Follow Us On

22

December

2024

Sunday

വിശുദ്ധരുടെ ജീവിതം നാടകവേദിയില്‍

വിശുദ്ധരുടെ ജീവിതം നാടകവേദിയില്‍

പ്ലാത്തോട്ടം മാത്യു

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ഇടവകയിലെ കലാകാരന്മാരുടെ സുവര്‍ണ ദശകമാണ് കടന്നുപോകുന്നത്. 2014-ല്‍ ഫാ. ഫിജോ ആലപ്പാടന്‍, തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് ഇടവക അസിസ്റ്റന്റ് വികാരിയായിരിക്കെയാണ് ഇടവകയിലെ നാടക കലാകാരന്മാരെ കണ്ടെത്തി സംഘടിപ്പിച്ച് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഒരുക്കുന്നത്. ഇപ്പോള്‍ തൃശൂര്‍ അതിരൂപത വികാരി ജനറല്‍ ആയി സേവനം ചെയ്യുന്ന മോണ്‍. ജോസ് വല്ലൂരാന്‍ ആയിരുന്നു വികാരി. വല്ലൂരാന്‍ അച്ചന്റെയും ഫാ. ഫിജോയുടെയും പരിശ്രമഫലമായി നിരവധി കലാകാരന്മാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു.

വിശുദ്ധ തോമാശ്ലീഹായുടെ ജീവിതം ഇതിവൃത്തമാക്കി ദ്വിദീമോസ് എന്ന ചരിത്രനാടകം രചിച്ചത് ഫാ. ഫിജോയായിരുന്നു. 2014 ജൂലൈ മൂന്നിന് നാടകം ആദ്യമായി രംഗത്ത് അവതരിപ്പിച്ചു. 15 മുതല്‍ 75 വയസുവരെ പ്രായമുള്ള 135 പേര്‍ ഈ നാടകത്തില്‍ അഭിനേതാക്കളായി. അന്ന് മികച്ച അഭിനയം കാഴ്ചവച്ച ഇടവകാംഗമായ പോളി പുത്തൂര്‍ ഈ നാടകത്തോടെ ശ്രദ്ധിക്കപ്പെട്ടു.

പുതുക്കാട് സെന്റ് ആന്റണീസ് ഇടവകപ്രദേശത്തെ നാടക കലാകാരന്മാരുടെയും നാടക പ്രേമികളുടെയും സുവര്‍ണ കാലമായിരുന്നു 2014 മുതലുള്ള കാലഘട്ടം. അടുത്ത നാടകത്തില്‍ പോളിയുടെ പേരിന് കാരണക്കാരനായ വിശുദ്ധ പൗലോസിന്റെ ഭാഗം അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചു. തുടര്‍ന്ന് 2015-ല്‍ ‘വിശുദ്ധ അന്തോണീസ്’ എന്ന ഫാ. ഫിജോയുടെ നാടകം അദ്ദേഹംതന്നെ സംവിധാനം ചെയ്തു. ഈ നാടകത്തില്‍ വിശുദ്ധ അന്തോണീസ് ആയി ഫാ. ഫിജോ ആലപ്പാടന്‍ അഭിനയിച്ചപ്പോള്‍ വിശുദ്ധന്റെ പിതാവ് മര്‍ദ്ദീനോയുടെ വേഷത്തില്‍ പോളി പുത്തൂര്‍ അഭിനയമികവ് തെളിയിച്ചു.

വിദ്യാര്‍ത്ഥിയായിരിക്കെ മുതല്‍ നാടകാഭിനയരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും നിരവധി സാമൂഹ്യനാടകങ്ങളില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിരുന്ന പോളി പുത്തൂരിലെ നാടക കലാകാരന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ ചരിത്രനാടകങ്ങള്‍ അവസരമൊരുക്കി.
വിശുദ്ധ അന്തോണീസിന്റെ ചെറുപ്പകാലം ‘ഫെര്‍ണാണ്ടോ’ ആയി നാടക ടീമില്‍ അഭിനയിച്ചത് ഇപ്പോള്‍ മനോരമ ചാനലില്‍ ‘എന്നുതരും പണം’ അവതാരകന്‍ ഡെയിന്‍ ഡേവീസ് ആയിരുന്നു.

ദൈവാലയ വെഞ്ചരിപ്പ് സമയത്ത് ഇടവകാംഗമായ റോയി കെ. ആന്റണി രചിച്ച്, സംവിധാനം ചെയ്ത ‘വിശുദ്ധ കുരിശിന്റെ അടയാളത്തില്‍’ നാടകമാണ് അരങ്ങേറിയത്. നാടകത്തില്‍ ശതാധിപന്റെ ഭാഗം അഭിനയിച്ച പോളിയുടെ അഭിനയമികവ് ഏവരുടെയും പ്രശംസ നേടി. ഈ പുണ്യനാടകത്തില്‍ ശതാധിപന്റെ മുഖ്യവേഷം ചെയ്യാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി പോളി കരുതുന്നു.
2022-ല്‍ ദുഃഖവെള്ളിയാഴ്ച ‘ഗോല്‍ഗോല്‍ത്തായിലെ പരമയാഗം’ എന്ന നാടകത്തില്‍ ‘പീലാത്തോസി’ന്റെ ഭാഗം അഭിനയിച്ചതും പോളിയായിരുന്നു. അക്കൊല്ലംതന്നെ ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ നാടകത്തില്‍ വിശുദ്ധ തോമാശ്ലീഹായായി ടൈറ്റില്‍ റോളില്‍ത്തന്നെ അഭിനയിക്കാന്‍ ദൈവം പോളിക്ക് അനുഗ്രഹം നല്‍കി. ഈ രണ്ടു നാടകങ്ങളും എഴുതി സംവിധാനം ചെയ്തതും റോയ് കെ. ആന്റണിയായിരുന്നു.

അതിനിടെ ‘വിശുദ്ധ കുരിശിന്റെ അടയാളത്തില്‍’ നാടകം ഒരു സ്വകാര്യ ചാനലിനുവേണ്ടി രണ്ടാമത് അവതരിപ്പിച്ച് സംപ്രേഷണം ചെയ്തു. ഇത് ലോകമെങ്ങുമുള്ള അനേകായിരം പേര്‍ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. അതിനിടെ നാട്ടിലെ കലാകാരന്മാരുടെ സംഘടനയായ ‘നന്മ’യുടെ സാരഥി കൂടിയായി. ഇടയ്ക്ക് കുറേ വര്‍ഷങ്ങളില്‍ ഇടവക ട്രസ്റ്റിയായി ശുശ്രൂഷ ചെയ്യാനും കഴിഞ്ഞത് ദൈവാനുഗ്രഹമായി പോളി പുത്തൂര്‍ കരുതുന്നു.
ഭാര്യ റിട്ട. അധ്യാപിക ലിസി നാടകപ്രവര്‍ത്തനങ്ങള്‍ക്കും സഭാശുശ്രൂഷകള്‍ക്കും സഹായവും പ്രചോദനവും നല്‍കുന്നു. മക്കള്‍: അഭിനന്ദ് (അബുദാബി), ആനന്ദ (ബംഗളൂരു).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?