Follow Us On

28

April

2024

Sunday

ഇങ്ങനെയാണ് സുഹൃത്തേ ഇവിടുത്തെ കാര്യങ്ങള്‍

ഇങ്ങനെയാണ് സുഹൃത്തേ   ഇവിടുത്തെ കാര്യങ്ങള്‍

 ജയ്‌മോന്‍ കുമരകം

സംസ്‌കാരത്തിന്റെ ഭാഗമാണ് ഭക്ഷണവും ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം. ഓരോ നാട്ടിലും വ്യത്യാസപ്പെട്ടിരിക്കുന്ന ഇതിലെ ചില വിചിത്രശൈലികള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. അത്തരം ചില കൗതുക കാഴ്ചകള്‍ മാത്രം കുറിക്കാം. ടിബറ്റിലെ കോഡ്ഗാര്‍ വനപ്രദേശത്തുള്ള ജിപ്‌സികള്‍ അതിഥികളെ സല്‍ക്കരിക്കുന്ന രീതി വിചിത്രമാണ്. നമ്മുടെ നാട്ടില്‍ അതിഥിയായി എത്തുന്ന വ്യക്തിക്ക് വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി നാം സ്വീകരിക്കാറില്ലേ? ഇതുപോലെയാണ് ജിപ്‌സികള്‍ അവരുടെ അതിഥികളെ സ്വീകരിക്കുന്നതും. പക്ഷേ രണ്ടും രണ്ടു തരത്തിലാണെന്നുമാത്രം. ജിപ്‌സികള്‍ അതിഥിയായി എത്തുന്നവര്‍ക്ക് ആദ്യം ഉപ്പുചേര്‍ത്ത ചായയും യവംകൊണ്ടുണ്ടാക്കിയ കഞ്ഞിയും നല്‍കി ആദരിക്കും. ചായ കൊടുക്കുവാന്‍ വേണ്ടിയുള്ള പാത്രം അവര്‍ നാവുകൊണ്ടാണ് കഴുകി വൃത്തിയാക്കുന്നതെന്ന് മാത്രം. നമ്മുടെ നാട്ടുകാര്‍ക്കിത് മനംപുരട്ടല്‍ ഉണ്ടാക്കുമെങ്കില്‍ തദ്ദേശവാസികള്‍ക്ക് ഇതില്‍പരം ആനന്ദം വേറെയില്ല.

ജപ്പാനിലെ ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം മനസും ശരീരവും മറന്നുള്ള ആഡംബരമായ ശരീരശുദ്ധിയാണ്. നമ്മുടെ നാട്ടിലെ കുളി എന്ന ഈ പ്രക്രിയയ്ക്ക് ജപ്പാന്‍കാര്‍ നല്‍കേണ്ട തുക 200 യെന്‍ മുതല്‍ രണ്ടായിരം യെന്‍ വരെ (നാലായിരം രൂപ മുതല്‍ മുകളിലേക്ക്). എല്ലാ രോഗങ്ങളും പരിഹരിക്കാനുതകുന്നതാണ് രണ്ടുമണിക്കൂറോളം സമയമെടുക്കുന്ന ഈ നീരാവിയിലുള്ള സ്‌നാനമെന്നതാണ് വലിയ പ്രത്യേകത. ഇവിടുത്തെ എല്ലാ വീടുകളിലും രണ്ടുതരത്തിലുള്ള ബാത്ത്ടബ്ബുകളെങ്കിലും ഉണ്ടാകും. നല്ല തണുത്ത വെള്ളത്തില്‍ സോപ്പുതേച്ച് പതപ്പിച്ചശേഷം നല്ല ചൂടുവെള്ളത്തില്‍ ഇറങ്ങിക്കിടക്കുകയാണ് സാധാരണ സ്‌നാനം. എന്നാല്‍ വെള്ളത്തിനു പകരം പാല്‍നിറച്ച ടാങ്ക്, നാരങ്ങാനീര് നിറച്ച ടാങ്ക്, കളിമണ്ണ് കലക്കിയ ടാങ്ക് എന്നിവയും ഇവിടുത്തെ ബാത്ത്‌ഷോപ്പുകളില്‍ ഉണ്ട്. എന്നാല്‍ ബര്‍മയിലെ ‘കാച്ചി’ വര്‍ഗത്തില്‍പെട്ടവര്‍ ജീവിതത്തില്‍ മൂന്നുതവണ മാത്രമേ കുളിക്കാറുള്ളൂവത്രേ.

ഒന്ന് ജനിക്കുമ്പോഴുള്ള സ്‌നാനം. രണ്ടാമത് കല്യാണത്തിന് ശരീരത്തിലെ ദുര്‍ഗന്ധം കളഞ്ഞ് താലി ചാര്‍ത്താന്‍, മൂന്നാമത് മരിച്ചശേഷം മൃതദേഹത്തിലുള്ള സ്‌നാനം. മനസറിഞ്ഞ് കല്യാണനാളിലെങ്കിലുമൊന്ന് കുളിക്കുമല്ലോ… അതുതന്നെ ആശ്വാസം. ആദ്യത്തേതും അവസാനത്തേതും വ്യക്തിക്ക് ഓര്‍മയുണ്ടാവുകയില്ലല്ലോ. പാരഡിപ്പാട്ട് പാടാനറിയാമെങ്കില്‍ ഗ്രീന്‍ലാന്റിലെ എക്‌സിമോകള്‍ രക്ഷപെട്ടു. കാരണം രണ്ടുപേര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായാല്‍ വിജയികളെ കണ്ടെത്താന്‍ മധ്യസ്ഥന്മാര്‍ തീരുമാനിക്കുന്ന മാര്‍ഗമാണ് ജനമധ്യത്തിലെ പാരഡിപ്പാട്ട്. എതിരാളിയെ കണക്കറ്റ് കളിയാക്കുന്ന രീതിയില്‍ നാട്ടുക്കൂട്ടത്തില്‍വച്ച് രണ്ടുപേരും മാറിമാറി പാട്ടുപാടണം. അതില്‍ തോല്‍ക്കുന്നയാള്‍ മാപ്പുപറഞ്ഞ് സ്ഥലം കാലിയാക്കിക്കൊള്ളണം.

മഡഗാസ്‌കര്‍ ദ്വീപിലെ ഇമറീന പ്രവശ്യയിലെ ജനങ്ങള്‍ മരണമടഞ്ഞവരെപ്പോലും സമാധാനത്തോടെ വിട്ടയയ്ക്കാന്‍ തയാറല്ല. മരിച്ചവരുടെ മൃതശരീരങ്ങള്‍ ഓരോ വര്‍ഷവും സെപ്റ്റംബര്‍ മാസത്തില്‍ മാന്തി പുറത്തെടുക്കും. മൃതദേഹങ്ങള്‍ക്കായി തയ്പിച്ച പുതുപുത്തന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ച് വീണ്ടും മറ്റൊരു കുഴിയിലേക്ക് മാറ്റി അവരെ മറവു ചെയ്യും. മരിച്ചവര്‍ അവിടെനിന്നെങ്ങാനും എണീറ്റു പോകുന്നുണ്ടോയെന്ന് നോക്കാനാണത്രേ ഈ പുതുമയേറിയ പരിപാടി. ഇതുപോലെ എഴുതാന്‍ എത്രയേറെ രസകരമായ സംഭവങ്ങള്‍ ഇനിയുമുണ്ട്.

കാര്യം നിസാരം സംഗതി ഗംഭീരം
കാണ്‍പൂര്‍ സ്വദേശിയായ കൃഷ്ണ മുരാരിയാദവിനെ പരിചയപ്പെടാം. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുവാന്‍ പറ്റിയ ഒരു സാഹചര്യവും അയാള്‍ക്കുണ്ടായിരുന്നില്ല. കാരണം വയസ് ഇരുപത്തൊമ്പതായി. സ്ഥിരം ജോലി ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ഒരു കരാര്‍ ജോലിക്കാരനായി സേവനമനുഷ്ഠിക്കുകയായിരുന്നു യാദവ്. ഗ്യാസ് കണക്ഷനുവേണ്ടി അപേക്ഷിച്ചവരുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു. ഒരു കാര്യം അദ്ദേഹം ശ്രദ്ധിച്ചു. അപേക്ഷകരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാര്‍. അവരുടെ അപേക്ഷകള്‍ മിക്കതും തിരസ്‌ക്കരിക്കപ്പെടുന്നു.

എന്നു പറഞ്ഞാല്‍ ഗ്യാസ് ഏജന്‍സി ഉടമ അവര്‍ക്ക് പകരം അനര്‍ഹരായവര്‍ക്ക്, സ്വാധീനമുള്ളവര്‍ക്ക് കണക്ഷന്‍ നല്‍കുന്നു. ഈ അനീതിക്കെതിരെ പടപൊരുതണമെന്ന് യാദവ് തീരുമാനിച്ചു. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയുവാന്‍ വിവരാവകാശ നിയമപ്രകാരം അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഒരു അപേക്ഷ നല്‍കി. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ഒരു മറുപടിയും ലഭിച്ചില്ല. തോറ്റു കൊടുക്കുവാന്‍ യാദവ് തയാറായില്ല. അദ്ദേഹം കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കി. ജനറല്‍ മാനേജര്‍ യാദവിനെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അനീതിയുടെ വ്യാപ്തി മനസിലാക്കിയ അദ്ദേഹം പ്രാദേശിക കോണ്‍ട്രാക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അങ്ങനെ അര്‍ഹരായവര്‍ക്ക് നീതി ലഭിച്ചു.

ഇത് യാദവിന്റെ കണ്ണ് തുറപ്പിച്ചു. ‘ഇതാണെന്റെ ജീവിതനിയോഗം. ശബ്ദമില്ലാത്തവന്റെ ശബ്ദമായിത്തീരുക’ യാദവ് തീരുമാനിച്ചു. തന്റെ ജീവിതനിയോഗം കണ്ടെത്തിയ യാദവ് പിന്നെ പിന്‍തിരിഞ്ഞു നോക്കിയില്ല. കിട്ടിയ താല്‍ക്കാലിക ജോലി അദ്ദേഹം വലിച്ചെറിഞ്ഞു. നിരക്ഷരരായ സാധാരണക്കാര്‍ക്ക് നീതി നേടിക്കൊടുക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. വിവരാവകാശ നിയമത്തെ അതിനായി പരമാവധി പ്രയോജനപ്പെടുത്തുക ഇതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. പക്ഷേ ഒരു വലിയ പ്രശ്‌നം. എവിടെവച്ച് ഗ്രാമീണരുടെ അപേക്ഷകള്‍ സ്വീകരിക്കും? ഒരു ഓഫീസ് വാടകയ്ക്ക് എടുക്കുവാനുള്ള സാമ്പത്തികശേഷി അന്ന് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ദൃഢനിശ്ചയം ചെയ്തവന്റെ മുമ്പില്‍ തടസങ്ങള്‍ വഴിമാറുമെന്ന് പറയാറില്ലേ. താന്‍ സ്ഥിരമായി ചായ കുടിക്കുവാന്‍ പോകുന്ന ഒരു ചായക്കടയുണ്ട്. എഴുപതുകാരനായ രമേഷ് ചന്ദ്ര ഗുപ്തയാണ് അതിന്റെ ഉടമ.

യാദവിന്റെ നല്ല ഉദ്ദേശ്യം തിരിച്ചറിഞ്ഞ ഗുപ്ത തന്റെ ചായക്കട ഓഫീസായി ഉപയോഗിക്കുവാന്‍ യാദവിനെ അനുവദിച്ചു. പല ആവശ്യങ്ങള്‍ക്കായി ഗവണ്‍മെന്റ് ഓഫീസുകള്‍ കയറി മടുത്ത സാധാരണ ജനം യാദവിനെത്തേടി പുതിയ ഓഫീസിലെത്തി. ഇപ്പോള്‍ ഓരോ ദിവസവും നൂറുകണക്കിന് അപേക്ഷകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഇന്ന് യാദവ് അവിടെ ജനങ്ങളുടെ പ്രിയങ്കരനാണ്. അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വരുന്നു. ബിബിസി അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂപോലും നല്‍കി. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ച യാദവിന് ശരിയായ ജീവിതവിജയം നേടാന്‍ സാധിച്ചു. തനിക്കുവേണ്ടിത്തന്നെ ജീവിക്കുന്നത് ഒറ്റനോട്ടത്തില്‍ നേട്ടമായിത്തോന്നിയേക്കാം. പക്ഷേ ആത്യന്തികമായി അത് നഷ്ടം തന്നെയാണ്. ജീവിതം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നവര്‍ തന്നെയാണ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?