മാത്യു സൈമണ്‍
2017 ല്‍ പുറത്തിറങ്ങിയ ‘തീരന്‍ അധികാരം ഒണ്ട്രു’ എന്ന തമിഴ് കുറ്റാന്വേഷണ സിനിമ വന്‍വിജയമായിരുന്നു. 2005 ല്‍ ഓപ്പറേഷന്‍ ബവാരിയ എന്ന പേരില്‍ തമിഴ്‌നാട് പോലീസ് യഥാര്‍ത്ഥത്തില്‍ നടത്തിയ ഒരു കേസ് അന്വേഷണമാണ് ഇതിന്റെ കഥ. പത്തുവര്‍ഷത്തോളം രാജ്യത്തെ ഭീതിയിലാഴ്ത്തിയ കൊള്ളയുടെയും കൊലപാതകത്തിന്റയും പരമ്പരയായിരുന്നു പോലീസ് അന്വേഷിച്ചത്. കൊള്ളക്കാരുടെ കൂടെയുള്ള സ്ത്രീകള്‍ മോഷണത്തിനായി ഹൈവേയുടെ അടുത്തുള്ള എതെങ്കിലും വീട് പകല്‍ നോക്കി വെയ്ക്കുന്നതായിരുന്നു അവരുടെ രീതി. രാത്രി വീട്ടില്‍ കയറുന്ന കൊള്ളസംഘം കാണുന്നവരെയെല്ലാം ക്രൂരമായി കൊന്നൊടുക്കി വീട് ശവപ്പറമ്പാക്കിയശേഷം മോഷണം നടത്തി കടന്നുകളയും. ഈ കൊലപാതകരീതി എല്ലാവരുടെയും പേടിസ്വപ്‌നമായി മാറി.
ഇവരുടെ ഈ പ്രത്യേക ശൈലിയില്‍നിന്നും, ഇവര്‍ സാധാരണക്കാരല്ലെന്നും മ്യഗങ്ങളെ വേട്ടയാടുന്നതുപോലെ മനുഷ്യരെ കൊല്ലുന്നതിനാല്‍ ഇവര്‍ വേട്ടക്കാരായിരിക്കുമെന്നുമുള്ള നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു. അവസാനം അന്വേഷണം എത്തിച്ചേര്‍ന്നത് ഉത്തര്‍പ്രദേശിലെ ബവാരിയ എന്ന വേട്ടക്കാരായ ഗോത്ര വര്‍ഗക്കാരിലാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവരുടെ പൂര്‍വികര്‍ രാജാവിന്റെ പ്രത്യേക സൈനികരായിരുന്നുവെന്നും പിന്നീട് കാടുകയറിയതാണെന്നും പറയപ്പെടുന്നു. മൃഗങ്ങളെ വേട്ടയാടുന്നത് നിയമംമൂലം നിരോധിച്ചപ്പോള്‍ അവര്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ അവരില്‍ ഒരുസംഘം പണത്തിനോടുള്ള ആര്‍ത്തിമൂത്ത് മനുഷ്യരെ വേട്ടയാടാന്‍ ഇറങ്ങി. കാടുവിട്ട് നാട്ടിലിറങ്ങിയപ്പോഴും അവരുടെ കാടത്തത്തിന് മാറ്റം സംഭവിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു രാജ്യത്തുടനീളം നടത്തിയ കൊള്ളയുടെയും കൊലപാതകത്തിന്റെയും രീതികള്‍.
ഇത്തരത്തില്‍ പ്രാകൃത മനുഷ്യരുടെ ശൈലികളില്‍നിന്നും ആധുനിക മനുഷ്യനിലേക്ക് പരിണാമം സംഭവിക്കാത്ത മനുഷ്യര്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ചിലസംഭവങ്ങള്‍ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ഉദാഹരണത്തിന് ഗോത്രത്തിന്റെയും മതത്തിന്റെയും പേരില്‍ മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം, ഒരു പരിഷ്‌കൃത സമൂഹത്തില്‍ തന്നെയാണോ നാം ജീവിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു.
ഇത്തരം പൈശാചിക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ക്രൈസ്തവരെന്ന നിലയില്‍ നമുക്ക് കുറച്ചെങ്കിലും പശ്ചാത്താപം തോന്നാറുണ്ടോ? എന്തിനെന്നല്ലേ? എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നും പരസ്പരം സ്‌നേഹിച്ചും ക്ഷമിച്ചും ജീവിക്കണമെന്നുമുള്ള ക്രിസ്തുവിന്റെ സുവിശേഷം ലോകം മുഴുവന്‍ അറിയിക്കാന്‍ വൈകിച്ചതിനെ ഓര്‍ത്ത്. മത ജാതി ഗോത്ര വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും പരസ്പരം സ്‌നേഹിച്ചുകഴിയേണ്ടവരാണെന്ന് ലോകത്തോട് വിളിച്ചു പറയാനും അത് പ്രാവര്‍ത്തികമാക്കാനും നാം ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ടോ? അത് സാധിച്ചിരുന്നുവെങ്കില്‍ ഇത്തരം പൈശാചിക പ്രവര്‍ത്തനം നടത്തുന്നവരുടെ മാനസാന്തരം എന്നേ സാധ്യമായേനേ? കാരണം ”ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല” (മത്തായി 18:14) എന്ന് ഈശോ അസന്ദിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ചും സഹായിച്ചും ബഹുമാനിച്ചും കഴിയുന്നതാണ് യഥാര്‍ത്ഥ പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ക്രിസ്തുവിന്റെ സുവിശേഷത്തിനേ സാധിക്കൂ. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഗോത്രവര്‍ഗ ചിന്തകള്‍ക്കുമപ്പുറം മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട് പെരുമാറേണ്ട ജീവിതശൈലിയെക്കുറിച്ച് എല്ലാവരോടും പറയാന്‍, സ്വന്തം ജീവിതം കൊണ്ട് അത് കാണിച്ചുകൊടുക്കാന്‍ ഓരോ ക്രൈസ്തവനും ഉത്തരവാദിത്വമുണ്ട്. അത് ദൈവം എല്‍പ്പിച്ചതുതന്നെയാണ്. ഇക്കാര്യത്തില്‍ നാം അതിവേഗം ബഹുദൂരം പോകേണ്ടിയിരുന്നില്ലേ? ക്രിസ്തു ഭൂമിയില്‍ വന്ന് പഠിപ്പിച്ച പരസ്‌നേഹത്തിന്റ സുവിശേഷം 2000 വര്‍ഷങ്ങള്‍ക്കുശേഷവും സകല ജനതതികളും അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നമുക്കുതന്നെയല്ലേ?
സ്വന്തമായി അധ്വാനിച്ച് സമ്പത്തുണ്ടാക്കുന്നവരുണ്ട്. എന്നാല്‍ സമ്പന്നരാകാനുള്ള മറ്റൊരു മാര്‍ഗം സമ്പത്തുള്ള കുടുംബത്തില്‍ ജനിക്കുകയെന്നതാണ്. എല്ലാവര്‍ക്കും ആ സൗഭാഗ്യം ലഭിക്കണമെന്നില്ല. കാരണം അത് ദൈവനിശ്ചയമാണ്. എന്നാല്‍ ഈ സമ്പത്ത് സ്വാര്‍ത്ഥമായി ഉപയോഗിക്കാനല്ല ദൈവം നല്‍കിയിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനാണ്. അത്തരത്തില്‍ ക്രിസ്ത്യാനിയായി ജനിക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്നവര്‍ക്കുള്ള ഉത്തരവാദിത്വമാണ് അത് പങ്കുവയ്ക്കുകയെന്നത്. കൊടുക്കുംതോറും അത് വര്‍ധിക്കുമെന്നതില്‍ സംശയംവേണ്ടാ.
എന്നാല്‍ വിശ്വസം പങ്കുവയ്ക്കുന്നതിലും ഏറ്റുപറയുന്നതിലും നാം സ്വാര്‍ത്ഥരാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തനിക്കും കുടുംബത്തിനും വേണ്ടതെല്ലാം ദൈവം തന്നിട്ടുണ്ട്. അതുമതി, സന്തോഷം! ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എന്ത് സുവിശേഷം?! അതിനൊന്നും ഇപ്പോള്‍ നേരമില്ല, അല്ലെങ്കില്‍ ധൈര്യമില്ലായ്‌മോയോ നിസംഗതയോ… അന്യര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തനിക്കൊന്നുമില്ല എന്നിങ്ങനെ പോകുന്ന മനോഭാവങ്ങളില്‍ നാം മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം ചിന്തകള്‍ ക്രിസ്തു പഠിപ്പിച്ച സ്‌നേഹത്തിന് വിരുദ്ധമാണെന്ന് പറയാതെ വയ്യ.
Leave a Comment
Your email address will not be published. Required fields are marked with *