Follow Us On

22

January

2025

Wednesday

ആഭ്യന്തര കലാപങ്ങള്‍ തുടരുമ്പോള്‍…

ആഭ്യന്തര കലാപങ്ങള്‍ തുടരുമ്പോള്‍…

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

യുദ്ധങ്ങള്‍ പലതരമുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഒരു രാജ്യത്തിനുള്ളില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഓരോ സ്ഥാപനത്തിലും ഓരോ വീടുകളിലും നടക്കുന്ന യുദ്ധങ്ങളുണ്ട്. ഇവയില്‍ ഏത് യുദ്ധം നടന്നാലും അത് വലിയ സഹനങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും കാരണമാകും. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെക്കാള്‍ വൈകാരികമാണ് രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധങ്ങള്‍. ഒരേ രാജ്യക്കാര്‍ പരസ്പരം ശത്രുക്കളായി ആക്രമിക്കുകയും കൊല്ലുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെയാണല്ലോ ഇവിടെ നടക്കുക.

രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധത്തെ നമ്മള്‍ പൊതുവെ ആഭ്യന്തര കലാപം എന്ന് പറയും. അത് ജനങ്ങള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തുന്ന യുദ്ധങ്ങളാകാം. ഒരു വിഭാഗം ജനങ്ങളും ഗവണ്‍മെന്റും തമ്മില്‍ നടക്കുന്ന യുദ്ധങ്ങളാകാം. രാജ്യത്തെ ജനങ്ങളിലെ തീവ്രവാദവിഭാഗങ്ങള്‍ ആകാം പലപ്പോഴും ഇത്തരം യുദ്ധങ്ങള്‍ നടത്തുക.

ലോകത്തില്‍ ആഭ്യന്തര കലഹം നടക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. അഫ്ഗാനിസ്ഥാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, എത്യോപ്യ, ലിബിയ, മാലി, സൊമാലിയ, സൗത്ത് സുഡാന്‍, സിറിയ, കോണ്‍ഗോ, സുഡാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ പല രാജ്യങ്ങളിലും ആഭ്യന്തര കലാപങ്ങള്‍ നടന്നിട്ടുണ്ട്; അഥവാ നടക്കുന്നുണ്ട്. ഒന്നുകില്‍ ജനങ്ങള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് യുദ്ധം ചെയ്യുന്നു; അല്ലെങ്കില്‍ ചില തീവ്രവാദഗ്രൂപ്പുകള്‍ ഗവണ്‍മെന്റുമായി യുദ്ധം ചെയ്യുന്നു. ഇത്തരം യുദ്ധങ്ങള്‍ പലതും നിരവധി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കും എന്നതാണ് പ്രത്യേകത. രാജ്യങ്ങള്‍ തമ്മിലുള്ള മിക്ക യുദ്ധങ്ങളും പെട്ടെന്ന് അവസാനിക്കും. നിരവധി വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് മറക്കുന്നുമില്ല. എന്നാല്‍, ആഭ്യന്തര യുദ്ധങ്ങള്‍ മിക്കതും വളരെക്കാലം നീണ്ടുനില്‍ക്കുന്നതായിട്ടാണ് നമ്മള്‍ കാണുന്നത്.

ഇത്തരം ആഭ്യന്തര കലഹങ്ങളുടെ ദുരന്തങ്ങള്‍ വളരെ വലുതാണ്. അത് അനേക മനുഷ്യരുടെ മരണത്തിന് ഇടയാക്കുന്നു. അനേകര്‍ മുറിവേല്‍ക്കുന്നതിനും അനേകര്‍ക്ക് അംഗവൈകല്യങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. അനേകം കുടുംബങ്ങള്‍ തകരുന്നു. അനേകം അപ്പന്‍-അമ്മമാര്‍ക്ക് മക്കളെയും മക്കള്‍ക്ക് മാതാപിതാക്കളെയും വിവാഹിതര്‍ക്ക് ജീവിതപങ്കാളിയെയും നഷ്ടമാകുന്നു. അനേക കുടുംബങ്ങളുടെ തൊഴിലും വരുമാനവും ഇല്ലാതാകുന്നു. അനേകര്‍ വീടും സ്വത്തും കിടപ്പാടവും സമ്പത്തും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി മാറുന്നു. ജനങ്ങള്‍ പല ഗ്രൂപ്പുകളായി വിഭജിക്കപ്പെടുമ്പോള്‍ പരസ്പരം വിശ്വാസം, സാഹോദര്യം, സഹകരണം എല്ലാം നഷ്ടപ്പെട്ട് സംശയാലുക്കളും പരസ്പരം ഉപദ്രവിക്കുന്നവരും ആകുന്നു.

വര്‍ഷങ്ങള്‍കൊണ്ട് കെട്ടിപ്പൊക്കിയ സാമ്പത്തിക അസ്ഥിവാരങ്ങള്‍ നശിപ്പിക്കപ്പെടുന്നു. കെട്ടിടങ്ങള്‍, വീടുകള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, റോഡുകള്‍, പാലങ്ങള്‍പോലുള്ള സാമ്പത്തിക അസ്ഥിവാരങ്ങള്‍ തകര്‍ക്കപ്പെടുന്നു. ഒരുപക്ഷേ, വൈദ്യുതി ഉല്പാദന-വിതരണ സംവിധാനങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെടുന്നു. ഭക്ഷ്യസുരക്ഷ ഇല്ലാതാകുന്നു. കാരണം കൃഷിയും കൃഷിയിടങ്ങളും നശിപ്പിക്കപ്പെടാം. കലാപങ്ങള്‍ കാരണം കൃഷി ചെയ്യാനും വിളവെടുക്കാനും സാധിക്കാതെ വരും. നിരവധി വാഹനങ്ങള്‍ നശിപ്പിക്കപ്പെടും. മനുഷ്യരുടെ യാത്രകളും ചരക്കുഗതാഗതങ്ങളും താറുമാറാകും. വിദ്യാഭ്യാസം മുടങ്ങും. അത് വ്യക്തികളുടെ മാത്രമല്ല, രാജ്യത്തിന്റെകൂടി ഭാവിയെ വളരെ ദോഷകരമായി ബാധിക്കും. മൂലധനനിക്ഷേപം കുറയും.

മൂലധനമായി നിക്ഷേപിക്കേണ്ട പണം യുദ്ധത്തിനും യുദ്ധാനന്തര പുനരധിവാസത്തിനും മറ്റുമായി വിനിയോഗിക്കപ്പെടും. വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ തകരും. കലഹം നടക്കുന്ന പ്രദേശങ്ങള്‍ തരിശുഭൂമികളായി മാറും. രാജ്യം സാമ്പത്തികമായി പിന്നോട്ട് പോകും. ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവ തുടരുകയും കൂടുകയും ചെയ്യും. അങ്ങനെ എണ്ണിപ്പറഞ്ഞാല്‍ എത്രയെത്ര സഹനങ്ങള്‍… ഇവയ്‌ക്കെല്ലാം ഉപരി മനുഷ്യര്‍ അനുഭവിക്കുന്ന മാനസികപീഡനങ്ങള്‍. ഉറ്റവര്‍ മരിച്ചവരും മുറിവേറ്റവരും എല്ലാം നഷ്ടപ്പെട്ടവരും വഴികള്‍ അടഞ്ഞവരും പരസ്പരം കലഹിക്കുന്നവരുമെല്ലാം അനുഭവിക്കുന്ന മാനസിക പീഡകള്‍ എത്ര കഠിനമായിരിക്കും!

ഇതെല്ലാമായിട്ടും യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും ധാരാളം നടക്കുന്നു. അത്തരം ചില രാജ്യങ്ങളുടെ പേരുകളാണ് ആദ്യം പറഞ്ഞത്. ഈ രാജ്യങ്ങള്‍ ഓരോന്നിനെയും പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ മനസിലാകും. അവയെല്ലാം അവികസിത രാജ്യങ്ങളാണ്. അവിടെയെല്ലാം ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവ വളരെ കൂടുതലാണ്. അവിടെയൊന്നും കാര്യമായൊരു സാമ്പത്തിക വളര്‍ച്ചയും ഇല്ല. ജനങ്ങള്‍ വലിയ ദുരിതങ്ങളിലും ഇല്ലായ്മകളിലും ജീവിക്കുന്നു.

ഈ അറിവുകളെല്ലാം വച്ചുകൊണ്ട് ഇന്ത്യയെപ്പറ്റി ചിന്തിക്കാം. ആഭ്യന്തര കലാപങ്ങള്‍ തീരെ കുറവായിരുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഗുജറാത്ത് കലാപം, സിക്ക് കലാപം തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടുതാനും. അതൊക്കെ കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പത്തെ കാര്യങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ ഇന്ത്യയിലും ഒരു ആഭ്യന്തര കലാപം നടക്കുന്നു- മണിപ്പൂരില്‍. തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. നിരവധി പേര്‍ കൊല്ലപ്പെട്ടു. കലാപം ഉണ്ടാകുന്നിടത്ത് നടക്കുന്ന തരത്തിലുള്ള എല്ലാ നഷ്ടങ്ങളും അവിടെ ധാരാളമായി സംഭവിച്ചു; സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഈ കലാപം നിര്‍ത്തുവാന്‍ കലാപകാരികള്‍ക്കോ നേതൃത്വം കൊടുക്കുന്നവര്‍ക്കോ മനസില്ല. കലാപം അവസാനിപ്പിച്ച് ജനങ്ങളെ പരസ്പര വിശ്വാസത്തിലേക്കും ഐക്യത്തിലേക്കും കൊണ്ടുവരുവാന്‍ ഗവണ്‍മെന്റുകള്‍ക്കും കഴിഞ്ഞിട്ടില്ല. ഇത്തരം കലാപങ്ങളെ അമര്‍ച്ചചെയ്യണം. ഇല്ലെങ്കില്‍ മറ്റു പല സ്ഥലങ്ങളിലും കലാപങ്ങള്‍ തുടങ്ങുവാന്‍ പല ഗ്രൂപ്പുകള്‍ക്കും അത് പ്രചോദനമാകാം. ഒരു രാജ്യം അതിനെതിരായിത്തന്നെ ഭിന്നിച്ചാല്‍ ആ രാജ്യത്തിന് നിലനില്‍പില്ല; സമാധാനമുണ്ടാവില്ല.

ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ ഈ കലാപം ഗവണ്‍മെന്റ് കടുത്ത നിലപാടുകള്‍ എടുത്ത് അവസാനിപ്പിക്കണം. നമ്മള്‍ ഭാരതീയരാണ്. എല്ലാം ഭാരതീയരും പരസ്പരം സഹോദരീസഹോദരന്മാരാണ്. ആഭ്യന്തര കലഹങ്ങള്‍മൂലം നശിക്കുന്ന, ദാരിദ്ര്യത്തിലും തൊഴില്‍ ഇല്ലായ്മയിലും കഴിയുന്ന, രോഗങ്ങളാല്‍ വലയുന്ന മറ്റ് രാജ്യങ്ങളെപ്പോലെ ആകരുത് ഇന്ത്യ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നമുക്ക് ഏറ്റവും പ്രധാനമാണ്. നമ്മള്‍ ഭാരതീയര്‍ ഒന്നിച്ചുനിന്ന് വളരേണ്ടവരാണ്; ഭിന്നിച്ചുനിന്ന് തളരേണ്ടവരും നശിക്കേണ്ടവരും അല്ല.
മണിപ്പൂരിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. കലഹങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം. സഹിക്കുന്ന, എല്ലാം നഷ്ടപ്പെട്ട പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?