കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധി വാസ പദ്ധതിയുടെ സില്‍വര്‍ ജൂബിലി സമാപന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ പുനരധിവാസവും മുഖ്യധാരാവത്ക്കരണവും സാമൂഹ്യ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച്ചകളാണെന്ന് അദ്ദേഹം പറഞ്ഞു. പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററിലെ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളുടെ ഉദ്ഘാടനവും സഹായ ഉപകരണങ്ങളുടെ വിതരണവും ആദരവ് സമര്‍പ്പണവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ. ജോബ് മൈക്കിള്‍ എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെഎസ്എസ്എസ് മുന്‍ ഡയറക്ടറും ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരിയുമായ ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇമ്പാക്ട് സെന്റര്‍ പുതിയ ബ്ലോക്ക് ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചരിച്ചു. സില്‍വര്‍ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് സ്വയം തൊഴില്‍ വരുമാന സാധ്യതകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റി ന്റെയും ടിഷ്യു പേപ്പര്‍ നിര്‍മ്മാണ യൂണിറ്റിന്റെയും ഉദ്ഘാടനമാണ് നടന്നത്. ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഫൊറോനാ ദൈവാലയത്തിന്റെ സഹകരണത്തോടെ 43 ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കി. 1997 ലാണ് കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിക്ക് തുടക്കംകുറിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *