പാലാ: ഏഴാച്ചേരി പെരികിലമലയില്‍ ഫ്രാന്‍സിസ് ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫി (ചാച്ചിയുടെ)ന്റെ ഓര്‍മയ്ക്കായി വീടില്ലാത്തവര്‍ക്കായി ഒമ്പതുവീടുകള്‍ നിര്‍മിച്ചു നല്‍കി. ചാച്ചിയെന്ന് എല്ലാവരും വിളിച്ചിരുന്ന ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ചാച്ചീസ് ഗാര്‍ഡനെന്ന പേരില്‍ ഒമ്പതു വീടുകള്‍ ഭര്‍ത്താവ് ഫ്രാന്‍സിസ് നിര്‍മിച്ചു നല്‍കിയത്. താക്കോല്‍ദാന ചടങ്ങില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. മാണി സി. കാപ്പന്‍ എംഎല്‍എ ഏലിക്കുട്ടി ജോസഫി (ചാച്ചി)ന്റെ പ്രതിമ അനാഛാദനം ചെയ്തു. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. കാലവും ചരിത്രവും ഉള്ള കാലത്തോളം ചാച്ചീസ് ഗാര്‍ഡനും പെരികിലമലയില്‍ കുടുംബവും ഓര്‍മിക്കപ്പെടുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഒമ്പതു വീടുകളുടെ താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിച്ചു.
ദീര്‍ഘകാലം അമേരിക്കയിലായിരുന്ന ഫ്രാന്‍സിസും കുടുംബവും. കഴിഞ്ഞ വര്‍ഷം ജൂലൈ 29-നായിരുന്നു ഭാര്യ ഏലിക്കുട്ടി നിര്യാതയായത്. ഭാര്യയുടെ ഓര്‍മയ്ക്കായി ഒന്നാം ചമവാര്‍ഷികദിനത്തിലാണ് ഒമ്പതുവീടുകളുടെ താക്കോല്‍ദാനം നടത്തിയത്. സ്വന്തം സ്ഥലത്ത് വീടിനോട് ചേര്‍ന്ന് അരയേക്കറോളം സ്ഥലം വിട്ടുനല്‍കിയശേഷമാണ് 700 ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മിച്ചത്. ഓരോ വീടിനും പതിനൊന്നുലക്ഷത്തില്‍പരം രൂപ മുതല്‍മുടക്കേണ്ടിവന്നു. ഏഴാച്ചേരി എകെസിസി യൂണിറ്റിനായിരുന്നു നിര്‍മാണച്ചുമതല.
രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, എകെസിസി രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, എകെസിസി പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി, ഏഴാച്ചേരി ദൈവാലയ വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി, എകെസിസി യൂണിറ്റ് പ്രസിഡന്റ് ബിനോയ് ജോസഫ് പള്ളത്ത്, എകെസിസി മേഖല സെക്രട്ടറി അജോ തോമസ് തൂണുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *