Follow Us On

21

April

2025

Monday

ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കാള്‍ അധികമാണ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍

ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കാള്‍  അധികമാണ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

വരള്‍ച്ച, വെള്ളപ്പൊക്കം, പ്രളയം, ഭൂമികുലുക്കം, കൊടുങ്കാറ്റ്, പകര്‍ച്ചവ്യാധികള്‍, ചില സാമ്പത്തിക തകര്‍ച്ചകള്‍ ഇങ്ങനെ പലതും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. രോഗങ്ങള്‍, മാറാവ്യാധികള്‍, അകാലമരണം ഇങ്ങനെ പലതും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ്. ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലത് ലോകത്തെ മുഴുവനോ ഒരു രാജ്യത്തെ മുഴുവനോ ഒരു പ്രദേശത്തെ മുഴുവനോ ഒക്കെ പ്രയാസത്തിലാക്കും. അതിന്റെ പ്രത്യാഘാതങ്ങള്‍ സ്ഥാപനങ്ങളിലേക്കും കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും എത്തും. ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ ചില സ്ഥാപനങ്ങളെയോ കുടുംബങ്ങളെയോ വ്യക്തികളെയോ മാത്രമേ ബാധിക്കുകയുള്ളൂ. അതിനാല്‍ അവയുടെ സാമൂഹ്യാഘാതം താരതമ്യേന കുറവായിരിക്കും.

ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍തന്നെ ലോകത്തും രാജ്യത്തും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും വ്യക്തികളിലും ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. കരകയറാന്‍ ഒരു വഴിയും കാണാതെ ഉഴലുകയാണ് ധാരാളം മനുഷ്യര്‍. ഹാപ്പിനെസ് ഇന്‍ഡക്‌സ് എന്നു പറയുന്ന ഒരു കാര്യമുണ്ട്. ഓരോ വ്യക്തിയും അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിനെ കാണിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. വരുമാനം, ആരോഗ്യം, സ്വാതന്ത്ര്യം, ഉദാരശീലം, അഴിമതിരാഹിത്യം തുടങ്ങിയ പല മാനദണ്ഡങ്ങള്‍വച്ചാണ് ഒരു രാജ്യത്തിന്റെ ഹാപ്പിനെസ് ഇന്‍ഡക്‌സ് കണക്കാക്കുക. ഹാപ്പിനെസ് ഇന്‍ഡക്‌സ് അനുസരിച്ച് ലോകരാജ്യങ്ങളെ ക്രമീകരിച്ചപ്പോ ള്‍ 2022-ല്‍ ഇന്ത്യയ്ക്ക് 136-ാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. 2023-ല്‍ ഹാപ്പിനെസ് ഇന്‍ഡക്‌സ് തയാറാക്കിയ 137 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 126 ആണ്. ഇന്ത്യ ഈ വിലയിരുത്തലിനെ അംഗീകരിച്ചിട്ടില്ല. എന്തായാലും ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ ഇന്ത്യ പുറകില്‍ ആണെന്നു വ്യക്തം.

ഈ സാഹചര്യത്തിലാണ് നമ്മുടെ രാജ്യത്തിലെ ജനങ്ങളുടെ ഹാപ്പിനെസ് ഇന്‍ഡക്‌സ് വീണ്ടും കുറക്കുന്ന, മനുഷ്യരുടെ ജീവിതത്തെ കൂടുതല്‍ ദുഃസഹമാക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കുന്നത്. ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ചിലത് രാജ്യത്തെ മുഴുവനും ബാധിക്കുന്നു; ചിലത് ബന്ധപ്പെട്ട സംസ്ഥാനങ്ങളെമാത്രം ബാധിക്കുന്നു; ചിലത് ബന്ധപ്പെട്ട പ്രദേശങ്ങളെമാത്രം ബാധിക്കുന്നു. വ്യക്തികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് കൂടുതല്‍ ബാധിക്കുക. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. മണിപ്പൂരിലെ കലാപം. മനുഷ്യര്‍ ഉണ്ടാക്കിയ പ്രശ്‌നമാണ്. ഇപ്പോള്‍ ഹരിയാനയില്‍ നടക്കുന്ന കലാപം മനുഷ്യര്‍ ഉണ്ടാക്കുന്നതാണ്. രാജ്യത്ത് നടക്കുന്ന നിരവധി അക്രമങ്ങള്‍, അടിപിടി, മോഷണം, കൊലപാതകങ്ങള്‍ തുടങ്ങിയവയെല്ലാം മനുഷ്യര്‍ ഉണ്ടാക്കുന്നതാണ്. മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും വ്യക്തിവിരോധത്തിന്റെ പേരിലും എല്ലാം മനുഷ്യര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ലഹരിയുടെ വ്യാപകമായ ഉത്പാദനവും കച്ചവടവും ഉപയോഗവും മനുഷ്യര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്.

പത്രമാസികകള്‍ തുറന്നാലും ദൃശ്യമാധ്യമങ്ങള്‍ നോക്കിയാലും നല്ല വാര്‍ത്തകള്‍ അധികമില്ല. ഉണ്ടായ പ്രശ്‌നങ്ങളുടെയും അതിലുപരി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെയും വിവരങ്ങളാണ് കൂടുതല്‍. കുടുംബത്തില്‍ തുടങ്ങി, സ്ഥാപനങ്ങള്‍, പ്രദേശങ്ങള്‍, സംസ്ഥാനങ്ങള്‍, രാജ്യം മുഴുവനും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എത്ര അധികമാണ്.
മനുഷ്യര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാംതന്നെ സ്വാര്‍ത്ഥതയില്‍നിന്നും അഹങ്കാരത്തില്‍നിന്നും ശത്രുതയില്‍നിന്നുമാണ് ഉണ്ടാകുന്നത്. മതങ്ങള്‍ തമ്മില്‍ ശത്രുത, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ശത്രുത, ഒരേ മതത്തിലെതന്നെ പല വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത, സമ്പത്തിന്റെ പേരിലുള്ള ശത്രുത, നീതിനിഷേധത്തിന്റെ പേരിലുള്ള ശത്രുത അങ്ങനെ എന്തെല്ലാം ശത്രുതകള്‍. യാക്കോബായ സഭയിലെ പ്രശ്‌നവും സീറോ മലബാര്‍ സഭയിലെ പ്രശ്‌നവും മനുഷ്യര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ്. ഇതുപോലെ വിവിധ മതങ്ങളെ പരിശോധിച്ചാല്‍, ആ മതത്തിന്റെ ഉള്ളില്‍ത്തന്നെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാണാം.

ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും കൂടിച്ചേരുമ്പോഴത്തെ അവസ്ഥ എന്താണ്? പട്ടിണി, ദാരിദ്ര്യം, തൊഴില്‍ ഇല്ലായ്മ, രോഗപ്രതിരോധം, ഇതിനൊക്കെ പരിഹാരം കാണാന്‍ ചെലവഴിക്കേണ്ട പണവും സമയവും അധികാരികളുടെ ശ്രദ്ധയും എല്ലാം പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍കൂടി മാറ്റിവയ്ക്കുന്നു. തന്മൂലം തീരേണ്ട പ്രശ്‌നങ്ങള്‍ തീരാതെ കിടക്കുന്നു. കുറയേണ്ട പ്രശ്‌നങ്ങള്‍ കുറയാതെ കിടക്കുന്നു. ഉണ്ടാകേണ്ട നന്മയും വളര്‍ച്ചയും ഉണ്ടാകാതിരിക്കുന്നു. അതിനുപുറമെ, നിരവധി പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.

ക്രൈമിന്റെ മണികോസ്റ്റിനെപ്പറ്റി നാം മനസിലാക്കണം. ഒരു കുറ്റം ആരെങ്കിലും ചെയ്യുമ്പോള്‍ പലവിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ഈ സാമ്പത്തിക നഷ്ടത്തെയാണ് ആ കുറ്റകൃത്യത്തിന്റെ മണികോസ്റ്റ് അഥവാ പണച്ചെലവ് എന്ന് പറയുന്നത്. ആ കുറ്റകൃത്യംമൂലം എന്തുമാത്രം സമ്പത്ത് നശിപ്പിക്കപ്പെടുന്നു. കെട്ടിടങ്ങള്‍ തകര്‍ക്കുന്നു. കൃഷി നശിപ്പിക്കുന്നു. കച്ചവടം നടക്കാതിരിക്കുന്നു. കര-വ്യോമയാന-ജലഗതാഗതങ്ങള്‍ മുടങ്ങുന്നു. വാഹനങ്ങള്‍ തകര്‍ക്കപ്പെടുന്നു. ജോലി ചെയ്യാന്‍ പറ്റാതെ വരുന്നു. അങ്ങനെ അനേക നഷ്ടങ്ങള്‍. അതിനുപുറമേ, ക്രമസമാധാന പാലനചെലവുകള്‍ കൂടുന്നു. നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നു. നശിപ്പിക്കപ്പെട്ടവ പുനര്‍നിര്‍മിക്കേണ്ടിവരുന്നു. കേസുകള്‍ നടത്താന്‍ ഭീമമായ തുകകള്‍ വേണ്ടിവരുന്നു.

വികസന കാര്യങ്ങള്‍ക്കും ക്ഷേമകാര്യങ്ങള്‍ക്കുമായി ഉപയോഗിക്കേണ്ടിയിരുന്ന എത്രയോ പണം ഇങ്ങനെ പാഴായി പോകുന്നു. കേരളത്തിന്റെ കാര്യംതന്നെ എടുക്കുക. വികസന പദ്ധതികള്‍ക്ക് പണം ഇല്ല. പലവിധ പെന്‍ഷനുകള്‍ കൊടുക്കാന്‍ പണമില്ല. ഇന്ധന കുടിശിക അടക്കാന്‍ പണമില്ല. സര്‍ക്കാര്‍ കൊടുത്തുവീട്ടാനുള്ള വലിയ തുകകള്‍ കുടിശികയായി കിടക്കുന്നു. നെല്ലിന്റെയും മറ്റും വില കൊടുക്കാന്‍ പറ്റുന്നില്ല. അങ്ങനെ നൂറുനൂറു കാര്യങ്ങള്‍. അതിനിടയ്ക്ക് മനുഷ്യര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എന്തുമാത്രം പണം നീക്കിവയ്‌ക്കേണ്ടിവരുന്നു. നഷ്ടപരിഹാരം, പോലീസ് അന്വേഷണങ്ങള്‍, കേസ് നടത്തിപ്പ് അങ്ങനെയങ്ങനെ…
ഉണ്ടാകുന്ന പ്രശ്‌നങ്ങളെ നമ്മള്‍ സഹിച്ചും അഭിമുഖീകരിച്ചും അതിജീവിച്ചുമേ പറ്റൂ. പക്ഷേ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറച്ചുകൂടേ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?