Follow Us On

18

October

2024

Friday

അമ്മയോര്‍മ

അമ്മയോര്‍മ

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

ഓഗസ്റ്റ് 15, അമ്മയോര്‍മകളുടെ മഹാദിനം. സ്വാതന്ത്ര്യലബ്ധിയുടെ സ്മരണകള്‍ തുളുമ്പുന്ന ഉത്സവദിനം. തിന്മയുടെ ശക്തിയില്‍ അടിപ്പെട്ടുപോയ മാനവരാശിക്ക് സാക്ഷാല്‍ വിമോചകന്‍ പിറന്ന മണ്ണ്; അമ്മ മറിയം. വൈദേശിക അധിനിവേശങ്ങള്‍ക്ക് കീഴമര്‍ത്തപ്പെട്ടിരുന്ന ബഹുജനത്തിന് സ്വാതന്ത്ര്യം പിറന്ന മണ്ണ്; ഭാരതമണ്ണ്. ശരിക്കും ഓര്‍മകളുടെ ആഘോഷം നടക്കുന്ന ദിനം. ഉന്നതബോധ്യങ്ങളുടെയും തീക്ഷ്ണ നിശ്ചയങ്ങളുടെയും തീവ്രനിലപാടുകളുടെയും സുന്ദരസ്വപ്നങ്ങളുടെയും അവിരാമ പരിശ്രമങ്ങളുടെയും അഗാധസ്‌നേഹത്തിന്റെയും ആത്മത്യാഗത്തിന്റെയും തപോനിഷ്ഠകളുടെയും വ്രതശുദ്ധിയുടെയും ഉപവാസങ്ങളുടെയും ഉപാസനകളുടെയും അഹിംസയുടെയും ബലിദാനങ്ങളുടെയുമെല്ലാം പവിത്രസ്മൃതികളുടെ ആഘോഷമാണിത്. ഇനി വരുന്നൊരു തലമുറയ്ക്ക് സ്വതന്ത്രവാസം സാധ്യമാക്കാന്‍ നടത്തിയ പോരാട്ടങ്ങളുടെ പടപ്പാട്ടുകളാണ് ഈ അമ്മയോര്‍മകളില്‍ നിറയെ ഉള്ളത്.

അമ്മ മറിയത്തിന്റെ കഥ ഏദനില്‍ തുടങ്ങണം. മനുഷ്യസ്വാതന്ത്ര്യത്തിന്റെ അനന്തവിശാലതയെ കുറിക്കുന്ന ഏദന്‍ തോട്ടത്തില്‍നിന്ന്. ദൈവത്തോടൊപ്പം നടന്ന മനുഷ്യന്റെ കഥ പറയുന്ന മണ്ണ്. എത്ര വലിയ സ്വാതന്ത്ര്യത്തില്‍നിന്നാണ് അവന്‍ പുറത്താക്കപ്പെട്ടത്. തിന്മയുടെ അടിമത്തത്തിലേക്കാണ് പതനം. കാണാതെപോയ മകന്റെയും വഴിതെറ്റിപ്പോയ ആട്ടിന്‍കുട്ടിയുടെയും നഷ്ടമായ നാണയത്തിന്റെയുമൊക്കെ കഥകള്‍ പറഞ്ഞുകൊണ്ട് പിന്നീട് ഒരു മനുഷ്യപുത്രന്‍ മനുഷ്യരുടെ ഇടയില്‍ പാര്‍ത്തു.

സുവിശേഷം എപ്പോഴും പറഞ്ഞവസാനിപ്പിക്കുന്നത് തിരികെ നേടാനാവാത്തവിധം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നുതന്നെയാണല്ലോ. കാലസമ്പൂര്‍ണതയില്‍ മനുഷ്യവംശത്തിന്റെ വിമോചനപാത തെളിച്ചെടുത്തവന്‍ ക്രിസ്തു. ഇമ്മാനുവേല്‍ എന്നവന്‍ വിളിക്കപ്പെട്ടു. ദൈവം മനുഷ്യനോടുകൂടെ ചരിക്കുന്ന സുവര്‍ണകാലം തിരികെ നല്‍കിയവന്‍ പിറന്ന മണ്ണാണ് അമ്മ മറിയം! അമ്മഭാരതം. നൂറ്റാണ്ടുകളുടെ അധിനിവേശങ്ങള്‍ക്കൊടുവില്‍ അനവധി സത്യാന്വേഷണ പരീക്ഷണങ്ങളുടെ പരിണിതിയായി സ്വാതന്ത്ര്യം പിറന്ന മണ്ണ്. പാരതന്ത്ര്യത്തിന്റെയും അധികാരഭീകരതയുടെയും സ്വരങ്ങള്‍ തിങ്ങുന്ന വര്‍ത്തമാനകാലത്തില്‍ നാം ഓര്‍ത്തെടുക്കേണ്ട സഹനദൂരങ്ങള്‍ ഏറെയാണ്. സ്വാതന്ത്ര്യത്തിന്റെ സന്ധിയില്ലാസമരത്തിന്റെ വീരഗാഥകള്‍ നമ്മെ ഉണര്‍ത്തണം.

All are Indians, Some are more Indians എന്ന ഭാവുകത്വപരിണാമങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. നാം ഇന്ന് ലഹരിപിടിച്ച് മയങ്ങുന്ന മതഭ്രാന്തുകളില്‍നിന്നും ജാതിദുരഭിമാനങ്ങളില്‍നിന്നും സാമ്പത്തിക ഉച്ചനീചത്വങ്ങളില്‍നിന്നും ആയുധപുരകളില്‍നിന്നും ചൂഷണസഖ്യങ്ങളില്‍നിന്നും വര്‍ണവെറികളില്‍നിന്നും അധികാരപ്രമത്തതയില്‍നിന്നും സകലത്തിലുമുപരി ആത്മാവില്‍ ഇരുട്ട് നിറയ്ക്കുന്ന പാപത്തിന്റെ സുഖോന്മാദങ്ങളില്‍നിന്നും നാം ഉണരണം. ഇനിയും പണയംവയ്ക്കരുത് നമ്മുടെ വീര്യം. ടാഗോറിനെ ചൊല്ലി നിര്‍ത്താം.

Where the mind is without fear and the head is held high
Where the world has not been broken up into fragments by narrow domestic walls
Where words come out from the depth of truth
Where the mind is led forward by thee
Into ever-widening thought and action Into that heaven of freedom

വന്ദേ മാതരം!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?