അഡ്വ. ചാര്‍ളി പോള്‍
(ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനാണ്)
നൂറിലേറെ അധ്യാപകര്‍ക്ക് സമമാണ് ഒരു പിതാവ്.” ആംഗലേയ കവിയും വാഗ്മിയുമായ ജോര്‍ജ് ഹെര്‍ബര്‍ട്ടിന്റെ വാക്കുകളാണിത്. ഏതൊരു കുഞ്ഞിന്റെയും ജീവിതത്തില്‍ അവരുടെ ആദ്യത്തെ റോള്‍ മോഡല്‍, ഗൈഡ്, സൂപ്പര്‍ ഹീറോ, സുഹൃത്ത്, അംഗരക്ഷകന്‍ എന്നിവയെല്ലാമാണ് പിതാവ്. ജീവിതത്തിന്റെ ശരിയായ മൂല്യം പഠിപ്പിക്കുകയും കഷ്ടതകളില്‍ തളരുമ്പോള്‍ കൈത്താങ്ങാവുകയും വീണ്ടും പോരാടാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നവരാണവര്‍. മക്കള്‍ക്കുവേണ്ടി പിതാക്കന്മാര്‍ ചെയ്യുന്ന ത്യാഗം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതല്ല.
അമ്മയെന്ന സത്യത്തിനോടൊപ്പം തന്നെ നില്‍ക്കുന്ന ഒന്നാണ് പിതാവെന്ന സത്യവും. ഒരു ആയുസ് മുഴുവന്‍ കഷ്ടപ്പെട്ടാലും അമ്മയുടെ നിഴലില്‍ മാഞ്ഞുപോകുന്നവരാണ് പല പിതാക്കന്മാരും. പിതാവ് സ്‌നേഹവും സാന്ത്വനവുമാണ്, കൂട്ടും കുടയുമാണ്. കുടുംബത്തിനായി കഷ്ടപ്പെടുന്ന പിതാവിനെ ബഹുമാനിക്കാന്‍ മക്കളെ പഠിപ്പിക്കണം.
അമേരിക്കയിലാണ് ഫാദേഴ്‌സ് ഡേ എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ജൂണ്‍ മൂന്നാം ഞായറാഴ്ചയാണ് പിതൃദിനമായി ഇന്ത്യയടക്കം ലോകത്തെ വിവിധരാജ്യങ്ങളില്‍ ആഘോഷിക്കുന്നത്. 1909 ല്‍ ഒരു മാതൃദിന സങ്കീര്‍ത്തനം ശ്രവിക്കുമ്പോഴാണ് പിതൃദിനത്തെക്കുറിച്ചുള്ള ആശയം വാഷിംഗ്ടണിലെ സൊനോര സ്മാര്‍ട്ട് ഡോഡിന്റെ ഉള്ളില്‍ മിന്നിയത്. തന്റെ പിതാവിനെ ആദരിക്കാന്‍ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമുണ്ടെന്ന് അവള്‍ ചിന്തിച്ചു. ആറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയില്‍ അവളുടെ അമ്മ മരണമടഞ്ഞിരുന്നു. പിന്നീട് ആറ് മക്കളെയും വളര്‍ത്തിയത് അച്ഛന്‍ വില്യം ജാക്‌സ്ണ്‍ സ്മാര്‍ട്ട് ആയിരുന്നു.
മാതൃദിനത്തിന്റെ സ്ഥാപകയായ അന്നാ ജാര്‍വിസിന്റെ ആശയങ്ങളില്‍ ആകൃഷ്ടയായ സൊനോറ പിതാക്കന്മാരെ ആദരിക്കണമെന്ന ആശയവുമായി മുന്നിട്ടിറങ്ങി. ഏറെ ത്യാഗങ്ങള്‍ സഹിക്കുന്ന പിതാക്കന്മാര്‍ സമൂഹത്തിലുണ്ടെന്നും അവര്‍ ആദരിക്കപ്പെടണമെന്നും സൊനോറ ഉറച്ചു വിശ്വസിച്ചു. അവളുടെ പരിശ്രമങ്ങളുടെ ഫലമായി അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണ്‍ 1913 ല്‍ ഈ വിശേഷദിവസത്തിന് ഔദ്യോഗികമായി അനുമതി നല്‍കി. അതിനുശേഷം 1972 ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ പിതൃദിനം ആഘോഷിക്കാനായി ജൂണിലെ മൂന്നാമത്തെ ഞായര്‍ തിരഞ്ഞെടുത്തു. ഇന്ന് ലോകമെമ്പാടും ഈ ദിനം ആഘോഷിച്ചുവരുന്നു.
ഒരു കുഞ്ഞിന്റെ ജനനം മുതല്‍ അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അമ്മയുടെ പങ്ക് എത്രത്തോളം ഉണ്ടോ അതുപോലെ തന്നെയാണ് പിതാവിനുള്ള സ്ഥാനവും. വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞുവരുന്ന ഇന്നത്തെ സമൂഹത്തില്‍ പിതാക്കന്മാര്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന കണ്ണിയായ കുടുംബത്തിലെ ബന്ധങ്ങളുടെ ഇഴയടുപ്പത്തില്‍ പിതാവ് നിറവേറ്റുന്ന കര്‍ത്തവ്യങ്ങളുടെ നിര്‍വഹണം മക്കള്‍ക്ക് മാതൃകയാവണം. മക്കള്‍ ആരാകണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ ജീവിച്ചുകാണിക്കുവാന്‍ പിതാക്കന്മാര്‍ക്ക് സാധിക്കണം. അതൊരു വെല്ലുവിളിയാണ്. റോള്‍ മോഡലാകാനുള്ള വെല്ലുവിളി.
Leave a Comment
Your email address will not be published. Required fields are marked with *