പൗരന്മാരോ ആരുടെയെങ്കിലും ദയാദാക്ഷിണ്യത്തില്‍ കഴിയുന്നവരോ അല്ല. നഗരങ്ങളില്‍ ജീവിക്കുന്നവരുടെ അതേ അവകാശങ്ങളാണ് അവര്‍ക്കുമുള്ളത്. വന്യമൃഗങ്ങളില്‍നിന്നും മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കേണ്ട വനംവകുപ്പ്, കൃഷിഭൂമിയിലും മനുഷ്യര്‍ ജീവിക്കുന്ന ഇടങ്ങളിലും വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നിടത്തുനിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?