Follow Us On

21

November

2024

Thursday

‘മദ്യരഹിത’ കേരളത്തിലെ വിസ്മയ കാഴ്ചകള്‍

‘മദ്യരഹിത’ കേരളത്തിലെ  വിസ്മയ കാഴ്ചകള്‍
അഡ്വ. ചാര്‍ളി പോള്‍ 
(ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവാണ്).
‘മദ്യരഹിത കേരള’മാണ്  ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ നടപടികളെല്ലാം ‘മദ്യ’കേരളം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനം ഇങ്ങനെയായിരുന്നു: ”മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി  സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതിവിപുലമായ ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.” സമാനമായ വാഗ്ദാനം 2016-ലെ പ്രകടനപത്രികയിലും കാണാം. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരു ദിവസംപോലും ഈ വാഗ്ദാനം പാലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയാറായിട്ടില്ലെന്നതു മാത്രമല്ല, ഓരോവര്‍ഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ പര്യാപ്തമാകുന്ന വിധത്തിലാണ്.
മദ്യത്തില്‍ മയങ്ങുന്ന കേരളം 
സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റസ്റ്റോറന്റുകളില്‍ ടൂറിസം സീസണില്‍ ബിയറും വൈനും അനുവദിക്കാനും, ഐടി പാര്‍ക്കുകള്‍ക്ക് സമാനമായി വ്യവസായ പാര്‍ക്കുകളില്‍ മദ്യം വിളമ്പുന്നതിന് ലൈസന്‍സ് നല്‍കുമെന്നതുമാണ് ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന്റെ കാതല്‍. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, പഴവര്‍ഗങ്ങളില്‍ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉള്‍പ്പെടെയുള്ളവയുടെ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരള ടോഡി എന്നപേരില്‍ കള്ള് വില്പനയും തകൃതിയാക്കാനുദ്ദേശിക്കുന്നു.
ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍  സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിച്ച് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യഉത്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാനുമൊക്കെയാണ് സര്‍ക്കാരിന്റെ പരിപാടി. മദ്യം പരമാവധി ലഭ്യമാക്കി മദ്യവില്‍പ്പന കൂട്ടുക, മദ്യപരുടെ എണ്ണം വര്‍ധിപ്പിക്കുക, അതുവഴി പരമാവധി വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. നാട് മുടിഞ്ഞാലും വ്യക്തികള്‍ നശിച്ചാലും ഖജനാവ് നിറയണം. ഇപ്പോള്‍ തന്നെ കേരളീയരുടെ മദ്യ ഉപഭോഗം വളരെ കൂടുതലാണ്. സംസ്ഥാനത്ത് പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനു പുറമേയാണ് കള്ള് വില്‍പ്പനയും മറ്റും. ഇതെല്ലാം കൂടി പ്രതിദിനം 50 കോടിയിലധികം രൂപ സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. ഒരു വര്‍ഷത്തെ വരുമാനം കാല്‍ ലക്ഷം കോടി രൂപ. മദ്യനയം ഉദാരമാക്കുന്നതിലൂടെ പ്രതിദിന വരുമാനം 75 കോടിയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മദ്യത്തില്‍ മയങ്ങുന്ന നാട്
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ആവോളം അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. മദ്യം സുലഭമാകുന്നതോടെ മദ്യ ഉപഭോഗം വീണ്ടും കൂടും. അത് സമൂഹത്തില്‍  അരാജകത്വം സൃഷ്ടിക്കും. മദ്യജന്യ കരള്‍ രോഗങ്ങളും ഉദരരോഗങ്ങളും പകര്‍ച്ചവ്യാധിപോലെ പകരാനിടയുണ്ട്. മദ്യപിച്ചുള്ള റോഡപകടങ്ങള്‍ വര്‍ധിക്കും. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കേണ്ട ചെറുപ്പക്കാരെ ആയിരിക്കും മദ്യജന്യരോഗങ്ങള്‍ പിടികൂടുക. പുതിയ മദ്യനയം പൊതുജനാരോഗ്യത്തെ ബലികഴിക്കുന്നതായി മാറുമെന്നതില്‍ സംശയമില്ല.
ഐ.ടി പാര്‍ക്കുകള്‍, വ്യവസായ പാര്‍ക്കുകള്‍ പോലുള്ള തൊഴിലിടങ്ങളെ മദ്യവത്കരിക്കുന്നത് യുവപ്രൊഫഷനുകളെ തകര്‍ക്കാനെ ഉപകരിക്കൂ. ഉണര്‍വോടെ, പ്രവര്‍ത്തിക്കേണ്ട തൊഴിലിടങ്ങള്‍ സാമൂഹ്യ അരാജകത്വത്തിന്റെ വേദിയാകും. തൊഴിലെടുക്കുന്നവരില്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍, ഇടയ്ക്കിടെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കല്‍, ഉത്പാദനക്ഷമതയിലെ മാന്ദ്യം, തീരുമാനമെടുക്കാന്‍ സാധിക്കാത്ത അവസ്ഥ, അപകടങ്ങള്‍, സംഘര്‍ഷങ്ങള്‍… എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഈ നയം മൂലം സംഭവിക്കും.
പഴവര്‍ഗങ്ങളില്‍നിന്ന് വീര്യംകുറഞ്ഞ മദ്യമെന്നത് വലിയ കെണിയാണ്. പഴവര്‍ഗങ്ങളില്‍നിന്ന് മദ്യത്തെക്കാള്‍ വിലയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാമെന്നിരിക്കെ അതൊന്നും പ്രോത്സാഹിപ്പിക്കാതെ മദ്യലോബിക്ക് കര്‍ഷകരെക്കൂടി അടിയറവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മദ്യത്തില്‍നിന്നു അകന്നുനില്ക്കുന്നവരെ ആകര്‍ഷിക്കാനാണ് വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കുന്നത്.
കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ മദ്യനയം തിരുത്തണം. മദ്യം ഏറ്റവും വലിയ സാമൂഹ്യ വിപത്താണെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ ആ സാമൂഹ്യവിപത്തിനെ ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?